ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിൽ അമിതമായ അളവിൽ രാസവസ്തുക്കൾ ചേർത്ത് നിർമിച്ച സിറപ്പുകൾ കഴിച്ച് മരണപ്പെട്ട കുട്ടികളുടെ എണ്ണം 133 ആയി. എ​ഥി​ലി​ൻ ഗ്ലൈ​കോ​ൾ, ഡ​യ​ഥി​ലി​ൻ ഗ്ലൈ​കോ​ൾ, ബ്യൂ​ട്ടി​ൽ ഈഥെ​ർ തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക്ക​ളാ​ണ് രോ​ഗ​കാ​ര​ണ​മാ​യ​ത്. വൃക്ക സംബന്ധമായ രോ​ഗങ്ങളെ തുടർന്നാണ് കുട്ടികൾ മരിച്ചത്.

കുട്ടികളുടെ വൃക്ക രോ​ഗവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ 22 പ്ര​വി​ശ്യ​ക​ളി​ലാ​യി 241 കേ​സു​ക​ൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

കുട്ടികളുടെ മരണസംഖ്യയിൽ ജനുവരി മുതലുണ്ടായ വലിയ വർധനവ് അന്വേഷിക്കുകയാണെന്നും സിറപ്പ് അടിസ്ഥാനമാക്കിയുള്ള എല്ലാ മരുന്നുകളുടെയും വിൽപന താൽക്കാലികമായി നിരോധിച്ചതായും ഇന്തോനേഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

“22 പ്രവിശ്യകളിലായി 241 വൃക്ക തകരാർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 133 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.” ആരോഗ്യമന്ത്രി ബുഡി ഗുണാഡി സാഡികിൻ പറഞ്ഞു, മിക്ക രോഗികളും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

“11 കുട്ടികളിൽ ഏഴു പേരിലും ഹാനികരമായ പദാർത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എ​ഥിലി​ൻ ഗ്ലൈ​കോ​ൾ, ഡ​യ​ഥി​ലി​ൻ ഗ്ലൈ​കോ​ൾ, ബ്യൂ​ട്ടി​ൽ ഈ​ഥെ​ർ തുടങ്ങിയവയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്,” മന്ത്രി കൂട്ടിച്ചേർത്തു.

പ​നി, ചു​മ, ജ​ല​ദോ​ഷം എ​ന്നി​വ​ക്കു​ള്ള സി​റ​പ്പു​ക​ളാ​ണി​വ. രോ​ഗം സ്ഥിരീകരിക്കുകയും കുട്ടികൾ മരണപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച അ​ഞ്ച് സിറപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇ​വ വി​പ​ണി​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ക്കാ​നും ബാ​ക്കി​യു​ള്ള നിർമിക്കപ്പെട്ട എ​ല്ലാ ബാ​ച്ചു​ക​ളും ന​ശി​പ്പി​ക്കാ​നും ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ രാസ വസ്തുക്കൾ കൂടുതലടങ്ങിയ മരുന്നുകളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വൃ​ക്ക രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്നതോടെ സംശയം തോ​ന്നി മ​രു​ന്നു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​ക​ര​മാ​യ അളവിൽ മരുന്നുകളിൽ രാ​സ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

രോഗബാധിതരായ കുട്ടികളുടെ വീടുകളിൽ നിന്നും ശേഖരിച്ച 102 സിറപ്പ് മരുന്നുകളിൽ സമാനമായ രാസപദാർത്ഥങ്ങളുടെ അംശം ആരോഗ്യ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സിം​ഗപ്പൂരിൽ നിന്ന് ഇറക്കുമതി ചെയ്ത മരുന്നാണ് നിലവിൽ രോ​ഗികൾക്കായി നൽകി വരുന്നത്. ഇത് രോ​ഗബാധിതരുടെ ആരോ​​ഗ്യനിലയിൽ മെച്ചപ്പെട്ട വ്യത്യാസം ഉണ്ടാക്കുന്നുണ്ടെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

ഗാംബിയയിൽ സമാന രീതിയിൽ സിറപ്പ് കഴിച്ച് എഴുപതോളം കുട്ടികൾ മരണപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം.

ഗാംബിയയിലെ മരണങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ മരുന്ന് കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകളുടെ ഇറക്കുമതി രാജ്യത്ത് നിർത്തിയിരുന്നു.

Content Highlight: Excessive chemicals in medicines; 133 children died in Indonesia