പങ്കാളിയായ അമാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു റെക്കോഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ദുല്‍ഖര്‍.
ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് മില്യണ്‍ ലൈക്ക് നേടുന്ന ആദ്യ മോളിവുഡ് താരമായിരിക്കുകയാണ് ദുല്‍ഖര്‍. 5000ത്തിലധികം കമന്റുകളും ഈ പോസ്റ്റ് നേടി.

തന്റെ വീട്ടില്‍ ഏറ്റവുമധികം കേള്‍ക്കുന്ന വാക്ക് അമാല്‍ ആണെന്നാണ് പങ്കാളിക്ക് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ കുറിച്ചത്. എത്ര ക്ഷീണിച്ചാലും തങ്ങള്‍ക്ക് വേണ്ടി ഊര്‍ജം കാത്തുവയ്ക്കുന്ന അമാല്‍ ആണ് തന്റെ വീട്ടിലെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതെന്നും എപ്പോഴും നീയായിരിക്കുന്നതിനു നന്ദി എന്നും ദുല്‍ഖര്‍ പറഞ്ഞു.
‘ആം, മമ്മാ ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങള്‍ ആണിവ. അമാല്‍ നീ എത്ര ക്ഷീണിതയായാലും ഒരു ദിവസം മുഴുവന്‍ ജോലി ചെയ്തു തളര്‍ന്നാലും ഞങ്ങള്‍ക്കു വേണ്ടി നീ ഊര്‍ജം കണ്ടെത്തും. ഞങ്ങള്‍ ഇപ്പോള്‍ നിന്നെ ഒരു ഡസന്‍ തവണ ആഘോഷിച്ചിട്ടുണ്ടാകും.

നീ ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒരിക്കലും മാറുന്നില്ല. ജീവിതത്തില്‍ നീ ഒരുപാട് റോളുകള്‍ അനായാസമായി ചെയ്യുന്നുണ്ട്. നിന്റെ ശാന്തമായ വ്യക്തിത്വവും ശക്തിയുമാണ് കൂടുതല്‍ ആളുകളെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. നീ എപ്പോഴും നീയായിരിക്കുന്നതിന് നന്ദി. നിനക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു,’ ദുല്‍ഖര്‍ കുറിച്ചു.
