ഫ്രഞ്ച് ഇന്റര്‍നാഷണല്‍ കിലിയന്‍ എംബാപ്പെ പി.എസ്.ജി വിടുമെന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫ്രഞ്ച് ക്ലബ്ബ് വിട്ട് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ എംബാപ്പെ ചേരുമെന്നായിരുന്നു ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ വാര്‍ത്ത തള്ളുകയാണിപ്പോള്‍ പി.എസ്.ജി താരം. ക്ലബ്ബില്‍ താന്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും ക്ലബ്ബില്‍ തുടരുമെന്നും എംബാപ്പെ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഈ സീസണില്‍ റയലില്‍ ചേരുമെന്ന വാര്‍ത്തകള്‍ കള്ളമാണെന്ന് എംബാപ്പെയും ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
‘നുണയാണിത്. പി.എസ്.ജിയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അടുത്ത സീസണില്‍ പി.എസ്.ജിയില്‍ തുടരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്,’ ഇതുസംബന്ധിച്ച് പ്രചരിക്കുന്ന ഒരു വാര്‍ത്ത പങ്കുവെച്ച് എംബാപ്പെ ട്വീറ്റ് ചെയ്തു.
പി.എസ്.ജിയില്‍ ഒരു വര്‍ഷത്തെ കരാറാണ് എംബാപ്പെക്ക് അവശേഷിക്കുന്നത്. ഒരു വര്‍ഷം കൂടി ആവശ്യമെങ്കില്‍ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുണ്ടെങ്കിലും 2024ന് അപ്പുറത്തേക്ക് പി.എസ്.ജിയില്‍ തുടരില്ല എന്ന് എംബാപ്പെ ഇതിനകം ക്ലബിനെ അറിയിച്ചിട്ടുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
MENSONGES…❌
En même temps plus c’est gros plus ça passe. J’ai déjà dis que je vais continuer la saison prochaine au PSG où je suis très heureux. https://t.co/QTsoBQvZKU— Kylian Mbappé (@KMbappe) June 13, 2023
അതേസമയം, കഴിഞ്ഞ സീസണിലും എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാര്യത്തില്‍ റയല്‍ പരിശീലകന് ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നിരുന്നാലും റയല്‍ മാനേജ്മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാന്‍ താത്പര്യമുണ്ടെന്നും താരത്തെ സൈന്‍ ചെയ്യാനായി സ്പാനിഷ് ക്ലബ്ബ് ശ്രമം തുടരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: French superstar Kylian Mbappe has dismissed reports that he will soon join Real Madrid after leaving PSG
