ലേറ്റായാലും ലേറ്റസ്റ്റായി വന്നിട്ടുണ്ട്; വമ്പന്‍ ആക്ഷന്‍ ചിത്രമെന്ന് സൂചന നല്‍കി ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
Malayalam Cinema
ലേറ്റായാലും ലേറ്റസ്റ്റായി വന്നിട്ടുണ്ട്; വമ്പന്‍ ആക്ഷന്‍ ചിത്രമെന്ന് സൂചന നല്‍കി ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 30th July 2026, 8:09 pm

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിം. ആര്‍.ഡി എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 20ന് റിലീസിനെത്തുമെന്ന് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ചിത്രത്തിന്റെ യാതൊരു അപ്‌ഡേഷനും ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകര്‍. ദുല്‍ഖറിന്റെ ജന്മദിനത്തില്‍ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.

ഐ ആം ഗെയിം. Photo: Screen Grab/ Youtube.com

കാത്തിരിപ്പിനൊടുവില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സിനിമാ ലോകം ആഘോഷമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ദുല്‍ഖര്‍ ഗംഭീരമാക്കുമെന്ന സൂചനയാണ് മൂന്ന് മിനുട്ടോളം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഴോണറിനെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും എല്ലാത്തിനുമുള്ള ഉത്തരവുമായാണ് ഐ ആം ഗെയിം ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

വമ്പന്‍ ഫൈറ്റ് സ്വീക്വന്‍സുകളുള്ള ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ചിത്രമായി തന്നെയാണ് ഐ ആം ഗെയിം ഒരുക്കിയിരിക്കുന്നത്. ചൂതാട്ടവുമായി ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സെറ്റിങ് തന്നെ ഒരു ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ്. ലിയാനാര്‍ഡോ ഡി കാപ്രിയോയുടെ വോള്‍ഫ് ഓഫ് ദി വാള്‍ സ്ട്രീറ്റിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ സ്വീക്വന്‍സുകളെന്ന് കമന്റുകളുണ്ട്. ട്രെയിലറിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഹൈലി എനര്‍ജറ്റിക്കായ ദുല്‍ഖറിനെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ഐ ആം ഗെയിം. Photo: Screen Grab/ Youtube.com

കിങ് ഓഫ് കൊത്തയ്‌ക്കേറ്റ ദയനീയ പരാജയത്തിന് ശേഷം ദുല്‍ഖര്‍ നായകനായി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് ഐ ആം ഗെയിം. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീത സംവിധാനം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. വമ്പന്‍ സ്‌കെയിലിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഉറപ്പായതോടെ വമ്പന്‍ ക്ലാഷ് റിലീസാണ് ഈ ഓണത്തിന് കാത്തിരിക്കുന്നത്. പൃഥ്വിരാജിന്റെ ഖലീഫയും നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബ യൂണിറ്റുമാണ് മറ്റ് ചിത്രങ്ങള്‍.

Content Highlight: Dulquer Salman’s I’m game trailer out

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.