എഡിറ്റര്‍
എഡിറ്റര്‍
പരിശോധിക്കപ്പെടാത്തതെങ്കിലും എബോള മരുന്നുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി
എഡിറ്റര്‍
Wednesday 13th August 2014 12:10pm

ebola-who-medicine

സിയാറ ലിയോണിലെ കെനീമ പ്രദേശത്തെ ആശുപത്രിയില്‍ തിങ്കളാഴ്ച്ച എബോള പരിശോധനയ്ക്കു മുമ്പ് ക്ലോറിന്‍ വെള്ളത്തില്‍ ശരീരം ശുദ്ധീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകന്‍.


ജനീവ:  പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന എബോള വൈറസിനെതിരെ പരിശോധിക്കപ്പെടാത്ത മരുന്നുകളും വാക്‌സിനുകളും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അത് ധാര്‍മികം തന്നെയാണെന്നും ലോകാരോഗ്യ സംഘടന. രോഗം പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാവും മരുന്നുകള്‍ ഉപയോഗിക്കുക. എബോള പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് വ്യാപക മരണമാണ് പശ്ചിമാഫ്രിക്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമായിരിക്കും വിധേയമായി മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കക എന്നും സംഘടന അറിയിച്ചു.

ഇപ്പോള്‍ തന്നെ മരുന്നിന്റെ ദൗര്‍ലഭ്യം നേരിടുകയാണ്. സിമാപ്പ് (Zmapp) എന്ന മരുന്നാണ് ഇപ്പോള്‍ എബോളയ്‌ക്കെതിരെ ഉപയോഗിക്കുന്നത്. അമേരിക്കന്‍ കമ്പനി വികസിപ്പിച്ചെടുത്ത ഈ മരുന്ന് ഉപയോഗിക്കാന്‍ ഇതുവരെയും അഗീകാരം ലഭിച്ചിട്ടില്ല.

ഇതുവരെയും എബോള വൈറസിനെതിരെ അംഗീകാരം ലഭിച്ചിട്ടുള്ള മരുന്നുകളോ ചികിത്സയോ ഇല്ല. പലതും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലുമാണ്‌. എംമാപ്പ് കമ്പനി പുറത്തിറക്കിയിരിക്കുന്ന സിമാപ്പ് ആണ് ഏറ്റവും പുതിയ മരുന്ന്. ഇത് ഇതുവരെയും മനുഷ്യനില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല. മരുന്ന് പരീക്ഷിക്കപ്പെട്ട ഒരു സ്പാനിഷ് പുരോഹിതന്‍ കഴിഞ്ഞ ദിവസം മദ്രിദില്‍ വെച്ച് മരിച്ചിരുന്നു. മരുന്ന് പരീക്ഷിക്കപ്പെട്ട മൂന്നുപേരിലൊരാളായിരുന്നു അദ്ദേഹം. അമേരിക്കന്‍ ജീവനക്കാരാണ് മറ്റ് രണ്ടുപേര്‍. അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗ്വിനിയ, ലൈബീരിയ, നൈജീരിയ, സിയാറ ലിയോണ്‍ എന്നീ പ്രദേശങ്ങളിലായി ഇതുവരെ 1013 പേര്‍ എബോള ബാധിച്ച് മരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പേര്‍ക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗസ്റ്റ് ഏഴിനും ഒന്‍പതിനുമിടയ്ക്ക് 69 പേരാണ് മരിച്ചത്. 52 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

 

 

 

 

Advertisement