ന്യൂയോര്‍ക്ക്: ഇസ്രഈല്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാന്‍ കുന്നുകള്‍ സിറിയയുടെ പ്രദേശമായി തന്നെ തുടരുമെന്ന് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറാ.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി പ്രമേയങ്ങള്‍ പ്രകാരം പ്രദേശം കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രഈലിന്റെ എല്ലാ നടപടികളും അസാധുവാണെന്നും അദ്ദേഹം പറഞ്ഞതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു. യു.എന്‍ പൊതുസഭയുടെ 81-ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോലാന്‍ കുന്നുകളില്‍ ഇസ്രഈല്‍ നടത്തുന്ന അധിനിവേശ നടപടികള്‍ യു.എന്‍ സുരക്ഷാസമിതി പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര നിയമത്തിനും വിരുദ്ധമാണെന്നും അല്‍ ഷറാ പറഞ്ഞു.

‘ഗോലാന്‍ സിറിയന്‍ ഭൂമിയായി തന്നെ തുടരും’ എന്നായിരുന്നു അല്‍ ഷറായുടെ പ്രഖ്യാപനം. ഗോലാനില്‍ അധികാരം സ്ഥാപിക്കാനുള്ള നടപടികള്‍ യു.എന്‍ സുരക്ഷാസമിതി പ്രമേയം 497 പ്രകാരം അസാധുവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1981ല്‍ ഗോലാന്‍ കുന്നുകളില്‍ ഇസ്രഈല്‍ നിയമവും ഭരണസംവിധാനവും പ്രയോഗിക്കാന്‍ തീരുമാനിച്ച നടപടി ഈ പ്രമേയം അസാധുവും നിയമപരമായ പ്രാബല്യമില്ലാത്തതുമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇസ്രഈല്‍ സിറിയക്കെതിരെ ഏകദേശം 500 വ്യോമ, പീരങ്കി ആക്രമണങ്ങളും 1,200ലേറെ കടന്നുകയറ്റങ്ങളും 300ഓളം അറസ്റ്റുകളും തടങ്കലുകളും നടത്തിയെന്നാണ് അല്‍ ഷറായുടെ വാദം. ഇത്തരം നടപടികള്‍ സിറിയയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

1974ലെ സിറിയ-ഇസ്രഈല്‍ സേനാ പിന്മാറ്റ കരാറിനോട് ഇപ്പോഴും പ്രതിബദ്ധമാണെന്നും അല്‍ ഷറാ വ്യക്തമാക്കി. 2024 ഡിസംബര്‍ 8ന് മുമ്പുണ്ടായിരുന്ന രേഖകളിലേക്ക് ഇസ്രഈല്‍ സേന പിന്‍വാങ്ങണമെന്ന ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു.

മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ ഇസ്രഈല്‍ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2025 ഡിസംബറില്‍ ഗോലാന്‍ വിഷയത്തില്‍ യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 123 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചതും അല്‍ ഷറാ പ്രസംഗത്തില്‍ പറഞ്ഞു.

പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം അന്ന് വിട്ടുനിന്ന രാജ്യങ്ങള്‍ സുരക്ഷാസമിതി പ്രമേയം 497ന്റെ നിലപാട് പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

2024 ഡിസംബറില്‍ ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിന് അന്ത്യം കുറിച്ചതിന് ശേഷമുള്ള അല്‍ ഷറായുടെ രണ്ടാമത്തെ യു.എന്‍ പൊതുസഭാ പ്രസംഗമായിരുന്നു ഇത്.

Content Highlights: Golan will remain Syria’; Al-Sharaa at UN against Israeli occupation