ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് നടക്കാനിരിക്കുന്ന ‘ജന്തര്‍ മന്തര്‍ 2.0’ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി കര്‍ശന സുരക്ഷാ കോഡ് പുറത്തിറക്കി സംഘാടകര്‍. ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല (സീറോ ടോളറന്‍സ്) എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ സുരക്ഷാ നിര്‍ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ശരീരത്തെയും വ്യക്തിപരമായ ഇടങ്ങളെയും ബഹുമാനിക്കുക, മറ്റുള്ളവരുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിക്കുകയോ, മോശമായി പെരുമാറുകയോ, പിന്തുടരുകയോ ചെയ്യരുതെന്നുംസുഹൃത്തിനൊപ്പം എത്തി വലിയ ആള്‍ക്കൂട്ടത്തില്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കാതെ വരാന്‍ സാധ്യതയുള്ളതിനാല്‍, ആരെങ്കിലും വേര്‍പെട്ടുപോയാല്‍ എവിടെ വെച്ച് കാണണം എന്ന് മുന്‍കൂട്ടി തീരുമാനിക്കുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ആള്‍ക്കൂട്ടത്തില്‍ പരസ്പരം സംരക്ഷിക്കുക, ആള്‍ക്കൂട്ടം കൂടുമ്പോള്‍ സ്ത്രീകളും ക്വീര്‍ വ്യക്തികളും ഒറ്റപ്പെടാതിരിക്കാന്‍ അവരുടെ കൈകള്‍ കോര്‍ത്തുപിടിച്ച് ഒപ്പം നില്‍ക്കുക.അതിക്രമം കണ്ടാല്‍ ഇടപെടുക അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2-3 പേര്‍ ചേര്‍ന്ന് ആ വ്യക്തിയുടെ അരികില്‍ നില്‍ക്കുകയും, അതിക്രമം നടത്തുന്നയാളും ആ വ്യക്തിയും തമ്മില്‍ തടസം സൃഷ്ടിക്കുകയും ചെയ്യുക, സഹായം ആവശ്യമുള്ളവരുടെ അരികില്‍ നിന്ന് അവര്‍ക്ക് വേണ്ടത് ചോദിച്ചറിയുക, ഒരിക്കലും അവരെ സംശയത്തോടെ കാണുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്, അഭിജിത് ദീപ്‌കെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
കൂടാതെ പ്രതിഷേധത്തിനിടയില്‍ ആര്‍ക്കെങ്കിലും അരക്ഷിതാവസ്ഥ തോന്നുകയോ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ കാണുകയോ ചെയ്താല്‍, അത് വീഡിയോ ആയി പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ ?@cockroachjantapatry എന്ന ഐഡിയിലേക്ക് നേരിട്ട് അയച്ചുനല്‍കാനും നിര്‍ദേശത്തില്‍ അറിയിച്ചു.
അതേസമയം തനിക്ക് മേല്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ തനിക്ക് ഭയമില്ലെന്നും അഭിജിത് ദീപ്‌കെ പറഞ്ഞിരുന്നു.
‘ജന്തര്‍ മന്തറിലേക്കുള്ള ഞങ്ങളുടെ മാര്‍ച്ച് നാളെ നടക്കാന്‍ പോവുകയാണ്. നാളെ രാവിലെ ഞാന്‍ മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്ക് തിരിക്കും. ദല്‍ഹിയില്‍ എത്തുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് എനിക്കറിയില്ല. വിമാനത്താവളത്തില്‍ വെച്ചോ പിന്നീട് എപ്പോഴെങ്കിലുമോ എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് പറയാനാവില്ല. എനിക്ക് തീര്‍ച്ചയുമില്ല.
എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, ഞാന്‍ പിന്മാറാന്‍ പോകുന്നില്ല. ഭീഷണിക്ക് വഴങ്ങാനും ഞാന്‍ തയ്യാറല്ല, കാരണം നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെ നമ്മള്‍ സംരക്ഷിച്ചേ തീരൂ. നിങ്ങളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ്, തടങ്കലിലാക്കപ്പെടുമെന്നോ അറസ്റ്റ് ചെയ്യപ്പെടുമെന്നോ ഉള്ള ഭയം എനിക്കില്ല. ഈ സര്‍ക്കാര്‍ എനിക്കെതിരെ യു.എ.പി.എയോ എന്‍.എസ്.എയോഅല്ലെങ്കില്‍ മറ്റേതെങ്കിലും നിയമമോ പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഞാന്‍ പോരാടുന്ന ലക്ഷ്യം, സി.ജെ.പി പോരാടുന്ന ലക്ഷ്യം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ എന്നതാണ്,’ ഇന്നലെ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
Content Highlight: “Gyanu, it’s done, bro; Jantar Mantar 2.0: CJP issues strict security guidelines.”
