ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പ്രശംസയുമായി മുന്‍ താരം ഹനുമ വിഹാരി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് വിഹാരി കുല്‍ദീപിനെക്കുറിച്ച് സംസാരിച്ചത്.

വിന്‍ഡീസ് ആദ്യ മത്സരത്തില്‍ മികച്ച സ്‌കോറിലേക്ക് പോകുമെന്ന് തോന്നിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ വലിയ മാറ്റമാണ് താരം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടും കുല്‍ദീപിന് സ്ഥിരമായി അവസരങ്ങള്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

‘വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്സ് ആരംഭിച്ച രീതി കണ്ടപ്പോള്‍ 350-360 റണ്‍സ് വരെ അവര്‍ നേടുമെന്ന് ഞാന്‍ കരുതി. എന്നാല്‍ മത്സരത്തില്‍ നിര്‍ണായക മാറ്റമുണ്ടാക്കിയത് കുല്‍ദീപ് യാദവാണ്. അദ്ദേഹം ഒരു മാച്ച് വിന്നറാണ്, അത് വീണ്ടും തെളിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ബൗളിങ് പ്രതിസന്ധിയിലായപ്പോള്‍ കുല്‍ദീപ് ട്രംപ് കാര്‍ഡായി മാറി. നാല് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്.

വാലറ്റക്കാരുടെ വിക്കറ്റുകള്‍ മാത്രമല്ല കുല്‍ദീപ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ മികച്ച തുടക്കത്തിനും അദ്ദേഹം തടയിട്ടു. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. കുല്‍ദീപിന് എന്തുകൊണ്ടാണ് സ്ഥിരമായി അവസരങ്ങള്‍ നല്‍കാത്തതെന്ന് എനിക്ക് മനസിലാകുന്നില്ല,’ ഹനുമ വിഹാരി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.കുല്‍ദീപ് യാദവ്

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ താരവും കുല്‍ദീപായിരുന്നു. താരത്തിന് പുറമെ പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യ വിജയത്തിലേക്ക് കുതിച്ചത്.

അതേസമയം വിന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് (സെപ്റ്റംബര്‍ 30) ബര്‍സാപാര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ പരമ്പരയിലെ രണ്ടാം മത്സരം ഏറെ നിര്‍ണായകമാണ്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാനാകും. അതേസമയം പരമ്പര വിജയിക്കാന്‍ എന്തുവില നില്‍കിയും ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കാനാണ് വിന്‍ഡീസ് കച്ച മുറുക്കുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്സ്വാള്‍, നമന്‍ ധീര്‍.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ജോണ്‍ ക്യാംപ്‌ബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, മാത്യു ഫോര്‍ഡ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, അമീര്‍ ജാംഗൂ (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, വിടെല്‍ ലോസ്, ഗുഡാകേഷ് മോട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്‌

Content Highlight: Hanuma Vijari Praises Indian Spinner Kuldeep Yadav