പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിക്കിടക്കയില്‍ നിന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം. ദല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന പരീക്കര്‍ ആശുപത്രിയില്‍വെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

” അദ്ദേഹം ആശുപത്രിയിലായിരിക്കാം. നിങ്ങള്‍ സുഖം പ്രാപിക്കുമെന്ന് കരുതുന്നു. ആശുപത്രിയിലിരിക്കെ നിങ്ങള്‍ ആളുകളെ വിളിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി എനിക്ക് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നു.” ഗോവയിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ ചെല്ലകുമാര്‍ പറഞ്ഞു.

ഭരണപരമായ കാര്യങ്ങളെക്കുറിച്ച് പരീക്കര്‍ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്ന് ഗോവയിലെ ബി.ജെ.പി സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ പ്രസിഡന്റ് വിജയ് സര്‍ദേശായി വ്യാഴാഴ്ച മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

Also Read:ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടം: മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കാണാതായി

ഗോവയിലെ 1.44 ലക്ഷം കോടിയുടെ നിയമവിരുദ്ധ ഖനന അഴിമതിയില്‍ പരീക്കറിന് പങ്കുണ്ടെന്ന ആരോപണം ലോകായുക്ത അന്വേഷിക്കുകയാണെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്നും ചെല്ലകുമാര്‍ ആവശ്യപ്പെട്ടു.

” മനോഹര്‍ പരീക്കര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കപ്പെടട്ടേയെന്ന് ഇപ്പോഴും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ദൈവം അദ്ദേഹത്തിന് ദീര്‍ഘായുസ്സ് നല്‍കട്ടെ. പക്ഷേ ഇതെല്ലാം അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയെന്നത് എന്റെ ഉത്തരവാദിത്തമാണ്. ഇക്കാലത്തിനിടെ പല മന്ത്രിമാര്‍ക്കെതിരെയും നിങ്ങള്‍ പല നടപടികള്‍ക്കും തുടക്കമിട്ടു. എല്ലാ അഴിമതി ആരോപണങ്ങളിലും നിങ്ങള്‍ പരാതി നല്‍കി. അവരില്‍ ചിലരുടെ സ്വത്തുക്കള്‍ നിങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇപ്പോള്‍ നിങ്ങളുടെ ഊഴമാണ്” എന്നും ചെല്ലകുമാര്‍ വ്യക്തമാക്കി.