മുഖ്യമന്ത്രിയടക്കം എല്ലാവരും ദൈവനാമത്തില്‍; സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഷിബു ബേബി ജോണും സി.പി ജോണും
Kerala
മുഖ്യമന്ത്രിയടക്കം എല്ലാവരും ദൈവനാമത്തില്‍; സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് ഷിബു ബേബി ജോണും സി.പി ജോണും
നിഷാന. വി.വി
Monday, 18th May 2026, 12:35 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മുഖ്യമന്ത്രിയടക്കമുള്ള മുഴുവന്‍ മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആര്‍.എസ്.പിയുടെ ഷിബു ബേബി ജോണും സി.എം.പിയുടെ സി.പി ജോണും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിസഭയില്‍ ഷിബു ബേബി ജോണിനിത് രണ്ടാമൂഴമാണ്. 2011 ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലാണ് അദ്ദേഹം ആദ്യമായി മന്ത്രിയായത്. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി കൂടിയാണദ്ദേഹം. ചവറയാണ് അദ്ദേഹത്തിന്റെ മണ്ഡലം.

ആദ്യമായാണ് സി.പി ജോണ്‍ എം.എല്‍.എയും മന്ത്രിയുമാവുന്നത്. അദ്ദേഹവും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. എം.വി രാഘവന് ശേഷം നിയമസഭയില്‍ സി.എം.പിയെ പ്രതിനിധീകരിക്കുന്ന ആദ്യ അംഗം കൂടിയാണ് അദ്ദേഹം. തിരുവനന്തപുരം മണ്ഡലത്തിലാണ് എം.എല്‍.എയായി വിജയിച്ചുവന്നത്.

മുഖ്യമന്ത്രിക്ക് പിന്നാലെ ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രമേശ് ചെന്നിത്തല മൂന്നാമതായി അധികാരമേറ്റു. ആഭ്യന്തര വകുപ്പാണ് ചെന്നിത്തലക്ക്. മൂന്നാം തവണയാണ് അദ്ദേഹം മന്ത്രിയാവുന്നത്. ആറ് തവണ എം.എല്‍.എയും നാല് തവണ ലോക്സഭാംഗവും ആയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫാണ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. പേരാവൂരില്‍ നിന്നുള്ള എം.എല്‍.എ ആയ സണ്ണി ജോസഫിന് റവന്യൂ വകുപ്പാണ് ലഭിക്കുക.

കെ. മുരളീധരന്‍ ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റു. വട്ടിയൂര്‍ക്കാവ് എം.എല്‍.എയായ അദ്ദേഹം രണ്ടാം തവണയാണ് മന്ത്രിയാവുന്നത്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫാണ് മുരളീധരന് പിറകെ സത്യപ്രതിജ്ഞ ചെയ്തത്. ജല വിഭവ വകുപ്പാണ് മോന്‍സ് ജോസഫിന്.

പിന്നീട് ഷിബു ബേബി ജോണാണ് സത്യപ്രതിജ്ഞ ചെയതത്. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബ്, സി.എം.പി നേതാവ് സി.പി ജോണ്‍ എന്നിവരാണ് സ്ഥാനമേറ്റത്. ആദ്യമായാണ് സി.പി. ജോണ്‍ നിയമസഭയിലെത്തുന്നത്.

വണ്ടൂര്‍ എം.എല്‍.എ എ.പി. അനില്‍ കുമാര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദ്ദീന്‍, കുണ്ടറ എം.എല്‍.എ പി.സി വിഷ്ണുനാഥ് എന്നിവര്‍ തുടര്‍ന്ന് സത്യ പ്രതിജ്ഞ ചെയ്തു. അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍, കൊല്ലം എം.എല്‍.എ ബിന്ദു കൃഷ്ണ, കായംകുളം എം.എല്‍.എ എം.ലിജു എന്നിവര്‍ തുടര്‍ന്ന് സ്ഥാനമേറ്റു. വേങ്ങര എം.എല്‍.എ കെ.എം. ഷാജി, ഏറനാട് എം.എല്‍.എ പി.കെ ബഷീര്‍, കളമശ്ശേരിയില്‍ നിന്ന് സഭയിലെത്തിയ വി.ഇ അബ്ദുല്‍ ഗഫൂര്‍, കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദിഖ്, കോങ്ങാട് നിന്നുള്ള നിയമസഭാംഗം കെ.എ തുളസി, കൊടുങ്ങല്ലൂര്‍ എം.എല്‍.എ ഒ.ജെ. ജനീഷ് എന്നിവരും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Content Highlight: Everyone, including the Chief Minister, took oath in the name of God; Shibu Baby John and C.P. John solemnly took oath

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.