ഞങ്ങള്‍ തമ്മില്‍ ഒരിക്കലും തര്‍ക്കങ്ങളുണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്
Cricket
ഞങ്ങള്‍ തമ്മില്‍ ഒരിക്കലും തര്‍ക്കങ്ങളുണ്ടായിട്ടില്ല; തുറന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്
ശ്രീരാഗ് പാറക്കല്‍
Tuesday, 4th August 2026, 6:01 pm

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിഞ്ഞതിന് പിന്നാലെ മുന്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബെന്‍ സ്റ്റോക്‌സ്. ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായെന്ന പ്രചാരണങ്ങള്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് തള്ളി. മക്കല്ലവുമായി തര്‍ക്കങ്ങളുണ്ടായിട്ടില്ലെന്നും എന്നാല്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു എന്ന് സ്റ്റോക്‌സ് പറഞ്ഞു.

‘ഞങ്ങള്‍ തമ്മില്‍ ഒരിക്കലും തര്‍ക്കങ്ങളുണ്ടായിട്ടില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ഞങ്ങള്‍ക്കിടയില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ രണ്ടുപേരും സമ്മതിക്കുന്നു. ‘ബാസ്’ (ബ്രണ്ടന്‍ മക്കല്ലം) തന്നെയും അത് തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള അകല്‍ച്ചയോ വഴക്കോ ഉണ്ടായിട്ടില്ല,’ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു.

ബ്രെൻഡൻ മക്കല്ലം, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ന്യൂസിലന്‍ഡിനെതിരെ അടുത്തിടെ അവസാനിച്ച ഹോം ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്ന് ബെന്‍ സ്‌റ്റോക്‌സും മുഖ്യ പരിശീലകന്റെ സ്ഥാനത്ത് നിന്ന് ബ്രണ്ടന്‍ മക്കല്ലവും മാറിയത്. ന്യൂസിലാന്‍ഡ് പരമ്പരയില്‍ തന്റെ ദീര്‍ഘകാല ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചുകൊണ്ടായിരുന്നു സ്റ്റോക്‌സ് ക്യാപ്റ്റന്‍സി കൈമാറിയത്. നിലവില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത് സൂപ്പര്‍ ബാറ്റര്‍ ജോ റൂട്ടാണ്. പരിശീലകനായി ചുമതലയേറ്റത് സ്റ്റീഫന്‍ ഫ്‌ളെമ്മിങ്ങാണ്.

15 വര്‍ഷത്തെ കരിയറിന് വിരമിട്ടാണ് സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ താരത്തിന്റെ അരങ്ങേറ്റം 2011ലായിരുന്നു.

അതേവര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ കളത്തിലിറങ്ങി ടി- 20യിലും സ്റ്റോക്‌സ് അരങ്ങേറി. 2013ലായിരുന്നു ഓള്‍റൗണ്ടറുടെ ടെസ്റ്റ് അരങ്ങേറ്റം. 2022 തൊട്ട് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനവും താരം ഏറ്റെടുത്തു.

ഇംഗ്ലണ്ട് ജേഴ്‌സിയില്‍ ഇതുവരെ സ്റ്റോക്സ് 11276 റണ്‍സെടുത്തിട്ടുണ്ട്. 218 ടെസ്റ്റ് ഇന്നിങ്‌സില്‍ കളിച്ച താരം 7228 റണ്‍സാണ് ഇതുവരെ നേടിയത്. 14 സെഞ്ച്വറികളും 37 അര്‍ധ സെഞ്ച്വറികളും താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ അടിച്ചിട്ടുണ്ട്. 180 ഇന്നിങ്‌സില്‍ നിന്ന് 246 വിക്കറ്റുകളും 35കാരന്‍ വീഴ്ത്തി.

ഏകദിനത്തില്‍ 99 ഇന്നിങ്‌സില്‍ നിന്ന് 3463 റണ്‍സാണ് സ്റ്റോക്സിന്റെ സമ്പാദ്യം. അഞ്ച് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളുമാണ് 50 ക്രിക്കറ്റില്‍ താരം നേടിയിട്ടുള്ളത്. 88 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ താരം 74 വിക്കറ്റുകളും കരസ്ഥമാക്കി. ടി – 20യില്‍ 585 റണ്‍സ് നേടിയപ്പോള്‍ 26 വിക്കറ്റുകളാണ് ഓള്‍റൗണ്ടര്‍ വീഴ്ത്തിയത്.

ഇംഗ്ലണ്ടിനൊപ്പം രണ്ട് തവണ താരം വിശ്വവിജയിയായി. 2019 ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയും 2022 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയുമായിരുന്നു സ്റ്റോക് ഇംഗ്ലണ്ടിനൊപ്പം ലോകചാമ്പ്യനായത്.

Content Highlight: Former England Captain Ben Stokes Talking About Brendon Mccullum

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ