തോമസിന്റെ സെഞ്ച്വറിയില്‍ ചാരമായി ഓസീസ്; അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്
Cricket
തോമസിന്റെ സെഞ്ച്വറിയില്‍ ചാരമായി ഓസീസ്; അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്
ശ്രീരാഗ് പാറക്കല്‍
Tuesday, 3rd February 2026, 9:49 pm

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇടം നേടി ഇംഗ്ലണ്ട്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ബോയ്‌സ് ഫൈനലിലേക്ക് ടിക്കറ്റ് എടുത്ത്. സെമിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.

തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഓസീസിന് 47.3 ഓവറില്‍ 250 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

തോമസ് റോയുടെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 107 പന്തില്‍ 110 റണ്‍സാണ് താരം അടിച്ചെടുത്തത്. സെക്കന്റ് ഡൗണ്‍ ആയി ഇറങ്ങിയ തോമസ് 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 110 റണ്‍സ് നേടിയത്.

തോമസിന് പുറമെ 40 റണ്‍സ് നേടിയ കലെബ് മാത്യു ഫാല്‍ക്കണറും തിളങ്ങി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. അതേസമയം ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹൈഡന്‍ ഐസക്കും നഥാന്‍ കോറെയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ആര്യന്‍ ശര്‍മ, വില്യംപോള്‍ ബൈറോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് 88 പന്തില്‍ 100 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഒലിവര്‍ പീക്കാണ്. 10 ഫോറും ഒരു സിക്‌സും നേടിയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. താരത്തിന് പുറമെ 83 പന്തില്‍ 47 റണ്‍സ് നേടിയാണ് നിതേഷ് സാമുവല്‍ മടങ്ങിയത്. ആര്യന്‍ ശര്‍മ 37 റണ്‍സും നേടിയിരുന്നു.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി പന്ത് എറിഞ്ഞവരെല്ലാം വിക്കറ്റ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. സെബാസ്റ്റിന്‍ മോര്‍ഗണ്‍, ജെയിംസ് മിന്റോ, മന്നി ലംസ്ഡന്‍, റാല്‍ഫി ആല്‍ബേര്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ അലക്‌സാന്‍ഡര്‍ ഫ്രെഞ്ചും ഫര്‍ഹാന്‍ അഹ്‌മദും ഓരോ വിക്കറ്റുകള്‍ നേടി.

Content Highlight: England Won Against Australia In Semi Final In U19 Cricket World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ