ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച് മലയാള സിനിമയിൽ ഇന്ന് സജീവമായി നിൽക്കുന്ന നടനാണ് ജിബിൻ ഗോപിനാഥ്.
വ്യക്തിജീവിതത്തിൽ പൊലീസായ ജിബിൻ പാഷൻ ആയ സിനിമയെ കൈവിട്ടില്ല. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഡിയസ് ഇറെ യിൽ മധു സൂധനൻ പോറ്റി ആയി എത്തി ഞെട്ടിക്കുന്ന പ്രകടനമാണ് ജിബിൻ കാഴ്ചവെച്ചത്.

തുടക്കത്തിൽ ചെറിയ വേഷങ്ങളിലൂടെ തന്റെ മികവ് തെളിയിച്ച ജിബിൻ 2018 എന്ന ചിത്രത്തിലെ ബാസ്റ്റിൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ഇൻഡസ്ട്രിയൽ ഹിറ്റ് ചിത്രം വാഴയിലും പ്രധാന വേഷത്തിൽ എത്തി. ഇപ്പോൾ വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കത്തിൽ പ്രധാന പോലീസ് വേഷത്തിൽ എത്തുന്നു.

ജിബിൻ ഗോപിനാഥ്. Photo: TMDB

ഇപ്പോൾ ലാലേട്ടന്റെ രണ്ടുമക്കളോടൊപ്പവും അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജിബിൻ. മൂവി വേൾഡ് ഒറിജിനൽസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘രണ്ടുപേരും ഭയങ്കര സിമ്പിളാണ്, വളരെ കാഷ്വലുമാണ്. എല്ലാവരോടും വളരെ കാര്യമായിട്ട് ഇടപഴകുന്ന ആളുകളാണ്; എന്ത് കാര്യമുണ്ടെങ്കിലും വന്ന് സംസാരിക്കും. അവർക്ക് അങ്ങനെ പ്രത്യേകിച്ച് പ്രത്യേകതയൊന്നുമില്ല, നമുക്കാണ് അങ്ങനെ തോന്നുന്നത്.

പ്രണവ്, വിസ്മയ മോഹൻലാൽ. Samakalika Malayalam

നമ്മളെപ്പോലെ തന്നെയാണ് അവരും. ഇവർ എവിടെനിന്ന് വരുന്നു എന്നുള്ള നമ്മുടെ തിരിച്ചറിവാണ് നമ്മളെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്. അവർ നമ്മളെപ്പോലെ ചിന്തിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്.

ആദ്യം എനിക്കൊരു കൗതുകമുണ്ടായിരുന്നു, ലാൽ സാറിന്റെ ഫാമിലിയാണല്ലോ, ലാൽ സാറിന്റെ മക്കളാണല്ലോ എന്നൊക്കെ. എന്നാൽ പ്രണവിനെ കണ്ടപ്പോൾ തന്നെ എനിക്കത് മാറിക്കിട്ടിയിരുന്നു. പിന്നെ ഉറപ്പായിരുന്നു വിസ്മയയ്ക്കും മാറ്റം വരാൻ വഴിയില്ല എന്ന്. ഇപ്പോൾ കൂടെ വർക്ക് ചെയ്തപ്പോൾ മനസ്സിലായി ഒരു മാറ്റവുമില്ലെന്ന്. രണ്ടുപേരും ഒരുപോലെയാണ്,’ജിബിൻ പറയുന്നു.

Content Highlight: Gipin Gopinath talks about Paranav and Vismaya mohanlal