2026 ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്പാനിഷ് ടീമിന് മേല്‍ ആതിഥേയരായ അമേരിക്ക നികുതി ചുമത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിജയികള്‍ക്ക് ലഭിച്ച സമ്മാനത്തുകയില്‍ നിന്നും 30 ശതമാനത്തോളം അമേരിക്കന്‍ നികുതി വകുപ്പായ ഐ.ആര്‍.എസ് (Internal Revenue Service) നികുതി ചുമത്താനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്നുള്ള വരുമാനമായതിനാലാണ് ഫെഡറല്‍ നികുതിയായി ഈ തുക ഈടാക്കാനൊരുങ്ങുന്നത്.

അമേരിക്കന്‍ നിയമപ്രകാരം, രാജ്യത്തിനുള്ളില്‍ വെച്ച് നടത്തുന്ന കായിക പ്രകടനങ്ങളിലൂടെയും മത്സരങ്ങളിലൂടെയും വിദേശ കായികതാരങ്ങള്‍ നേടുന്ന വരുമാനത്തിന് പൊതുവെ 30% ഫെഡറല്‍ ടാക്‌സ് ബാധകമാണ്.

ഡൊണാള്‍ഡ് ട്രംപും ഫിഫ പ്രസിഡന്റും

അന്താരാഷ്ട്ര നികുതി ഉടമ്പടികള്‍ വഴി ഇതില്‍ ചില ഇളവുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും, ടീമുകള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയുടെ കാര്യത്തില്‍ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുത്ത 48 രാജ്യങ്ങളില്‍ 18 രാജ്യങ്ങള്‍ക്ക് മാത്രമാണ് അമേരിക്കയുമായി നേരിട്ട് നികുതി ഉടമ്പടികളുള്ളത്.

സ്പെയ്ന്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്ന കരാറുകള്‍ നിലവിലുണ്ടെങ്കിലും ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇത്തരം ഉടമ്പടികള്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് സമ്മാനത്തുകയുടെ വലിയൊരു വിഹിതം നികുതിയായി നഷ്ടപ്പെടും.

ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുകയായ 871 മില്യണ്‍ ഡോളറില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ഏതെങ്കിലും തരത്തില്‍ അമേരിക്കന്‍ നികുതി നിയമങ്ങള്‍ ബാധകമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

അമേരിക്കന്‍ ഫെഡറല്‍ നികുതിക്ക് പുറമെ, മത്സരങ്ങള്‍ നടന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതിയും താരങ്ങള്‍ നല്‍കേണ്ടി വരും. ഫൈനല്‍ മത്സരം നടന്ന ന്യൂജേഴ്സി പോലുള്ള സംസ്ഥാനങ്ങള്‍ അന്താരാഷ്ട്ര നികുതി ഉടമ്പടികളെ അംഗീകരിക്കുന്നില്ല. അതിനാല്‍ ഫൈനലില്‍ കളിച്ച സ്പാനിഷ്, അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് ഇവിടെ നിന്നുള്ള വരുമാനത്തിന് പ്രത്യേക സംസ്ഥാന നികുതിയും നല്‍കേണ്ടി വരും.

കായികതാരങ്ങള്‍ക്കെതിരെയുള്ള ഈ കടുത്ത നികുതി നീക്കത്തിനെതിരെ അമേരിക്കന്‍ ജനപ്രതിനിധികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഈ നീക്കത്തെ പകല്‍ക്കൊള്ള എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ടിം ബെര്‍ചെറ്റ് വിശേഷിപ്പിച്ചത്. വിദേശികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിന് പകരം അവരുടെ പണം കവരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

സാധാരണ തൊഴിലാളികളെപ്പോലെ കഠിനാധ്വാനം ചെയ്യുന്ന കായികതാരങ്ങളില്‍ നിന്ന് 30% നികുതി ഈടാക്കുന്നത് നിലവിലെ നികുതി വ്യവസ്ഥയിലെ തകരാറാണെന്നായിരുന്നു അമേരിക്കന്‍ മ്യൂസീഷന്‍ ജോനാഥന്‍ ജാക്സണ്‍ പറഞ്ഞത്.

ഫിഫ നേരിട്ട് താരങ്ങള്‍ക്കല്ല, മറിച്ച് അതത് രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കാണ് പ്രൈസ് മണിയും മറ്റ് തുകയും കൈമാറുന്നത്. ഫെഡറേഷനുകള്‍ക്ക് നികുതി ഇളവുകള്‍ ലഭിച്ചാലും, അവര്‍ വഴി താരങ്ങള്‍ക്കും കോച്ചുകള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും വിതരണം ചെയ്യുന്ന വരുമാനത്തിന് നികുതി ബാധകമായിരിക്കും.

 

Content Highlight:  FIFA World Cup: Reports says Spain face up to 30% tax on prize money