[]തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാവര്‍ക്കും സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്, ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമ പ്രകാരം കൂടുതല്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കുമെന്ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്കുള്ള പഴം, പച്ചക്കറി, പാല്‍ മുതലായവ ചെക്കുപോസ്റ്റുകളില്‍വച്ചുതന്നെ പരിശോധിക്കുന്നതിന് മൊബൈല്‍ ലാബുകള്‍ വിന്യസിപ്പിക്കും.  സര്‍ക്കാര്‍ ലാബുകള്‍ 45.5 കോടിരൂപ ചെലവില്‍ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോകഭക്ഷ്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും “സുരക്ഷിത ഭക്ഷണ വ്യാപാരരീതികള്‍”” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരടങ്ങുന്ന ഭക്ഷ്യസംരംഭകര്‍ക്കായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

ക.മുരളീധരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.  മേയര്‍ കെ.ചന്ദ്രിക, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍, ജോയിന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

സെമിനാറില്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.ആര്‍.രാധാകൃഷ്ണന്‍നായര്‍, മണ്ണൂത്തി കേരള വെറ്ററിനറി ആന്റ് അനിമല്‍സ് സയന്‍സസിലെ ഡോ.ജോര്‍ജ്ജ്.റ്റി.ഉമ്മന്‍,

കൊച്ചി സിഐഎഫ്റ്റിയിലെ ഡോ.ടി.വി.ശങ്കര്‍, തിരുവനന്തപുരം കാര്‍ഷിക കോളേജിലെ  ഡോ.തോമസ് ജോര്‍ജ്ജ്, കോന്നി സിഎഫ്ആര്‍ഡിയിലെ ചീഫ് അനലിസ്റ്റ് ഗ്രേസ് ബേബി, സിഎസ്‌ഐആര്‍ നിസ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ.പി.നിഷ, എം.വി.രേഷ്മ, ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫുഡ് സേഫ്ടി കണ്‍സള്‍ട്ടന്റ് എം.സുനില്‍കുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.