എറണാകുളത്തപ്പനും സവര്‍ണ്ണഗുണ്ടകളും മനോവീര്യക്കാരും കയറി നിന്നത് ചോരവീഴ്ത്തി നാം തെളിച്ചെടുത്ത വഴിയിലാണ്
F.B Notification
എറണാകുളത്തപ്പനും സവര്‍ണ്ണഗുണ്ടകളും മനോവീര്യക്കാരും കയറി നിന്നത് ചോരവീഴ്ത്തി നാം തെളിച്ചെടുത്ത വഴിയിലാണ്
പ്രമോദ് പുഴങ്കര
Thursday, 1st February 2018, 3:54 pm

എറണാകുളത്തപ്പന്‍ ആരുടെയൊക്കെ അപ്പനായാലും കേരളത്തിലെ മതേതര സമൂഹത്തിന്റെ അപ്പനും അപ്പൂപ്പനുമല്ലെന്നും ചിത്രകാരന്‍ മഹേഷ്/അശാന്തന്റെ മൃതദേഹം പൊതുസ്ഥലമായ ഡര്‍ബാര്‍ ഹാളില്‍ എവിടെ പൊതുദര്‍ശനത്തിന് വെക്കണമെന്ന് ഹിന്ദുത്വ തീവ്രവാദികളുടെ ഗുണ്ടാപ്പടയല്ല തീരുമാനിക്കേണ്ടതെന്നും പറയേണ്ട ഈ സംസ്ഥാനത്തെ സര്‍ക്കാരിന്റെ പ്രതിനിധിയായ കളക്ടറും മനോവീര്യപ്പോലീസും കൂടിച്ചേര്‍ന്ന്, ആ വര്‍ഗീയവൈതാളികര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കിനിന്ന് മൃതദേഹം ഒരു മൂലയ്ക്കുവെച്ച് പ്രശനം പരിഹരിച്ചപ്പോള്‍ കേരളത്തിന്റെ വഴിനടക്കല്‍ സമരങ്ങളുടെ ചരിത്രത്തെക്കൂടിയാണ് ശവമടക്കിന് വെച്ചത്.

ബ്രാഹ്മണന്മാരും നായരും അമ്പലവാസികളും മാത്രം നടന്നിരുന്ന പൊതുവഴികളില്‍ ഈ “പൊതുവില്‍” ഗണിക്കാത്ത “തൊട്ടുകൂടാത്ത” “തീണ്ടിക്കൂടാത്ത” മനുഷ്യര്‍, സവര്‍ണജാതിവെറിയന്‍മാരോട് തുറക്കെടാ നാട്ടിലെ പൊതുവഴികള്‍ എന്ന ജനാധിപത്യസമരത്തിന്റെ കാഹളം മുഴക്കിയ, തുറക്കാത്ത വഴികളിലേക്ക് ആത്മാഭിമാനത്തിന്റെയും ജനാധിപത്യത്തിന്റെയും രാഷ്ട്രീയവുമായി ഇടിച്ചുകയറിയ നാട്ടിലാണ് ഒരു ദളിത് ചിത്രകാരന്റെ മൃതദേഹത്തെ ഹിന്ദുവര്‍ഗീയവാദികളുടെ എറണാകുളത്തപ്പന്റെ പേരും പറഞ്ഞ് അപമാനിച്ച് സംസ്ഥാന സര്‍ക്കാര്‍ എല്ലാം ശരിയാക്കിയത്. പെണ്‍മുലയളന്നും കരം വാങ്ങി, ഒരു നാടിനെ മുഴുവന്‍ ഊറ്റിക്കുടിച്ച്, ചിത്രമെഴുത്തും സംഗീതവും അച്ചിവീട്ടിലെ വാത്സ്യായന സൂത്രക്കളരികളുമായി ആടിത്തിമിര്‍ത്ത തിരിവിതാംകൂര്‍ ദുഷ്പ്രഭുക്കള്‍ക്കിപ്പോഴും ആറാട്ടുമുണ്ടന്‍മാരും കുതിരപ്പടയുമായി അകമ്പടിപോകുന്ന സംസ്ഥാനമാണിത്.

ജനാധിപത്യ മതേതര സമൂഹത്തിന്റെ മുഖത്തടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചത്; അയാളുടെ കലാജീവിതത്തെ നിന്ദിച്ചത്; മനുഷ്യന്റെ മൌലികാവകാശത്തെ ലംഘിച്ചത്. മൃതദേഹത്തെ അപമാനിച്ചതിനും പട്ടികജാതി/പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും അവിടെ ഭീഷണി മുഴക്കിയ നഗരസഭ കൌണ്‍സിലര്‍ക്കെതിരെ മാത്രമല്ല, കളക്ടര്‍ക്കെതിരെയും കേസെടുക്കണം. കളക്ടറെ പണിക്കുവെച്ചത് എറണാകുളത്തപ്പനല്ല, കേരളത്തിലെ പൊതുസമൂഹമാണ്.

ജനാധിപത്യ, മതേതര കേരളത്തിന്റെ സമരായനങ്ങളില്‍ പൊതുവഴികള്‍ക്കും പൊതുവിടങ്ങള്‍ക്കും വേണ്ടി സവര്‍ണജാതിക്കോമരങ്ങള്‍ക്കും രാജഭരണത്തിനുമെതിരായി നടത്തിയ സമരങ്ങളുടെ ചരിത്രം കളക്ടര്‍ക്കറിയില്ലെങ്കിലും അറിയാന്‍ ബാധ്യതപ്പെട്ട മന്ത്രിസഭ ജനങ്ങളോട് മാപ്പു പറയണം.

പാലിയത്തച്ഛന്റെ മാളികയ്ക്ക് മുന്നിലൂടെ നടക്കാന്‍ കീഴ്ജാതിക്കാര്‍ എന്നാക്ഷേപിക്കപ്പെട്ട മനുഷ്യരെ അനുവദിക്കാത്തതിനെതിരെ നടത്തിയ പാലിയം സമരത്തില്‍ എ.ജി വേലായുധന്‍ രക്തസാക്ഷിയായത് സി പി എമ്മിലെയും സി പി ഐയിലെയും പ്രഖ്യാപിത നേതാക്കള്‍ക്കെങ്കിലും ഓര്‍മ്മ വേണം. ഓര്‍മ്മക്കുറവുണ്ടെങ്കില്‍ പയ്യപ്പിള്ളി ബാലന്‍ എഴുതിയ പാലിയം സമരം എന്ന പുസ്തകം വായിക്കാവുന്നതാണ്. എ കെ ജി സെന്ററില്‍ കാണും, ചിന്തയാണ് പ്രസിദ്ധീകരിച്ചത് !

അയ്യങ്കാളി വില്ലുവണ്ടിയോടിച്ച് തല്ലിത്തന്നെ തുറപ്പിച്ച വഴികളിലേക്ക് പിന്നീടുള്ള ദശാബ്ദങ്ങളില്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും കേരളത്തിലെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങളുടെയുമൊക്കെ ഭാഗമായി കൂട്ടിച്ചേര്‍ത്ത വഴികള്‍ നിരവധിയാണ്. ഒരു രാജാവും, ഒരു സവര്‍ണ്ണജാതിവെറിയനും അര്‍ദ്ധരാത്രിയിലെ സ്വപ്നദര്‍ശനത്തിനുശേഷം വന്നു തുറന്നതല്ല ഒരു വഴിയും. ജാതിവ്യവസ്ഥയില്‍ നിന്നും കുതറിമാറുന്ന മനുഷ്യര്‍, ജനാധിപത്യബോധവും വിമോചനരാഷ്ട്രീയവും പ്രജ്ഞയില്‍ തീ കൊളുത്തിയ മനുഷ്യര്‍, കല്ലിനുള്ളില്‍ ചത്തിരിക്കുന്ന ദൈവങ്ങള്‍ക്കായി അകലങ്ങളിലെ വഴികളിലേക്ക് ആട്ടിയോടിക്കപ്പെട്ട മനുഷ്യര്‍, അവര്‍ ഇനിയില്ല വഴിമാറിപ്പോകുന്ന കാലുകള്‍, ഇനിയില്ല കുനിയുന്ന ചുമലുകള്‍, ഇനിവേണ്ട തീണ്ടാത്ത പാതകള്‍ എന്ന് ഉറക്കെപ്പറഞ്ഞു, മരിക്കുവോളം പറഞ്ഞ്, തല്ലുന്ന വടിയും നട്ടെല്ലുമൊടിഞ്ഞാലും പിന്നേയും പറഞ്ഞ് തുറപ്പിച്ചതാണ് ഇക്കണ്ട വഴികളെല്ലാം. അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ കേരളം. അല്ലാതെ ഹിന്ദുവര്‍ഗീയവാദികളുടെ ഏതെങ്കിലും അപ്പനല്ല.

അവരാണ് വൈക്കത്ത് വഴികള്‍ക്കായി സമരം നടത്തിയത്, അവരാണ് ഗുരുവായൂരില്‍ സമരം നടത്തിയത്, അവരിലാണ് എ കെ ജിയും കൃഷ്ണപിള്ളയും ഉണ്ടായിരുന്നത്. അന്നാണ് സഖാവിന്റെ പുറത്തടിച്ച് സമരത്തിന്റെ നട്ടെല്ലുറപ്പ് ജാതിക്കോമരങ്ങള്‍ അറിഞ്ഞത്, അവരാണ് കൂടല്‍മാണിക്യത്തിനു ചുറ്റുമുള്ള വഴി മനുഷ്യര്‍ക്കായി തുറപ്പിക്കാന്‍ കുട്ടംകുളം വഴിനടക്കല്‍ സമരം നടത്തിയത്. പി സി കുറുംബയെ പോലുള സമരസഖാക്കള്‍ അതിക്രൂരമായ മര്‍ദ്ദനങ്ങളാണ് കുട്ടംകുളം സമരത്തില്‍ അനുഭവിച്ചത്. അപ്പെണുങ്ങള്‍ക്കന്ന് വിപ്ലവം തിരുവാതിരയല്ലായിരുന്നു. അവരാണ് പാലിയത്ത് തീക്കാലുകളുമായി വഴികളിലേക്കിറങ്ങിയത്, അവരാണ് ബ്രാഹ്മണ്യത്തിന്റെ നാറുന്ന പൂണൂലുമിട്ട് കിടന്ന കല്‍പ്പാത്തിയിലെ തെരുവുകള്‍ മനുഷ്യര്‍ക്ക് നടക്കാനായി തുറക്കാന്‍ സമരം നടത്തിയത്, അവരാണ് കോഴിക്കോട് തളിക്ഷേത്രത്തിന്റെ വഴികളിലേക്ക് നടന്നുചെന്നത്. അദ്ധ്വാനിക്കുന്ന മനുഷ്യന്‍, തൊട്ടുകൂടാത്തവരെന്നു അധിക്ഷേപിച്ചു ആട്ടിയോടിക്കപ്പെട്ട മനുഷ്യര്‍, അവര്‍ നടത്തിയ സമരങ്ങളുടെ ശമ്പളമാണ് എറണാകുളം കലക്ടറുടെ ജോലിയടക്കം. അവര്‍ നടത്തിയ സമരവീര്യത്തിന്റെ ചോരയൊഴുക്കി തെളിയിച്ചെടുത്ത, വീണവര്‍ക്കഭിവാദ്യവുമായി വീണ്ടും വീഴുമെന്നറിഞ്ഞിട്ടും മുറുക്കിപ്പിടിച്ച മുഷ്ടിയില്‍ ഒരു സമരസൂര്യനെ മുഴുവനൊതുക്കി അവര്‍ നടന്ന വഴികളിലാണ് കേരളം നടക്കുന്നത്.

ആ വഴികളിലാണ് എറണാകുളത്തപ്പന്റെ കോലവും ഹിന്ദുവര്‍ഗീയവാദികളുടെ ഗുണ്ടകളും കയറിനിന്നത്. ചരിത്രത്തില്‍ ചോര വീഴ്ത്തി നാം തെളിച്ചെടുത്ത വഴിയാണത്. അതില്‍ പ്രതിഷ്ഠിക്കുന്ന ഏത് ജീര്‍ണവിഗ്രഹത്തെയും പുറംകാല്‍ കൊണ്ട് തട്ടിയെറിയണം. നമുക്ക് ദൈവങ്ങളില്ല, മനുഷ്യരെയുള്ളൂ.