കല്യാണ്‍ ജ്വല്ലേഴ്‌സ് തൊടുപുഴയിലുള്ളതുപോലെ ജോര്‍ജുകുട്ടിയും കുടുംബവും ഇനി ആമസോണ്‍ പ്രൈമിലും... തിയേറ്റര്‍ വേട്ട അവസാനിപ്പിച്ച് ദൃശ്യം 3 ഒ.ടി.ടിയിലേക്ക്
Malayalam Cinema
കല്യാണ്‍ ജ്വല്ലേഴ്‌സ് തൊടുപുഴയിലുള്ളതുപോലെ ജോര്‍ജുകുട്ടിയും കുടുംബവും ഇനി ആമസോണ്‍ പ്രൈമിലും... തിയേറ്റര്‍ വേട്ട അവസാനിപ്പിച്ച് ദൃശ്യം 3 ഒ.ടി.ടിയിലേക്ക്
അമര്‍നാഥ് എം.
Saturday, 13th June 2026, 11:03 am

ഇന്‍ഡസ്ട്രി ഹിറ്റാകുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷക്ക് പകരം നിലവിലെ ഇയര്‍ ടോപ്പറായി മാറിയിരിക്കുകയാണ് ദൃശ്യം 3. മലയാളത്തില്‍ ഏറ്റവും വലിയ ഫാന്‍ബേസുള്ള ഫ്രാഞ്ചൈസിയും ഏറ്റവും വലിയ ബ്രാന്‍ഡും ഒന്നിച്ചപ്പോള്‍ ബോക്‌സ് ഓഫീസില്‍ തീപാറി. മിക്‌സഡ് റെസ്‌പോണ്‍സ് വെച്ച് മാത്രം 230 കോടിയോളമാണ് ചിത്രം നേടിയത്.

പൊലീസിനെയും നിയമവ്യവസ്ഥയെയും സമര്‍ത്ഥമായി കബളിപ്പിച്ചെങ്കിലും സ്വസ്ഥമായൊരു ജീവിതം ജോര്‍ജുകുട്ടിക്ക് ലഭിക്കാത്തതും ഭൂതകാലത്തെ ഓര്‍മകള്‍ വിടാതെ പിന്തുടരുന്നതുമാണ് ദൃശ്യം 3യുടെ കഥ. ആദ്യത്തെ രണ്ട് ഭാഗങ്ങളുടെയത്ര ഇല്ലെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ദൃശ്യത്തെ സ്വീകരിച്ചു. ഈ വര്‍ഷത്തെ രണ്ടാമത്തെ 200 കോടിയും മോഹന്‍ലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടിയും കൂടിയാണ് ദൃശ്യം 3.

തിയേറ്ററിലെ വിജയഗാഥക്ക് ശേഷം ചിത്രം ഒ.ടി.ടിയിലേക്കെത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് ആമസോണ്‍ പ്രൈം പുറത്തുവിട്ടു. ജൂണ്‍ 18 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒ.ടി.ടി റിലീസിനോടനുബന്ധിച്ച് മോഹന്‍ലാലും മറ്റ് പ്രധാന താരങ്ങളും ഒന്നിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും റിലീസ് ഡേറ്റിനൊപ്പം ആമസോണ്‍ പ്രൈം പങ്കുവെച്ചു.

മലയാളികള്‍ക്കിടയില്‍ മാത്രം സ്വീകാര്യത ലഭിച്ച ദൃശ്യം 3 ഒ.ടി.ടി റിലീസിന് ശേഷം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടുമെന്നാണ് കണക്കുകൂട്ടല്‍. കൊവിഡ് സമയത്ത് ദൃശ്യം 2വും ഇത്തരത്തില്‍ ട്രെന്‍ഡായിരുന്നു. അജയ് ദേവ്ഗണ്‍ അവതരിപ്പിച്ച ഹിന്ദി ദൃശ്യമാണ് ഒറിജിനലെന്ന് കരുതുന്നവര്‍ മലയാളത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം വിമര്‍ശനവുമായി വരാന്‍ സാധ്യതയുണ്ടെന്നും കണക്കുകൂട്ടുന്നു.

തിയേറ്റര്‍ റിലീസ് സമയത്ത് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ട്രോളുകള്‍ ഒ.ടി.ടി റിലീസിന് ശേഷം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച സഹദേവന്‍, വീണ നന്ദകുമാറിന്റെ യാമി എന്നീ കഥാപാത്രങ്ങള്‍ ട്രോള്‍ മെറ്റീരിയലായി മാറുമെന്ന് ഉറപ്പാണ്. ഒരുപാട് ലൂപ്‌ഹോളുകള്‍ നിറഞ്ഞ ജീത്തു ജോസഫിന്റെ സ്‌ക്രിപ്റ്റും വിമര്‍ശനത്തിന് വിധേയമായേക്കും.

മോഹന്‍ലാലിന്റെ പ്രകടനം ഒന്നുകൊണ്ട് മാത്രമാണ് ദൃശ്യം 3ക്ക് ഇത്രയും വലിയ കളക്ഷന്‍ ലഭിച്ചത്. ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളെല്ലാം ഉള്‍ക്കൊണ്ട ഗംഭീര പെര്‍ഫോമന്‍സാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചത്. ദൃശ്യത്തിന് നാലാം ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ വിമര്‍ശനങ്ങളില്‍ നിന്ന് ജീത്തു ജോസഫ് പാഠം പഠിക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Drishyam 3 OTT release date announced

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം