തന്റെ സിനിമകള്‍ വീണ്ടും കാണാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഒട്ടുമിക്ക അഭിനേതാക്കളും അങ്ങനെയാണെന്നും വീണ്ടും കണ്ടാല്‍ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നുമെന്നും ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ലെന്നും ഇടക്ക് 80കളിലെ ചിത്രങ്ങള്‍ യൂട്യൂബില്‍ എടുത്തു കാണുമെന്നും ദുല്‍ഖര്‍ പറഞ്ഞു. കിങ് ഓഫ് കൊത്ത പ്രൊമോഷന്റെ ഭാഗമായി മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ സിനിമകള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കാറില്ല. ഒട്ടുമിക്ക അഭിനേതാക്കളും അങ്ങനെയാണെന്നാണ് തോന്നുന്നത്. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നല്ലോ, വ്യത്യസ്തമാക്കാമായിരുന്നല്ലോ എന്നൊക്കെ തോന്നും.

ഷൂട്ടിന്റെ സമയത്ത് ചിലപ്പോള്‍ ഡയറക്ടേഴ്‌സ് നിര്‍ദേശങ്ങള്‍ നല്‍കും. ഞങ്ങള്‍ ചില ഇമ്പ്രൊവൈസേഷന്‍സ് ചെയ്യും. അത് കഴിഞ്ഞ് തിരികെ എത്തുമ്പോഴായിരിക്കും ഇത് ഇങ്ങനെ ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരുന്നത്.

സ്വന്തം സിനിമ കാണുന്നത് വാപ്പച്ചി ഇഷ്ടപ്പെടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ യൂട്യൂബില്‍ 80കളിലെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇരുന്ന് കാണുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ഞാന്‍ റൂമിലേക്ക് കേറി ചെല്ലുമ്പോള്‍ പഴയ സിനിമകള്‍ കാണുന്നുണ്ടാവും. അന്നത്തെ ഓര്‍മകളൊക്കെ അയവിറക്കുന്നതാവാം. ഇന്നാണെങ്കില്‍ ഞാന്‍ ഈ കഥാപാത്രത്തെ അങ്ങനെ ചെയ്‌തേക്കില്ല എന്ന് വാപ്പച്ചി പറയും. അങ്ങനെ ചെയ്യുന്നത് നല്ല കാര്യമാണ്. എനിക്കും അതുപോലെ എന്റെ സിനിമകള്‍ കാണണം,’ ദുല്‍ഖര്‍ പറഞ്ഞു.

ഇവന്റില്‍ വെച്ച് മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം വര്‍ക്ക് ചെയ്ത അനുഭവം ഐശ്വര്യ ലക്ഷ്മിയും പങ്കുവെച്ചിരുന്നു. ഇരുവരേയും ലഭിച്ചത് മലയാള സിനിമയുടെ ഭാഗ്യമാണെന്നും ഇരുവരുടേയും ആരാധികയാണ് താനെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

‘ദുല്‍ഖറിന് ഇത്രയും നല്ല ക്വാളിറ്റികള്‍ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് എനിക്കറിയാം. കാരണം ഞാന്‍ മുമ്പ് മമ്മൂക്കക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ദുല്‍ഖറിന്റെയും ആരാധികയാണ്. ഇതെന്റെ ഹൃദയത്തില്‍ നിന്നുമാണ് പറയുന്നത്. ഇവര്‍ രണ്ട് പേരേയും എനിക്ക് ഇഷ്ടമാണ്.

മലയാള സിനിമക്ക് ഇവരെ രണ്ട് പേരേയും കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. ഇന്ത്യന്‍ സിനിമക്ക് മമ്മൂക്ക നല്‍കിയ സമ്മാനമാണ് ദുല്‍ഖര്‍,’ ഐശ്വര്യ പറഞ്ഞു.

Content Highlight: Dulquer Salmaan says he doesn’t watch his films again, but Mammootty does