സ്‌കൂളിലേക്ക് റോഡില്ല; ഉത്തര്‍പ്രദേശില്‍ ജെന്‍ ആല്‍ഫ പ്രതിഷേധം; ദേശീയപതാകയേന്തി കളക്ട്രേറ്റിലേക്ക് മാര്‍ച്ച്
Student protests
സ്‌കൂളിലേക്ക് റോഡില്ല; ഉത്തര്‍പ്രദേശില്‍ ജെന്‍ ആല്‍ഫ പ്രതിഷേധം; ദേശീയപതാകയേന്തി കളക്ട്രേറ്റിലേക്ക് മാര്‍ച്ച്
ശ്രീലക്ഷ്മി പി.പി
Wednesday, 12th August 2026, 4:35 pm

ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിലെ ചന്ദുപൂർ ഗ്രാമപഞ്ചായത്തിൽ സ്കൂളിലേക്കുള്ള റോഡിന്റെ ദുരവസ്ഥക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

ദേശീയപതാകകളുമായി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികളുടെ വീഡിയോ വൈറലായതോടെയാണ് സംഭവം വ്യാപക ചർച്ചയായത്.

ചന്ദുപൂർ ഗ്രാമപഞ്ചായത്തിലെ ഗംഗാവ കാ ഡേര, ബച്ചി കാ ഡേര തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള 200-ലധികം വിദ്യാർത്ഥികളും 50-ഓളം രക്ഷിതാക്കളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇവരിൽ കൂടുതലും പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളായിരുന്നു.

വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെയാണ് ഇവർ സ്കൂളിലെത്തുന്നത്. മഴക്കാലത്ത് വഴി മുഴുവൻ ചെളിനിറയുന്നതോടെ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താനും രോഗികളെ ആശുപത്രിയിലെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.

ഇതിന് മുമ്പും റോഡ് നിർമിക്കണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. തുടർന്ന് താൽക്കാലിക പരിഹാരമായി റോഡിൽ മണ്ണിട്ടെങ്കിലും മഴ പെയ്തതോടെ അത് വീണ്ടും ചെളിപാതയായി മാറി.

ദേശീയപതാകകളും ബാനറുകളുമായി കളക്ടറേറ്റിലെത്തിയ വിദ്യാർത്ഥികളെ പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും അവർ പ്രതിഷേധം തുടർന്നു. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പമാണ് ജില്ലാ ഭരണകൂട ഓഫീസിലേക്ക് എത്തിയത്.

സംഭവത്തിൽ പ്രതികരിച്ച ഹമീർപൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാർ, റോഡ് നിർമാണത്തിനായുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചതായി അറിയിച്ചു.

പദ്ധതിക്കാവശ്യമായ വനംവകുപ്പിന്റെ എൻ.ഒ.സി ലഭിച്ചിട്ടുണ്ടെന്നും ഏകദേശം 1.81 കോടി രൂപ ചെലവുള്ള പദ്ധതിയാണ് സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ അനുമതി ലഭിക്കുന്നതോടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.

അതേസമയം, റോഡ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

Content Highlight :Gen Alpha Students Protest in Uttar Pradesh, March to Collectorate with National Flag

 

 

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.