തരുണ്‍ തേജ്പാലിന് ജീവപര്യന്തം വേണം; സുപ്രീം കോടതിയെ സമീപിച്ച് ഗോവ സര്‍ക്കാര്‍
India
തരുണ്‍ തേജ്പാലിന് ജീവപര്യന്തം വേണം; സുപ്രീം കോടതിയെ സമീപിച്ച് ഗോവ സര്‍ക്കാര്‍
അഞ്ജു ചന്ദ്രന്‍
Wednesday, 19th August 2026, 11:46 am

ന്യൂദല്‍ഹി: 2013ലെ ബലാത്സംഗക്കേസില്‍ മുന്‍ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ജീവപര്യന്തം വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഗോവ സര്‍ക്കാര്‍.

ഹെക്കോടതി വിധിച്ച പത്ത് വര്‍ഷത്തെ കഠിന തടവ് ജീവപര്യന്തമാക്കി ഉയര്‍ത്തണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ ഹരജിയില്‍ ഉന്നയിച്ചത്.

2013 നവംബറില്‍ ഗോവയിലെ ഒരു ആഡംബര ഹോട്ടലില്‍ തെഹല്‍ക്ക സംഘടിപ്പിച്ച പരിപാടിക്കിടെ ലിഫ്റ്റിനുള്ളില്‍വെച്ച് ജൂനിയര്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു തേജ്പാലിനെതിരായ കേസ്. തുടര്‍ന്ന് ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഗോവ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് 2013 നവംബറില്‍ തേജ്പാലിനെ അറസ്റ്റ് ചെയ്യുകയും 2014 ജൂലൈയില്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. 2021 ല്‍ ഗോവ സെഷന്‍സ് കോടതി കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും 2026ഓഗസ്റ്റ് 6ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് തേജ്പാലിനെ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി പത്ത് വര്‍ഷത്തെ കഠിന തടവിന് ശിക്ഷ വിധിച്ചു.

കുറ്റം തെളിഞ്ഞതായി കണ്ടെത്തിയെങ്കിലും സംഭവം നടന്നിട്ട് 13 വര്‍ഷം പിന്നിട്ടതും പിന്നീട് മറ്റൊരു ക്രിമിനല്‍ പശ്ചാത്തലവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും പരിഗണിച്ചാണ് പരമാവധി ശിക്ഷയായ ജീവപര്യന്തത്തിന് പകരം നിയമപ്രകാരം കുറഞ്ഞ ശിക്ഷയായ പത്ത് വര്‍ഷം ഹൈക്കോടതി വിധിച്ചത്.

കേസിലെ കുറ്റക്കാരനെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്നതല്ല, ശിക്ഷയുടെ കാലാവധി മാത്രമാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നതെന്ന് ഹരജിയില്‍ പറയുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഭാരതീയ ന്യായസംഹിതയിലെ ബലാത്സംഗം, ലൈഗിക പീഡനം, വസ്ത്രം നീക്കം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് തേജ്പാലിനെ ഹൈക്കോടതി ശിക്ഷിച്ചത്.

Content Highlights: Goa government moves Supreme Court seeking life imprisonment for Tarun Tejpal.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.