ഇന്ത്യന്‍ ചരിത്രത്തിലെ ഒരേയൊരു താരം; വേട്ട തുടര്‍ന്ന് പാണ്ഡ്യ!
Cricket
ഇന്ത്യന്‍ ചരിത്രത്തിലെ ഒരേയൊരു താരം; വേട്ട തുടര്‍ന്ന് പാണ്ഡ്യ!
ശ്രീരാഗ് പാറക്കല്‍
Friday, 20th February 2026, 10:37 pm

ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. നാളെ നടക്കുന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് ഗ്രൂപ്പ് 2 മത്സരങ്ങളോടെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 22നാണ് സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

വരാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്‍ഡര്‍ ഹര്‍ദിക് പാണ്ഡ്യ ഒരു തകര്‍പ്പന്‍ റെക്കോഡു മായാണ് കളത്തിലിറങ്ങുന്നത്. ടി-20 ഫോര്‍മാറ്റില്‍ 6000+ റണ്‍സും 200 വിക്കറ്റുമുള്ള ഏക ഇന്ത്യന്‍ താരമെന്ന കിടിലന്‍ നേട്ടമാണ് ഹര്‍ദിക്ക് സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തിലായിരുന്നു പാണ്ഡ്യ 6000 ടി-20 റണ്‍സ് പൂര്‍ത്തിയാക്കിയത്. നിലവില്‍ ടി-20യില്‍ 323 ഇന്നിങ്‌സില്‍ നിന്ന് 6008 റണ്‍സും 222 വിക്കറ്റുമാണ് താരം സ്വന്തമാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ – Photo: Newsx

മാത്രമല്ല ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെക്കുന്നത്. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റും 87 റണ്‍സുമാണ് ഹര്‍ദിക് നേടിയത്. ഒരു അര്‍ധ സെഞ്ച്വറിയുള്‍പ്പെടെയാണ് താരത്തിന്റെ ബാറ്റിങ്. മധ്യ നിരയില്‍ ഹര്‍ദിക്കിന്റെ ഫിയര്‍ലെസ് ബാറ്റിങ് കരുത്ത് വരും മത്സരങ്ങളിലും കാണാന്‍ സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

അതേസമയം നാളെ (ഫെബ്രുവരി 21) നടക്കുന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് ഗ്രൂപ്പ് 2 മത്സരങ്ങളോടെയാണ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

സൂപ്പര്‍ 8ല്‍, പ്രത്യേകിച്ച് ഗ്രൂപ്പ് വണ്ണില്‍ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് തന്നെയായിരിക്കും ആരാധകര്‍ സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാത്ത ടീമുകള്‍ നാലുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്. ഇന്ത്യയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും പുറമെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും ഏത് ചാമ്പ്യന്‍ ടീമിനെയും മുട്ടുകുത്തിക്കാന്‍ പോന്ന സിംബാബ്‌വേയുമാണ് ഗ്രൂപ്പ് വണ്ണിലുള്ളത്.

പരാജയമറിയാത്ത നാല് ടീമും ഒരു ഗ്രൂപ്പിലെത്തിയപ്പോള്‍ ഗ്രൂപ്പ് 2ലെ എല്ലാ ടീമുകളും മൂന്ന് ജയവും ഓരോ തോല്‍വിയും കൈമുതലായി ഉള്ളവരാണ്. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് 2ലെ ടീമുകള്‍.

സൂപ്പര്‍ 8ല്‍ ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. മൂന്ന് വീതം മത്സരമായിരിക്കും ഓരോ ടീമുകളും കളിക്കുക. സൂപ്പര്‍ 8ന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.

Content Highlight: Hardik Pandya In Great Record Achievement In T20 For India

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ