തുണി ഊരുന്നത് സിനിമയിൽ റോൾ കിട്ടാൻ? നോൺസെൻസ്..... ഇനിയെങ്കിലും നിർത്തിക്കൂടേ; കമന്റിന് മറുപടിയുമായി എസ്തർ അനിൽ
Malayalam Cinema
തുണി ഊരുന്നത് സിനിമയിൽ റോൾ കിട്ടാൻ? നോൺസെൻസ്..... ഇനിയെങ്കിലും നിർത്തിക്കൂടേ; കമന്റിന് മറുപടിയുമായി എസ്തർ അനിൽ
നന്ദന എം.സി
Wednesday, 29th April 2026, 12:38 pm

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളർന്ന താരം, ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നേരിടുന്ന വിമർശനങ്ങൾക്ക് ശക്തമായ ഭാഷയിൽ പ്രതികരിച്ച് വീണ്ടും ശ്രദ്ധ നേടുകയാണ് താരം.

എസ്തർ അനിൽ, Photo: Esther Anil/ Facebook

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ബാലതാരങ്ങളായി എത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ‘അതി ലൈംഗികവൽക്കരിച്ച്’ കാണുന്ന പ്രവണത മലയാളികൾക്കിടയിൽ ഉണ്ടെന്ന് എസ്തർ തുറന്ന് പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിലർ താരത്തെ വിമർശിച്ച് രംഗത്തെത്തി. വസ്ത്രധാരണത്തെയും ഫോട്ടോഷൂട്ടുകളെയും ചൂണ്ടിക്കാട്ടി വ്യക്തിപരമായ അധിക്ഷേപങ്ങളും വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിരുന്നു.

‘പെട്ടെന്ന് വളർന്ന് ഞാൻ ലീഡ് റോളിലെത്താൻ പാകമായി എന്ന് സിനിമക്കാരെ അറിയിക്കാൻ ഉള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട്’, എന്നായിരുന്നു ഒരു കമന്റ്. ഇതിനെ പിന്തുണച്ച് മറ്റൊരു വ്യക്തിയും പ്രതികരിച്ചു.

‘അതെ സിനിമകൾ കിട്ടാൻ വേണ്ടി, ഞാൻ നായികയാവാൻ ഉള്ള പ്രായമെത്തി എന്ന് കാണിക്കാൻ വേണ്ടി അൽപവസ്ത്രവും ശരീരഭംഗിയും ഒക്കെ കാണിച്ച് പോസ് ചെയ്ത് അവരെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ കുറ്റം മുഴുവനും പറയുന്നവരുടെ മുകളിൽ ആക്കും’ എന്നായിരുന്നു മറ്റൊരു കമന്റ്.

എസ്തർ അനിൽ ഇൻസ്റ്റഗ്രാം സ്റ്റോറി, Photo: Screengrab

ഇതിന് മറുപടിയായി ‘തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന ഈ അസംബന്ധം ഒന്ന് അവസാനിപ്പിച്ചു കൂടെ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാൾ പോലുമില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം? എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

സാധാരണയായി ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാറില്ലെങ്കിലും, ഇത്തരം മനോഭാവമുള്ളവരെ തുറന്നു കാണിക്കേണ്ട സമയം എത്തിയെന്നാണ് ഇപ്പോൾ തോന്നിയതെന്നും താരം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ താരത്തിന്റെ പ്രതികരണം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ദൃശ്യം, Photo: IMDb

മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 യാണ് താരത്തിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. ചിത്രത്തിൽ മീന, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവർ വീണ്ടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തുകപഴയ താരനിര വീണ്ടും ഒന്നിക്കുന്നതും ചിത്രത്തിന് വലിയ കരുത്താണ്. കുടുംബബന്ധങ്ങളും അന്വേഷണവും മാനസിക സമ്മർദ്ദവും സസ്പെൻസും ചേർന്ന മറ്റൊരു ശക്തമായ ത്രില്ലറിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Content Highlight: Esther Anil responds to critics

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.