ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ 20000 വോട്ടിന്റെ ലീഡുമായി മുന്നേറുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായി എം.എം മണിക്ക് അഭിവാദ്യം അര്‍പ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഇ.എം അഗസ്തി. ജനവിധി താന്‍ മാനിക്കുന്നുവെന്നും താന്‍ പറഞ്ഞ വാക്ക് പാലിച്ച് തലമൊട്ടയടിക്കുമെന്നും ഇ.എം അഗസ്തി പറഞ്ഞു.

‘എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും’ ഇ.എം അഗസ്തി പറഞ്ഞു.

ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ഇ.എം അഗസ്തിയുടെ പ്രഖ്യാപനം. ചാനല്‍ സര്‍വേകള്‍ പെയ്ഡ് സര്‍വേകളാണെന്നും അഗസ്തി പറഞ്ഞിരുന്നു.

ചാനല്‍ സര്‍വേകളില്‍ വിശ്വാസമില്ല. മണി ജയിച്ചാല്‍ താന്‍ തല മുണ്ഡനം ചെയ്യും. മറിച്ചായാല്‍ ചാനല്‍ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും അഗസ്തി ചോദിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി ചാനലുകളെ വിലക്കെടുത്ത പോലെയാണ് ഇപ്പോള്‍ കേരളത്തിലെന്നും അഗസ്തി ആരോപിച്ചിരുന്നു.

ഇടുക്കിയില്‍ ഇത്തവണ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. സിറ്റിംഗ് എം.എല്‍.എയും ജില്ലയില്‍ നിന്നുള്ള മന്ത്രിയായ എം.എം മണിയും മുന്‍ എം.എല്‍.എയും കോണ്‍ഗ്രസിന്റെ ജില്ലയിലെ മുതിര്‍ന്ന നേതാവുമായ അഡ്വ. ഇഎം ആഗസ്തിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഉടുമ്പന്‍ചോല എല്‍.ഡി.എഫിന്റെ കോട്ടയാണ്. മന്ത്രിയായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസത്തില്‍ രണ്ടാമങ്കത്തിനിറങ്ങിയ എം.എം മണിയെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ ഇ.എം ആഗസ്തി തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ