ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയ സാരാന്‍ഷ് ജെയ്‌നിനും ആഖിബ് നബിക്കും അഭിനന്ദനവുമായി ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷാ ഭോഗ്ലെ. മാത്രമല്ല ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് ഇരുവരുടെയും തെരഞ്ഞെടുപ്പുകള്‍ വലിയ പ്രോത്സാഹനമാണെന്നും ഭോഗ്ലെ പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടിലാണ് ഭോഗ്ലെ ഇക്കാര്യം പറഞ്ഞത്.

‘ആഖിബ് നബിയെയും അതിന് മുമ്പ് സാരാന്‍ഷ് ജെയിനെയും ദേശീയ ടീമിലേക്ക് പരിഗണിച്ചത് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണ്. ഒരു താരത്തിന് എത്ര വയസുണ്ടെന്നത് പ്രധാനമല്ല. തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ദേശീയ ടീമിലേക്കുള്ള അവസരത്തിന്റെ വാതില്‍ എപ്പോഴും തുറന്നുകിടക്കുന്നുണ്ടെന്നാണ് ഈ തെരഞ്ഞെടുപ്പുകള്‍ തെളിയിക്കുന്നത്,’ ഹര്‍ഷാ ഭോഗ്ലെ പറഞ്ഞു.

ആഖിബ് നബി

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുകയാണ് ഓഫ് സ്പിന്നിങ് ഓള്‍റൗണ്ടര്‍ സാരാന്‍ഷ് ജെയിനും പേസര്‍ ആഖിബ് നബിയും.

ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായും ഇന്ത്യ എ ടീമിനായും പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് 33കാരനായ സാരാന്‍ഷിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 54 മത്സരത്തിലെ 85 ഇന്നിങ്സില്‍ നിന്ന് 2223 റണ്‍സാണ് സാരാന്‍ഷ് നേടിയത്. രണ്ട് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും ഫോര്‍മാറ്റില്‍ താരം നേടി. ബൗളിങ്ങില്‍ 97 ഇന്നിങ്സില്‍ നിന്ന് 188 വിക്കറ്റുകളും 6/75 എന്ന മികച്ച പ്രകടനവും ജെയിന്‍ സ്വന്തമാക്കി. 10 ഫോര്‍ഫറും 10 ഫൈഫറുമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിന്റെ അക്കൗണ്ടിലുള്ളത്. ലിസ്റ്റ് എയില്‍ 47 മത്സരത്തിലെ 37 ഇന്നിങ്സില്‍ 553 റണ്‍സും 38 വിക്കറ്റും 33കാരം അക്കൗണ്ടിലാക്കിയിട്ടുണ്ട്.

സാരാന്‍ഷ് ജെയ്ന്‍

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ആഖിബ് നബിക്ക് ആദ്യമായാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. പരിക്ക് മൂലം സ്‌ക്വാഡില്‍ നിന്ന് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരമാണ് താരം ഇടം നേടിയത്. 2025-26 രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായിരുന്നു ആഖിബ് നബി. ജമ്മു കശ്മീരിന് ചരിത്രത്തിലെ ആദ്യ രഞ്ജി കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്കായിരുന്നു ആഖിബ് നബി വഹിച്ചത്. 2026ല്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ആഖിബാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 43 മത്സരങ്ങളില്‍ നിന്നും 162 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ മാസം ശ്രീലങ്കന്‍ എ ടീമിനെതിരെയുള്ള പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു ജമ്മു താരം നടത്തിയിരുന്നത്. രണ്ട് മത്സരങ്ങളില്‍ നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.

ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.

ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍, ആഖിബ് നബി ധാര്‍.

 

Content Highlight: Harsha Bhogle Talking About Auqib Nabi And Saransh Jain