പല്ലിൽ കമ്പിയിട്ട് സ്വാതിയെ വളയ്ക്കാനായി സാംബോയ്; അതിരടിയിലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകർ
Malayalam Cinema
പല്ലിൽ കമ്പിയിട്ട് സ്വാതിയെ വളയ്ക്കാനായി സാംബോയ്; അതിരടിയിലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകർ
നന്ദന എം.സി
Wednesday, 29th April 2026, 2:59 pm

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പുതുമുഖ നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് റിയ ഷിബു. അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം സർവ്വം മായയിലൂടെ ശ്രദ്ധ നേടിയ റിയ, ചിത്രത്തിലെ ക്യൂട്ട് യക്ഷിയായ ഡെലൂലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ താരം ഇപ്പോൾ വലിയ പ്രതീക്ഷയോടെ വീണ്ടും എത്തുകയാണ്.

ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം റിയ ഷിബുവും പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മൾട്ടി സ്റ്റാർ ചിത്രമാണ് അതിരടി. ഷെറിൻ ശിഹാബ്, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇതിനകം തന്നെ ചിത്രത്തോടുള്ള ആവേശം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

അതിരടി, Photo: YouTube/ Screengrab

കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരുന്നു. IYKYK (If You Know You Know) എന്ന പേരിലുള്ള ഗാനത്തിൽ ബേസിൽ ജോസഫും റിയ ഷിബുവുമാണ് പ്രധാനമായും എത്തുന്നത്. ഗാനം പുറത്തിറങ്ങിയതോടെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താരങ്ങളുടെ ഇതുവരെ കാണാത്ത ലുക്കും ഗാനത്തിന്റെ എനർജിയും ആരാധകരെ ആകർഷിച്ചു.

ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിൽ റിയയുടെ കഥാപാത്രത്തെ ഇംപ്രസ് ചെയ്യാൻ ശ്രമിക്കുന്ന ബേസിൽ ജോസഫിന്റെ കഥാപാത്രമാണ് പ്രേക്ഷകരിൽ ചിരിയുണർത്തുന്നത്. തമാശയും യുവത്വത്തിന്റെ ആവേശവും നിറഞ്ഞ രംഗങ്ങളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം.

എന്തായാലും ബേസിൽ ജോസഫും റിയ ഷിബുവും ഒന്നിച്ചെത്തുന്ന കോമ്പോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ഇവരുടെ സ്‌ക്രീൻ കെമിസ്ട്രി ചിത്രത്തിലെ വലിയ ഹൈലൈറ്റാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഫെജോയും പൂർണിമ കണ്ണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയയാണ് വരികൾ എഴുതിയത്. സംഗീതം നിർവഹിച്ചത് വിഷ്ണു വിജയ് ആണ്.

അതിരടി, Photo: YouTube/ Screengrab

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയായ അതിരടി, ഒരു പക്കാ മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും, ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുകളിൽ ഒരാളായ അരുൺ അനിരുദ്ധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനഘട്ടം മുതൽ തന്നെ വലിയ ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിൽ വൻ ആഘോഷമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.

Content Highlight: Fans take over the first song of the movie Athiradi

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.