ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.
ഇപ്പോള്‍ പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീര്‍ നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ടീം മികച്ച പ്രകടനം നടത്താതിരിക്കുമ്പോള്‍ എന്തുകൊണ്ടാണ് പരിശീലകനെ എല്ലാവരും കുറ്റപ്പെടുത്തുന്നതെന്നാണ് ഹര്‍ഭജന്‍ ചോദിക്കുന്നത്.
ഗംഭീറിന്റെ സംസാര രീതി അദ്ദേഹം അല്പം കടുപ്പമുള്ള ആളാണെന്ന് പലര്‍ക്കും തോന്നിക്കുമെന്നും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ വ്യക്തമാക്കി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.
‘ഗൗതം എന്തിനാണ് ഇത്രയധികം വിമര്‍ശനം നേരിടുന്നതെന്ന് എനിക്കറിയില്ല. ഒരു ടീം മികച്ച പ്രകടനം നടത്താത്തപ്പോള്‍ എല്ലാവരും പരിശീലകനെയാണ് കുറ്റപ്പെടുത്തുന്നത്. പക്ഷേ അതെന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്കറിയാവുന്ന ഗൗതം കളിച്ച കാലങ്ങളില്‍ വളരെ ആത്മാര്‍ത്ഥതയുടെ ആവേശത്തോടെ ഉണ്ടായിരുന്ന ആളാണ്. ടീമിനായിരുന്നു അദ്ദേഹം എപ്പോഴും പ്രാധാന്യം നല്‍കിയിരുന്നത്.
ഗംഭീര്‍ ആദ്യം ടീമില്‍ എത്തിയപ്പോള്‍ കുറച്ച് ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. ഡ്രസിങ് റൂമില്‍ പരിചയപ്പെട്ടതിനുശേഷമാണ് അദ്ദേഹം അടുത്ത സുഹൃത്തുക്കളെ ഉണ്ടാക്കിയത്. യുവതാരമായിരുന്ന സമയങ്ങളില്‍ അദ്ദേഹം തെരഞ്ഞെടുത്ത കുറച്ച് താരങ്ങളുമായി മാത്രമാണ് കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത്. വീരേന്ദ്രര്‍ സെവാഗ്, അമിത് മിശ്ര, മുനാഫ് പട്ടേല്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ സുഹൃത്തുക്കളില്‍ ചിലര്‍.
ഇപ്പോഴും അവര്‍ സുഹൃത്തുക്കളാണോയെന്ന് എനിക്കറിയില്ല. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ഗൗതം വളരെ നല്ല വ്യക്തിയാണ്. അദ്ദേഹം കാര്യങ്ങള്‍ നേരിട്ട് പറയുന്ന ആളാണെന്ന്. അദ്ദേഹത്തിന് വാക്കുകള്‍ ചിലപ്പോള്‍ മറ്റുള്ള ആളുകള്‍ക്ക് കടുപ്പമായി തോന്നാം.
അദ്ദേഹം പറയുന്നത് സത്യങ്ങളാണ്. ഇപ്പോള്‍ പലര്‍ക്കും അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു പക്ഷേ സംസാരരീതി കാരണം ചിലര്‍ക്ക് അദ്ദേഹം അല്പം കടുപ്പമുള്ള ആളാണ് എന്ന് തോന്നുന്നതാകാം,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.
Content Highlight: Harbajan Singh talks about Gautam Gambhir