പ്രണവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേരും എസ്തര്‍; മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് എസ്തര്‍ അനില്‍
Malayalam Cinema
പ്രണവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേരും എസ്തര്‍; മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് എസ്തര്‍ അനില്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 13th May 2026, 4:44 pm

ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായ അഭിനേത്രിയാണ് എസ്തര്‍ അനില്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അനുമോള്‍ എന്ന കഥാപാത്രമായി വേഷമിട്ട താരം ദൃശ്യത്തിന്റെ തമിഴ് റീമേക്കായ കമല്‍ഹാസന്റെ പാപനാശനത്തിലും സമാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രം വേഷമിട്ട എസ്തറിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. വലിയ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം ഇതിനോടകം സിനിമാലോകത്തെ ചര്‍ച്ചാവിഷയമാണ്.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ചും മകന്‍ പ്രണവിനെക്കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രണവിന്റെ പെണ്‍സുഹൃത്തിന്റെ പേരും തന്റെ പേരും തമ്മിലുള്ള സാമ്യതയെക്കുറിച്ചാണ് എസ്തര്‍ അഭിമുഖത്തില്‍ സംസാരിച്ചത്.

ദൃശ്യം 3. Photo: IMDB

‘പാപനാശനത്തില്‍ പ്രണവേട്ടന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. അന്ന് ഞാന്‍ ചെറുതായിരുന്നല്ലോ അതുകൊണ്ട് ഒരുപാട് ഒന്നും അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നായിരുന്നു. അത് ലാല്‍ അങ്കിള്‍ പറഞ്ഞെനിക്കറിയാം. എസ്തര്‍ എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ പോയി ചോദിച്ചു.

എങ്ങനെ അറിയാം എന്ന് പ്രണവേട്ടന്‍ എന്നോട് ചോദിച്ചു. അതൊക്കെ എനിക്ക് അറിയാം എന്ന് ഞാനും പറഞ്ഞു. കാരണം ഒരു നാള്‍ വരും എന്ന എന്റെ രണ്ടാമത്തെ ചിത്രത്തില്‍ ലാലേട്ടന്റെ മകളായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. എന്റെ എസ്തര്‍ എന്ന പേര് അന്ന് പൊതുവേ ആര്‍ക്കും ഉണ്ടായിരുന്ന പേരല്ല. പിന്നെ ആര്‍ക്കും പെട്ടെന്ന് അങ്ങനെ പറയാനും പറ്റുന്ന പേരല്ല അത്. സിനിമയിലഭിനയിക്കുന്നവരുടെ പേര് മാറ്റുന്ന പരിപാടിയെല്ലാം അന്ന് ഉണ്ടായിരുന്നു.

മണിയന്‍പിള്ള രാജു അങ്കില്‍ ലാലേട്ടന്റെ അടുത്ത് കൊണ്ടുപോയിട്ട് പറഞ്ഞു ലാലേ ഇതാണ് നമ്മുടെ മകളായിട്ട് അഭിനയിക്കുന്ന കുട്ടി, പേര് മാറ്റണോ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. ഞാനാണെങ്കില്‍ മാറ്റല്ലേ എന്ന് വിചാരിച്ച് കൊണ്ടിരിക്കുകയാണ്. കാരണം അതൊരു യുണീക്ക് പേരാണ്. ലാലേട്ടന്‍ ചോദിച്ചു എന്താ പേരെന്ന്. എസ്തറെന്ന് കേട്ടപ്പോള്‍ നല്ല പേരല്ലേ, അപ്പുവിന്റെ ഗേള്‍ഫ്രണ്ടിന്റെ പേര് എസ്തര്‍ എന്നാണ്, അത് വെച്ചോളൂ സൂപ്പര്‍ പേരാണെന്നാണ് ലാലേട്ടന്‍ പറഞ്ഞത്,’ എസ്തര്‍ പറഞ്ഞു.

ദൃശ്യം 3. Photo: IMDB

മെയ് 21ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ഇതിനോടകം ഏഴ് കോടിയിലധികമാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈ ത്രില്ലര്‍ ഴോണറിലുള്ള ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് വലിയ ഹൈപ്പാണ് ലഭിക്കുന്നത്. എമ്പുരാന് ശേഷം ഓപ്പണിങ് ദിവസം 40 കോടിയിലധികം വേള്‍ഡ് വൈഡ് കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമായി ദൃശ്യം 3 മാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Esther Anil talks about Pranav Mohanlal and his girlfriends name

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.