2026 ഫിഫ ലോകകപ്പില്‍ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്. ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെയാണ് ഹാരി കെയ്‌നിന്റെ സംഘം തകര്‍ത്തുവിട്ടത്. രണ്ടിനെതിരെ നാല് ഗോളുകളാണ് ടീമിന് വിജയം.
Three points for the Three Lions 🏴#FIFAWorldCup
നായകന്‍ കെയ്നിന്റെ ഇരട്ട ഗോള്‍ മികവാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 12ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് താരത്തിന്റെ ആദ്യ ഗോള്‍ നേട്ടം. ഒന്നാം പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ടുകള്‍ ബാക്കിനില്‍ക്കെയായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. 42ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്.
മത്സരത്തില്‍ ഗോളടിച്ചതോടെ കെയ്ന്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. മൂന്ന് വ്യത്യസ്ത ഫിഫ ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് ക്യാപ്റ്റന്‍ തന്റെ പേരില്‍ കുറിച്ചത്.
കഴിഞ്ഞ മൂന്ന് ലോകകപ്പ് എഡിഷനിലും ഗോള്‍ നേടിയാണ് ഹാരിയുടെ ഈ നേട്ടം. 2018, 2022, 2026 ലോകകപ്പുകളിലാണ് താരം വല കുലുക്കിയത്.
ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ ആദ്യ താരം. 1998, 2002, 2006 ലോകകപ്പുകളാണ് താരം ഗോളടിച്ചത്.
അതേസമയം, തുടക്കത്തിൽ തന്നെ എതിരാളികൾ ലീഡെടുത്തിട്ടും ഒട്ടും പതറാതെ കുതിച്ച ക്രൊയേഷ്യ 36ാം മിനിട്ടിൽ സമനില പിടിച്ചു. മാര്‍ട്ടിന്‍ ബറ്റുറിനയാണ് ടീമിന് ഗോള്‍ സമ്മാനിച്ചത്.
എന്നാല്‍, 42ാം മിനിട്ടില്‍ സുന്ദരമായ ഹെഡറിലൂടെ കെയ്ന്‍ വീണ്ടും ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ക്രോട്ടുകള്‍ വീണ്ടും ഒപ്പമെത്തി. ഇത്തവണ പീറ്റര്‍ മൂസയുടെ വകയായിരുന്നു ഈ ഗോള്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ട് മറ്റൊരു ഗോള്‍ കൂടി ക്രൊയേഷ്യയുടെ വലയിലെത്തിച്ചു. 47ാം മിനിട്ടില്‍ ജൂഡ് ബില്ലിങ്ഹാമാണ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ അഞ്ച് മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മര്‍ക്കസ് രാഷ്ഫോര്‍ഡ് ഇംഗ്ലീഷ്പടയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
Content Highlight: FIFA World Cup 2026: Harry Kane has become second England player to score at three separate FIFA World Cup tournaments along with David Beckham