എനിക്കാകെ ഒരൊറ്റ ഫാഷന്‍ ഐക്കണേ ഉള്ളൂ, ഓരോ പരിപാടിക്കും പുള്ളി ഏത് ഡ്രസ്സാകും ഇടുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്: ദുല്‍ഖര്‍ സല്‍മാന്‍
Malayalam Cinema
എനിക്കാകെ ഒരൊറ്റ ഫാഷന്‍ ഐക്കണേ ഉള്ളൂ, ഓരോ പരിപാടിക്കും പുള്ളി ഏത് ഡ്രസ്സാകും ഇടുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്: ദുല്‍ഖര്‍ സല്‍മാന്‍
അമര്‍നാഥ് എം.
Monday, 4th May 2026, 8:11 am

മലയാളികളുടെ അഭിമാന താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ദുല്‍ഖര്‍ ചുരുങ്ങിയ സമയം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അന്യഭാഷയിലും താരം തന്റെ സാന്നിധ്യമറിയിച്ചു.

തമിഴില്‍ മികച്ച സിനിമകളുടെ ഭാഗമായ ദുല്‍ഖര്‍ തെലുങ്കില്‍ തന്റേതായ ഫാന്‍ ബേസ് കെട്ടിപ്പടുക്കുകയും ചെയ്തു. ബോളിവുഡിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുല്‍ഖറിന്റേതായി മലയാളത്തില്‍ ഒരു സിനിമയും വരാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദുല്‍ഖറിന്റേതായി പുറത്തുവന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

Dulquer Salmaan Photo/ Screen Grab/ Hollywood Reporter India

കോട്ടയത്ത് ഒരു ടെക്‌സ്‌റ്റൈയില്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ദുല്‍ഖര്‍. കോട്ടയത്തെ പ്രശസ്ത കോളേജായ സി.എം.എസ് കോളേജിനെ ദുല്‍ഖര്‍ ഇളക്കിമറിച്ചു. താരത്തോട് ചോദിച്ച ചോദ്യങ്ങളും അതിന് നല്‍കിയ മറുപടികളും ആരാധകരെ ആവേശത്തിലാക്കി. ദുല്‍ഖറിന്റെ ഫാഷന്‍ ഐക്കണ്‍ ആരാണെന്ന ചോദ്യവും അതിന് നല്‍കിയ മറുപടിയും ജനക്കൂട്ടത്തെ ഇളക്കിമറിച്ചു.

‘എനിക്ക് ആകെ ഒരൊറ്റ ഫാഷന്‍ ഐക്കണേ ഉള്ളൂ. വളരെ ചെറിയ പ്രായം തൊട്ട് കാണാന്‍ തുടങ്ങിയതാണ്. നിങ്ങളെല്ലാവരും കരുതുന്നത് പോലെ എന്റെ വീട്ടിലുള്ള ആള് തന്നെയാണത്. ഓരോ തവണയും എന്നെ ഞെട്ടിക്കാറുണ്ട്. ഇന്നലെയോ മറ്റോ ദുബായില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ഇട്ട ഡ്രസ് ശരിക്കും ഞെട്ടിച്ചു. ഓരോ തവണയും ഇങ്ങനെ തന്നെയാണ്. അടുത്ത തവണ ഏത് ഡ്രസ്സായിരിക്കും ഇടുക എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

 

മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ഫാഷന്റെ കാര്യത്തില്‍ മോളിവുഡില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ട് താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും. ഇരുവരുടെയും ഓഫ് സ്‌ക്രീന്‍ കോസ്റ്റിയൂമുകള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയാകാറുമുണ്ട്.

മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും ദുല്‍ഖര്‍ സംസാരിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചെയ്ത മലയാള ചിത്രം ഐ ആം ഗെയിം പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണെന്ന് താരം പറഞ്ഞു. ഈ വര്‍ഷത്തെ ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും എല്ലാവര്‍ക്കും ആഘോഷിക്കാനുള്ള വകുപ്പ് ഐ ആം ഗെയിമിലുണ്ടാകുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

I’m game/ Dulquer salmaan X page

ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിട്ടുള്ളത്. ദുല്‍ഖറിന് പുറമെ ആന്റണി വര്‍ഗീസ് പെപ്പെ, കതിര്‍, കയദു ലോഹര്‍, മിഷ്‌കിന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Dulquer Salmaan saying his only fashion icon is Mammootty

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം