ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് മുന്‍ ചാമ്പ്യന്‍മാരുടെ വിജയം.
ദല്‍ഹി ഉയര്‍ത്തിയ 143 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 34 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇതോടെ കൊല്‍ക്കത്ത ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. ഫിന്‍ അലന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്.
മിന്നും പ്രകടനത്തിന് പുറമെ ഫിന്‍ അലന്‍ ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് കിവീസ് താരത്തിന് സാധിച്ചത്. ബ്രെണ്ടന്‍ മക്കല്ലവും ആന്ദ്രേ റസലുമാണ് ഈ നേട്ടത്തില്‍ താരത്തിന്റെ മുന്നിലുള്ളത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹിക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയത് പാതും നിസങ്കയാണ്. 29 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. അശുതോഷ് ശര്‍മ 28 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി. രാഹുല്‍ 23 റണ്‍സും നേടി കൂടാരം കയറിയിരുന്നു. മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയായി.
Content Highlight: Finn Allen becomes third player to hit most sixes in an IPL innings for Kolkata Knight Riders