വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യൻ ടീമിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആഖിബ് നബിയുടെ വൈറ്റ്ബോൾ കഴിവിൽ ആശങ്ക പ്രകടിപിച്ച് മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര.
കൂടാതെ മറ്റ് പേസർമാരെ മറികടന്ന് പ്ലെയിങ് ഇലവനിൽ ഇടം നേടുക അദ്ദേഹത്തിന് എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ താരം.
‘ആഖിബ് നബി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെങ്കിലും, അദ്ദേഹത്തിന് കളിയിൽ അവസരം ലഭിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്. ടീമിൽ എടുത്തതുകൊണ്ട് മാത്രം കാര്യമായില്ല, അവസരം നൽകേണ്ടതുണ്ട്. അദ്ദേഹം വൈറ്റ്-ബോൾ ക്രിക്കറ്റിന് അനുയോജ്യനാണോ? കാര്യമായ പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിയുമോ?,’ അദ്ദേഹം ചോദിച്ചു.
2026 ലെ ഏഷ്യൻ ഗെയിംസിൽ ജസ്പ്രീത് ബുംറ, അർഷ്‌ദീപ് സിങ് തുടങ്ങിയ പ്രീമിയർ പേസർമാരെ ഉൾപ്പെടുത്തിയതോടെയാണ് ജമ്മു കശ്‌മീർ താരം ഇന്ത്യൻ ടീമിലേക്ക് അപ്രതീക്ഷിതമായി ഇടം നേടിയത്.
കരിയറിൽ 36 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 56 വിക്കറ്റുകൾ വീഴ്ത്തി ആഖിബ് നബി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമായും റെഡ്ബോൾ പ്രകടനത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കളത്തിലറിങ്ങിയപ്പോൾ പ്രതീക്ഷക്കോത്ത് അദ്ദേഹത്തിന് മികവ് തെളിയിക്കാൻ സാധിച്ചില്ല. ലേലത്തിൽ 28.40 കോടി രൂപയുടെ വൻ തുകയ്ക്ക് ടീമിലേക്ക് വന്ന പേസർക്ക് അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിക്കറ്റ് നേടാൻ കഴിഞ്ഞില്ല.

ആഖിബ് നബി
സെപ്റ്റംബര്‍ 27 ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാള്‍, നമന്‍ ധീര്‍.
Content Highlights: Former cricketer Aakash Chopra has expressed concerns about the white-ball abilities of Aaqib Nabi, who was recently selected in the Indian team for the ODI series against West Indies
