കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിന്റെ തര്‍ക്കങ്ങളില്‍ വധശിക്ഷ ഒരു സ്വാഭാവിക പരിഹാരമായി വരുന്നത് ഒരു സമൂഹമെന്ന നിലയില്‍ മലയാളികളെ പിടിച്ചുലച്ചേ മതിയാകൂ. അതൊരു സ്വാഭാവിക രാഷ്ട്രീയ നീതിയായി നാം കണ്ടുതുടങ്ങിയിട്ട് നാളുകളേറെയായി എന്നതാണ് കാര്യം. അതുകൊണ്ടാണ് കൊല്ലപ്പെട്ടവരുടെ ജാതകം തപ്പി ഇറങ്ങുകയും പൊതുവായ സമാധാന പ്രസ്താവനകള്‍ക്ക് ശേഷം അടുത്ത ശ്ലോകത്തിലേക്ക് കടക്കുകയും ചെയ്യുന്നത്. ഒരു സമൂഹം എന്ന നിലയില്‍ മലയാളികളും ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ സി.പി.ഐ.എമ്മും കടുത്ത രാഷ്ട്രീയ സംവാദങ്ങളും സ്വയംവിമര്‍ശനവും നടത്തേണ്ട ഘട്ടമാണിത്. ഒരു ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയില്‍ നാം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത കൂടി അതിലുണ്ട്.

ആര്‍.എസ്.എസിന്റെ ഹിന്ദുത്വ ഭീകരതയോട് ഏറ്റുമുട്ടിക്കൊണ്ടാണ് സി.പി.ഐ.എമ്മിന്റെ കൊലപാതകശേഷി വളര്‍ന്നത് എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഹിന്ദുത്വ ഭീകരതയുടെ പ്രത്യയശാസ്ത്ര പദ്ധതിയുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കു പരിശീലനം ലഭിച്ച, ചോരപ്പുഴയൊഴുക്കിയ വര്‍ഗീയലഹളകള്‍ സംഘടിപ്പിച്ചതിനു ശേഷം പൂജയില്‍ പൂന്താനമായി സാംസ്‌കാരിക ശിബിരങ്ങളിലേക്ക് വിശ്രമിക്കാനിരിക്കുന്ന ആര്‍.എസ്.എസിന്റെ രാഷ്ട്രീയമല്ല കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ രാഷ്ട്രീയം.

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളാകട്ടെ കമ്മ്യൂണിസ്റ്റ് വര്‍ഗ രാഷ്ട്രീയത്തിന്റെ ഭാഗവുമല്ല. അത് വര്‍ഗ്ഗരാഷ്ട്രീയം കയ്യൊഴിയുന്നു ഒരു സംഘടന, അതിന്റെ സംഘടനാപരമായ അച്ചടക്ക ചട്ടക്കൂടും പ്രവര്‍ത്തന രീതികളും നിലനിര്‍ത്തുകയും പ്രത്യയശാസ്ത്രപരമായ വര്‍ഗസമര രാഷ്ട്രീയത്തെ പ്രായോഗികമായി കയ്യൊഴിയുകയും ചെയ്യുമ്പോള്‍ അതിനുണ്ടാകുന്ന ഭീതിദമായ പരിണാമത്തിന്റെ നേര്‍ചിത്രമാണ് സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന കൊലപാതകങ്ങള്‍.

പ്രതികളെ പിടിക്കും, അക്രമികളെ പുറത്താക്കും, പാര്‍ട്ടിയില്‍ വെച്ച് പൊറുപ്പിക്കില്ല തുടങ്ങിയ പ്രസ്താവനകളെല്ലാം വെറും പൊള്ളയായ തടിയൂരാനുള്ള തട്ടിപ്പുകളായി മാത്രമേ സമീപകാല ചരിത്രത്തെ നോക്കിയാല്‍ എടുക്കാനാകൂ. എന്ത് രാഷ്ട്രീയമാണ് ഈ പാര്‍ട്ടി അതിന്റെ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും പകര്‍ന്നു നല്‍കുന്നത് എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

തൊഴിലാളി വര്‍ഗ്ഗരാഷ്ട്രീയബോധം ഒരു സംഘടനാ വിദ്യാഭ്യാസം മാത്രമല്ല, അത് നിരന്തരമായ സമരാനുഭവം കൂടിയാണ്. ഈ രണ്ടു തലത്തിലും വര്‍ഗ്ഗരാഷ്ട്രീയബോധം ഊട്ടിയുറപ്പിക്കാനാവശ്യമായ രാഷ്ട്രീയ വിദ്യാഭ്യാസം നിരന്തരം നടത്തുക എന്നതൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന കടമയാണ്. ഈ രാഷ്ട്രീയം ആ സംഘടനയ്ക്ക് തന്നെ നഷ്ടപ്പെടുമ്പോള്‍ അച്ചടക്കമുള്ള, അതിന്റെ സംഘടനാ സംവിധാനം അണിചേര്‍ന്ന്, വരിതെറ്റാതെ പ്രകടനത്തിന് പോകുന്ന അതെ സംയമനത്തോടെ ഒരു കൊലപാതകത്തെയും കാണാന്‍ തയ്യാറാകും.

അതിന്റെ രാഷ്ട്രീയം അവര്‍ക്ക് അപ്രസക്തമാണ്, സംഘടനാപരമായ ആശീര്‍വാദവും പിന്തുണയും ന്യായീകരണവുമുണ്ടെങ്കില്‍ അതെല്ലാം വീരേതിഹാസവും പ്രായോഗികതയും കൈപ്പിഴയുമെല്ലാമായി പല രൂപങ്ങളില്‍ അവതരിക്കും. അതൊരു അച്ചടക്കമുള്ള ജനവിരുദ്ധ യന്ത്രമാകും. ഒരു പ്രത്യയശാസ്ത്ര പദ്ധതി എന്ന നിലയില്‍ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഇത്തരത്തിലൊരു സംഘടനാ യന്ത്രത്തിനെ ആവശ്യപ്പെടുന്നു. എന്നാല്‍ ബഹുജന സമരങ്ങളുടെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മുന്നോട്ടുപോക്കിനു അത്തരത്തിലൊരു സംഘടനയല്ല വേണ്ടത്. അതിന്റെ അച്ചടക്കം അനുസരണയോടെ അച്ചടക്കമല്ല, ജനാധിപത്യ നീതിയുടെ ലോകത്തേക്കുള്ള യാത്രയുടെ കൃത്യത ഉറപ്പുവരുത്തല്‍ മാത്രമാണ്.

വര്‍ഗ്ഗരാഷ്ട്രീയ സമര സംഘര്‍ഷങ്ങളാല്‍ അസ്വസ്ഥവും അശാന്തവും സംഘര്‍ഷഭരിതവുമായ ഒരു സമൂഹം നമ്മെ ഭയപ്പെടുത്തേണ്ടതില്ല. അത് വര്‍ഗങ്ങള് തമ്മിലുള്ള, അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷകരും തമ്മിലുള്ള, ഭരണകൂടവും അതിന്റെ ഇരകളും തമ്മിലുള്ള, നാഗരികതയുടെ മുന്നോട്ടുപോക്കില്‍ കൂടുതല്‍ നീതിയുക്തമായ സാമൂഹ്യബന്ധങ്ങള്‍ക്കുവേണ്ടിയുള്ള ഏറ്റുമുട്ടലുകളാണ്. എന്നാല്‍ അത്തരത്തിലുള്ള രാഷ്ട്രീയ, സാമൂഹ്യ സംഘര്‍ഷത്തിന്റെ പരിസരമില്ലാത്ത, വെറും കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയക്കളികള്‍ മാത്രം മുഖ്യമായും നടക്കുന്ന, ഒരു മുഖ്യധാരാ തെരഞ്ഞെടുപ്പ് രാഷ്ട്രീയകക്ഷിമത്സരത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ ആധുനിക സാമൂഹ്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന മാഫിയ പ്രവര്‍ത്തനമാണ്.

ഇത്രയും കാലത്തെ കൊലപാതകങ്ങളെല്ലാം എടുത്തുനോക്കിയാല്‍ മുഖമില്ലാത്ത ഏതോ ഒരു കാലാള്‍പ്പടയാളി, വെറുപ്പും പകയും കുത്തിനിറച്ച് ഉന്മാദിയായ കൊലപാതകചക്രത്തിലെ ഒരു ആരക്കാലോ ആണിയോ, അല്ലെങ്കില്‍ ഒരു തേര്‍ചക്രം കാക്കുന്നവന്‍, കാഹളമോ കൊടിക്കൂറയോ ഏന്തി വരിയിലൊരാള്‍, അങ്ങനെ പോയാലും വന്നാലും ഒരെണ്ണം മാത്രമായ ആരെങ്കിലുമൊക്കെയാണ് വീണുപോകാറുള്ളത്. എവിടെയോ നടന്ന ഒരു കൊലയുടെ വൃത്താന്തമറിയാതെ, ഇതാ വരുന്നു എന്ന് വരണമെന്നാഗ്രഹിക്കുന്ന ആരോടൊക്കെയോ പറഞ്ഞിറങ്ങുന്ന ഒരാള്‍, ഒരിടവഴിയുടെ പൊന്തപ്പടര്‍പ്പിനടുത്ത് എന്തിന്, എന്തിനു എന്ന് ചോദിക്കാന്‍ പോലും സമയം കിട്ടാതെ പിടഞ്ഞുവീഴുന്നതിനയും രാഷ്ട്രീയം എന്നാണു നമ്മള്‍ വിളിക്കുന്നതെങ്കില്‍ നമ്മുടെ കണ്ണാടികള്‍ നാം തല്ലിപ്പൊട്ടിക്കേണ്ടിയിരിക്കുന്നു.

എന്തുതരം മനുഷ്യരെയാണ് ഈ സംഘടനകള്‍ സൃഷ്ടിക്കുന്നത് എന്നവര്‍ സ്വയംവിമര്‍ശനം നടത്തുന്നില്ലെങ്കില്‍ കേരളത്തിന്റെ പൊതുസമൂഹം അതിനവരെ നിര്‍ബന്ധിതരാക്കണം. ഇതൊരു സി.പി.ഐ.എം കേന്ദ്രീകൃത പ്രശ്‌നമായി മാത്രമാണ് കാണുന്നതെങ്കില്‍ ജനാധിപത്യ സമൂഹത്തെക്കുറിച്ചല്ല, മറിച്ച് ഇത്തരം കൊലപാതകങ്ങളെ സാധ്യമാക്കുന്ന ക്ഷുദ്രമായ ബോധത്തില്‍ത്തന്നെയാണ് നിങ്ങള്‍ നില്‍ക്കുന്നത് എന്നുകൂടിയുണ്ട്.

കൊലപാതകം ഒരു കമ്മ്യൂണിസ്‌റ് രാഷ്ട്രീയ പദ്ധതിയല്ല, അതൊരു മാഫിയ സ്വഭാവവും കാര്‍ഷിക, ഗോത്ര സമൂഹ ഘടനകളിലെ പകയുടെയും ഉടന്തടി നീതിയെന്ന വ്യാജേനയുള്ള അനീതിയുടെ വെളിപാടുമൊക്കെയാണ്. ഒരു മുതലാളിയുടെയും കയ്യേറ്റക്കാരന്റെയും ചൂഷകന്റെയും വീട്ടിലേക്ക് അവരുടെ രാഷ്ട്രീയജാതകം നോക്കി കൊടുവാളുകളുമായി ഇരച്ചുകയറുന്നില്ല ആരും. അങ്ങനെ പോകുന്നത് പോലും ബഹുജന വര്‍ഗ രാഷ്ട്രീയത്തിന്റെ വിപ്ലവസമരത്തിന്റെ വഴിയല്ല എന്നൊക്കെ തിരിച്ചറിഞ്ഞിട്ടും പതിറ്റാണ്ടുകളായി. അപ്പോഴും മൂര്‍ച്ചകൂട്ടി മിനുക്കിവെച്ച അരികുകളുമായി ഏതോ ഒരു ഗ്രാമത്തില്‍ ഒന്നരദിവസത്തിനപ്പുറം ഒരു കണക്ക് മാത്രമാകുന്ന തരത്തില്‍ അപ്രസക്തനായ ഒരു എതിര്‍രാഷ്ട്രീയക്കാരനെ കാത്തിരിക്കുന്ന ബോധം എന്തൊക്കെയായാലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമല്ല.

ആയുധങ്ങള്‍ക്ക് പോലുമുണ്ട് ഒരു ആധുനികസമൂഹത്തെ ഒരു വിചിത്രഭീതിയിലാഴ്ത്തുന്ന തെരഞ്ഞെടുപ്പ് രീതി. കൊല്ലാന്‍ വേണ്ടി മാത്രം സൂക്ഷിക്കുന്ന കൊടുവാളുകള്‍, കഠാരകള്‍. വെട്ടിയും കുത്തിയും മതിയാവോളം ചോര വീഴ്ത്തി, നെഞ്ചും മുഖവും തലയും തുടയും പിളര്‍ന്നു, കയ്യും കാലും അറ്റുതൂങ്ങി ഓരോ മൊബൈല്‍ ഫോണിലേക്കും വീണുതുങ്ങുന്ന മൃതശരീരങ്ങള്‍, നിങ്ങളെത്ര ഓടിപ്പോയാലും നിങ്ങളെ ഇവിടെത്തന്നെ പിടിച്ചുനിര്‍ത്താന്‍ ഞങ്ങളുണ്ട് എന്ന് ആക്രോശിക്കുന്ന വിചിത്രകാലമായി കേരള സമൂഹത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ് അത്.

അതുകൊണ്ടുതന്നെ അങ്ങനെ ഭയപ്പെട്ടുകൂട നമ്മള്‍. കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങള്‍ വ്യാജവും കപടവുമായ തായംകളിയാക്കിയ എല്ലാ രാഷ്ട്രീയകക്ഷികളും ഇത്തരത്തിലൊരു അവസ്ഥയിലേക്ക് ഈ സമൂഹത്തെ എത്തിച്ചവരാണ്. അതായത് നമുക്ക് ഒരു ജനാധിപത്യ രാഷ്ട്രീയ, സാമൂഹ്യ വ്യവഹാര ബോധവും രീതിയും ഇല്ലാതാകുമ്പോഴാണ് ഈ പ്രശ്‌നത്തെ നേരിടാന്‍ കഴിയാതെ വരുന്നത്. അത്തരമൊരു സമൂഹമുണ്ടാക്കുന്നത് കൊല്ലുന്നവര്‍ മാത്രമല്ല, അത് സാധ്യമാക്കുന്ന തരത്തിലേക്ക് ഈ രാഷ്ട്രീയവ്യവഹാരത്തെ ജീര്‍ണിപ്പിച്ചെടുത്ത താത്പര്യങ്ങള്‍ കൂടിയാണ്.

ജനാധിപത്യ രാഷ്ട്രീയത്തെ വീണ്ടെടുക്കുക എന്നതാണ് ഈ സംഘടിത സാമൂഹ്യ, രാഷ്ട്രീയാധികാര യന്ത്രങ്ങളുടെ ഈര്‍ച്ചപ്പല്ലുകള്‍ക്കിടയില്‍ നിന്നും നമുക്ക് നമ്മെ വീണ്ടെടുക്കാനുള്ള വഴി. അതൊരു അരാഷ്ട്രീയ പാതയല്ല എന്ന് നാം നിരന്തരം ഓര്‍മ്മിക്കേണ്ടതുണ്ട്.