ലാലേട്ടന്‍ അല്പം റെസ്റ്റ് എടുക്കൂ, സ്റ്റേജ് തൂക്കാന്‍ ഫഹദെത്തി; താരത്തിനെന്ത് പറ്റിയെന്ന് ആരാധകര്‍
Malayalam Cinema
ലാലേട്ടന്‍ അല്പം റെസ്റ്റ് എടുക്കൂ, സ്റ്റേജ് തൂക്കാന്‍ ഫഹദെത്തി; താരത്തിനെന്ത് പറ്റിയെന്ന് ആരാധകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 11th August 2026, 6:23 pm

നിലവില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാവെന്ന് ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്ന അഭിനേതാവാണ് ഫഹദ് ഫാസില്‍. സംവിധായകന്‍ ഫാസിലിന്റെ മകനെന്ന ലേബലിലാണ് സിനിമയിലെത്തിയെങ്കിലും തന്റെ ഉള്ളിലെ അഭിനേതാവിനെ സ്വയം മിനുക്കിയെടുത്ത് പാന്‍ ഇന്ത്യന്‍ തലത്തില്‍ ഫഹദ് തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ വമ്പന്‍ ഹിറ്റ് ചിത്രം പുഷ്പ, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ വിക്രം തുടങ്ങി വമ്പന്‍ ചിത്രങ്ങളിലാണ് ഫഹദ് വേഷമിട്ടിരിക്കുന്നത്. ജിത്തു മാധവന്റെ ആവേശത്തിലെ രംഗണ്ണനായും താരം പകരം വെക്കാനില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

ഫഹദ് ഫാസില്‍. Photo: Indian Express

എന്നാല്‍ സിനിമയ്ക്ക് പുറത്തുള്ള ഫഹദിന്റെ ഓണ്‍ സ്റ്റേജ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നടന്ന തെലുങ്ക് ചിത്രം ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പ്രൊമോഷന്‍ ഇവന്റിലെ താരത്തിന്റെ പ്രവര്‍ത്തികളാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. പരിപാടിക്കിടെ സ്റ്റേജില്‍ ഇല്ലുമിനാറ്റി എന്ന ഹിറ്റ് ഗാനത്തിന് ഫഹദ് വെച്ച നൃത്തച്ചുവടുകളാണ് സിനിമാ പേജുകളില്‍ നിറഞ്ഞിരിക്കുന്നത്. ഇതുവരെ കാണാത്ത വിധത്തില്‍ അത്രയും ആവേശത്തോടെയാണ് ഫഹദ് ഗാനത്തിനായി നൃത്തം വെക്കുന്നത്.

എന്നാല്‍ താരത്തിന്റെ സ്റ്റെപ്പുകളാണ് പലരിലും ചിരിപടര്‍ത്തുന്നത്. കുട്ടികളെ പോലെ വളരെയധികം സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഫഹദ് സ്റ്റേജ് മുഴുവന്‍ ഓടി നടന്ന് നൃത്തം ചെയ്യുന്നത്. വലിയ ഒരു നടനാണെന്നോ സെലിബ്രിറ്റി ആണെന്നോ ഉള്ള ചിന്തകളൊന്നും തന്നെ താരത്തെ ബാധിക്കുന്നില്ലെന്ന് കാണാം. അതേസമയം താരത്തിനിതെന്ത് പറ്റിയെന്ന് ചോദിച്ചുകൊണ്ടാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.

Photo: X.com

ഇതുവരെ കാണാത്ത തരത്തിലുള്ള എനര്‍ജിയാണ് താരം സ്റ്റേജില്‍ കാണിച്ചിരിക്കുന്നതെന്നും ഫഹദിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും പലരും കമന്റ് ബോക്‌സില്‍ കുറിക്കുന്നു. അതേസമയം മോഹന്‍ലാലിന്റെ സ്‌റ്റേജ് ഷോകളുമായാണ് പലരും ഫഹദിന്റെ സ്റ്റേജ് ഷോകളെ താരതമ്യപ്പെടുത്തുന്നത്. താരം മോഹന്‍ലാലിനൊപ്പം സമയം ചെലവിഴിച്ചിട്ടുണ്ടാകാമെന്നും അതിനാലായിരിക്കും ഇത്രയും ആവേശമെന്നും പലരും അഭിപ്രായപ്പെടുന്നു.

Photo: X.com

മലയാളത്തില്‍ നിന്നും ഇടവേളയെടുത്ത താരം തെലുങ്കില്‍ ആദ്യമായി നായകനാകുന്ന ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആവേശത്തിന് ശേഷം കാര്യമായി വിജയമൊന്നും ഇല്ലാതിരുന്ന ഫഹദ് ഡോണ്ട് ട്രബിള്‍ ദി ട്രബിളിലൂടെ തിരിച്ചെത്തുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. സെപറ്റംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: Fahadh Fazil’s Dance at promotion event goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.