രണ്ട് ജയമകലെ ചരിത്രം; ഇറ്റലിക്കും ബ്രസീലിനും മാത്രമുള്ള റെക്കോഡില്‍ നോട്ടമിട്ട് മെസിപ്പട
FIFA World Cup 2026
രണ്ട് ജയമകലെ ചരിത്രം; ഇറ്റലിക്കും ബ്രസീലിനും മാത്രമുള്ള റെക്കോഡില്‍ നോട്ടമിട്ട് മെസിപ്പട
ഫസീഹ പി.സി.
Tuesday, 14th July 2026, 9:44 am

2026 ഫിഫ ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 48 ടീമുകളുമായി തുടങ്ങിയ ടീമില്‍ ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍ മാത്രമാണ്. നാല് മത്സരങ്ങൾ മാത്രമാണ് 23ാം എഡിഷനില്‍ ഇനി ശേഷിക്കുന്നത്.

ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെയാണ് (ജൂലൈ 15) തുടക്കമാവുന്നത്. ആദ്യ സെമിയില്‍ ഫ്രാന്‍സും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇംഗ്ലണ്ടും പരസ്പരം പോരടിക്കും. ജൂലൈ 16നാണ് രണ്ടാം സെമി ഫൈനല്‍.

സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ എത്തിയാല്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് ഒരു അപൂര്‍വ ചരിത്രനേട്ടത്തിനുള്ള അവസരമുണ്ട്. ഈ ലോകകപ്പിലും കിരീടമണിഞ്ഞാല്‍ മെസിയുടെ നീലപ്പടയ്ക്ക് കപ്പ് നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന ചരിത്രം സ്വന്തമാക്കാന്‍ സാധിക്കും.

ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് കിരീടം നിലനിര്‍ത്തിയിട്ടുള്ളത്. ഇത് അഞ്ച് കിരീടങ്ങളുള്ള ബ്രസീലും നാല് തവണ കപ്പുയര്‍ത്തിയ ഇറ്റലിയുമാണ്. 1934ലും 1938 കപ്പുയര്‍ത്തി അസൂറിപ്പടയാണ് ആദ്യമായി ഈ നേട്ടത്തിന് ഉടമകളായത്.

1934ല്‍ ചെക്കോസ്ലോവാക്യയെ പരാജയപ്പെടുത്തിയാണ് ഇറ്റലിയുടെ ആദ്യ കിരീടനേട്ടം. വിറ്റോറിയോ പോസോയുടെ സംഘം അടുത്ത ലോകകപ്പിലും തങ്ങളുടെ കിരീടനേട്ടം ആവര്‍ത്തിച്ചു. 1938ല്‍ ഹംഗറിയെ തകര്‍ത്തെറിഞ്ഞാണ് കപ്പ് നിലനിര്‍ത്തുന്ന ആദ്യമായി ടീമായി അസൂറിപ്പട തങ്ങളുടെ പേര് ചരിത്രത്തില്‍ കുറിച്ചത്.

1938 ലോകകപ്പ് വിജയിച്ച ഇറ്റലി ടീം. Photo: Wikipedia.com

അതിനുശേഷം 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീല്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1958 ആദ്യ കപ്പുയര്‍ത്തിയ കാനറികള്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ ലോകകപ്പിലും കിരീടം മറ്റാര്‍ക്കും വിട്ടുനല്‍കിയില്ല. സ്വീഡനെ തകര്‍ത്തെറിഞ്ഞായിരുന്നു ബ്രസീല്‍ തങ്ങളുടെ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്.

1962ല്‍ ചെക്കോസ്ലോവാക്യയെ ഫൈനലില്‍ പരാജയപ്പെടുത്തി ഇതിഹാസതാരം പെലെയടക്കമുള്ള കാനറിപ്പട ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയിലെത്തി. ഒപ്പം കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമെന്ന പട്ടവും അവര്‍ തങ്ങളുടെ പേരിലാക്കി.

1962 ലോകകപ്പ് നേടിയ ബ്രസീൽ ടീം. Photo: Nostalgia Futbolera/facebook.com

അതിനുശേഷം 16 ലോകകപ്പ് എഡിഷനുകള്‍ അവസാനിച്ചു. കിരീടത്തിന് പല അവകാശികളുമെത്തി. എന്നാല്‍, മറ്റൊരു ടീമിനും തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ജേതാക്കളാവുന്ന അപൂര്‍വ നേട്ടത്തിലെത്താന്‍ സാധിച്ചില്ല. ജര്‍മനിയും അര്‍ജന്റീനയും ഫ്രാന്‍സുമെല്ലാം ഒന്നിലധികം തവണ കിരീടമുയര്‍ത്തിയെങ്കിലും ഈ റെക്കോഡ് തകര്‍ക്കപ്പെടാതെ തുടര്‍ന്നു.

2022 ലോകകപ്പുമായി അർജന്റീന ടീം.

ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് വെറും രണ്ട് ജയമകലെ ഈ നേട്ടത്തില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. എന്നാല്‍, മെസിപ്പടയ്ക്ക് അതിന് സാധിക്കുമോ എന്നത് കണ്ടുതന്നെ അറിയണം.

Content Highlight: FIFA World Cup 2026: if Argentina won trophy they can join Italy and Brazil teams who defend FIFA World Cup in the history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.