വംശഹത്യയിൽ പങ്കാളികളാകില്ല; യൂണിയൻ രൂപീകരിക്കാനൊരുങ്ങി ഗൂഗിൾ എ.ഐ ജീവനക്കാർ
World
വംശഹത്യയിൽ പങ്കാളികളാകില്ല; യൂണിയൻ രൂപീകരിക്കാനൊരുങ്ങി ഗൂഗിൾ എ.ഐ ജീവനക്കാർ
മുഹമ്മദ് നബീല്‍
Tuesday, 5th May 2026, 10:29 pm

ഇംഗ്ലണ്ട്: ഗൂഗിളിന്റെ യു.കെയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലെ ജീവനക്കാർ യൂണിയൻ രൂപീകരിക്കാൻ ഒരുങ്ങുന്നു. ഗൂഗിളിന്റെ സാങ്കേതികവിദ്യ അമേരിക്ക ഇറാനെതിരെ യുദ്ധം ചെയ്യാനും, ഇസ്രഈൽ ഫലസ്തിനെതിരെയും ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കയെത്തുടർന്നാണ് ഈ നീക്കം.

ഇന്ന് (ചൊവ്വ) യു.കെയിലെ ജീവനക്കാർ തങ്ങളുടെ പ്രതിനിധികളായ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയനെയും (സി.ഡബ്യു.യു) യുണൈറ്റ് യൂണിയനെയും അംഗീകരിക്കണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡിനോട് (Google DeepMind) ഔദ്യോഗികമായി ആവശ്യപ്പെട്ടു. ആഗോളതലത്തിൽ ഒരു പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ ആദ്യത്തെ യൂണിയൻ രൂപീകരണ ശ്രമമായി ഇത് മാറിയേക്കാമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

ഡീപ്‌മൈൻഡിലെ സി.ഡബ്ല്യു.യു അംഗങ്ങൾക്കിടയിൽ നടന്ന ആഭ്യന്തര വോട്ടെടുപ്പിൽ 98 ശതമാനം പേരും യൂണിയൻ രൂപീകരണത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇസ്രഈലും അമേരിക്കൻ സൈന്യവും ഗൂഗിൾ എ.ഐ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഡീപ്‌മൈൻഡിലെ ജീവനക്കാർ ആവശ്യപ്പെടുന്നത്.

എ.ഐ ആയുധങ്ങളോ നിരീക്ഷണ സംവിധാനങ്ങളോ വികസിപ്പിക്കില്ലെന്ന മുൻപത്തെ വാഗ്ദാനം നടപ്പാക്കുക, ഒരു സ്വതന്ത്ര ധാർമ്മിക മേൽനോട്ട സമിതി രൂപീകരിക്കുക, ധാർമ്മികമായ കാരണങ്ങളാൽ പ്രോജക്റ്റുകളിൽ സഹകരിക്കാതിരിക്കാനുള്ള വ്യക്തിഗത അവകാശം ഉറപ്പാക്കുക എന്നിവയും തൊഴിലാളികൾ ഉയർത്തുന്ന ആവശ്യങ്ങളാണ്.

ഈ ക്യാമ്പയിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഡീപ്‌മൈൻഡിലെ ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള പണിമുടക്കുകളും ആലോചിക്കുന്നുണ്ട്.

‘തങ്ങൾ വികസിപ്പിച്ച എ.ഐ മോഡലുകൾ അന്താരാഷ്ട്ര നിയമലംഘനങ്ങളിൽ ഉപയോഗിക്കപ്പെടണമെന്ന് ഒരു തൊഴിലാളിയും ആഗ്രഹിക്കുന്നില്ല. എന്നാൽ അവ ഇതിനോടകം തന്നെ ഫലസ്തീനെതിരായുള്ള ഇസ്രഈലിന്റെ വംശഹത്യയെ സഹായിച്ചുകൊണ്ടിരിക്കുകയാണ്.’ പേര് വെളിപ്പെടുതാത്ത ഒരു ജീവനക്കാരൻ പറഞ്ഞു.

യൂണിയൻ രൂപീകരിക്കാനുള്ള നീക്കം ഗൂഗിൾ ഡീപ്‌മൈൻഡിന്റെ ലണ്ടൻ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുറഞ്ഞത് 1000 ജീവനക്കാർക്കെങ്കിലും പ്രതിനിധ്യം ഉറപ്പാക്കും.

തൊഴിലാളികൾ നൽകിയ കത്തിൽ, സി.ഡബ്ല്യു.യു, യുണൈറ്റ് എന്നീ യൂണിയനുകളെ അംഗീകരിക്കാനോ, ചർച്ചകൾക്ക് തയ്യാറാകാനോ തൊഴിലാളികൾ മാനേജ്‌മെന്റിന് 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ, നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.

Content Highlight: Google AI employees plan to form union,

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം