ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ അഥവാ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിന്റെയും. സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളോ അല്ലെങ്കില്‍ എന്റര്‍ടെയ്ന്‍മെന്റോ അങ്ങനെ എന്തുമാകട്ടെ അതേ കുറിച്ചുള്ള ആദ്യത്തെ റെസ്‌പോണ്‍സ് മുതല്‍ മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായി വരെ നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവങ്ങളെ പ്രാധാന്യമുള്ളതാക്കി തീര്‍ക്കുന്നതില്‍ സോഷ്യല്‍ മീഡിയക്ക്് വലിയ പങ്കുണ്ട്.

ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ വീഡിയോകളോ ചിത്രങ്ങളോ വാക്കുകളോ വരയോ ഒക്കെയായി ഏതെങ്കിലും തരത്തിലുള്ള കണ്ടന്റ് പ്രൊവൈഡ് ചെയ്യുന്നവരെയാണ് ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് പൊതുവെ വിളിക്കുന്നത്. ഇവരെ തന്നെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് എന്നും വിളിക്കാറുണ്ട്. വലിയ ഫോളോയിംഗ് ഉള്ളവരെയാണ് ഇന്‍ഫ്‌ളുവെന്‍സേഴ്‌സായി പരിഗണിക്കുന്നത്.

ലോകം മുഴുവന്‍ നേരത്തെ തന്നെ ആരംഭിച്ച ഈ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സ് അല്ലെങ്കില്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ ട്രെന്റ് അടുത്ത കാലത്താണ് കേരളത്തില്‍ സജീവമാകുന്നത്. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നവര്‍, വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍, ട്രാവല്‍ വീഡിയോസ്, കുക്കിംഗ് വീഡിയോസ്, ഫിലിം റിവ്യൂസ്, എഡ്യുക്കേഷണല്‍ വീഡിയോസ്, സയന്‍സ് എക്‌സ്പിരിമെന്റ് വീഡിയോസ്, പ്രാങ്ക് വീഡിയോസ്, റിയാക്ഷന്‍ വീഡിയോസ് എന്നു തുടങ്ങി ഏത് ഴോണറിലുമുള്ള കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യുന്നവര്‍ ഇന്ന് കേരളത്തിലുണ്ട്.

ഇതുവരെ പറഞ്ഞ കാര്യങ്ങളിലൊന്നും വലിയ പുതുമയില്ല, ഇനി പറയാന്‍ പോകുന്ന കാര്യങ്ങളിലും വലിയ പുതുമയില്ല. പക്ഷെ നാളുകളായി സമൂഹത്തില്‍ ഏറെ അപകടകരമായി വളര്‍ന്നുവരുന്ന ഒരു ട്രെന്റ് അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നത് കാണുന്നതു കൊണ്ട് വീണ്ടും ചര്‍ച്ച ചെയ്യേണ്ടി വരികയാണ്.

ഡോ.ക്രോം മെന്റല്‍ എന്ന ഇന്‍സ്റ്റ്ഗ്രാം ഇന്‍ഫ്‌ളുവെന്‍സര്‍ അയാളുടെ പേജിലും അനോണിമസ് മല്ലു എന്ന മറ്റൊരു പേജിലും ഷെയര്‍ ചെയ്യുന്ന കണ്ടന്റുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശ്രിയ എന്ന പെണ്‍കുട്ടി രംഗത്തുവന്നതും അതേ തുടര്‍ന്ന് ഇപ്പോഴും തുടരുന്ന വാഗ്വാദങ്ങളും മിക്കവരും ശ്രദ്ധിച്ചു കാണും. ഡോ. ക്രോം മെന്റലിന്റെ കണ്ടന്റിലെയും ശ്രിയയെ വെല്ലുവിളിച്ചെത്തിയ അയാളുടെ ലൈവ് വീഡിയോയിലെയും സ്ത്രീവിരുദ്ധതയും ആക്ഷേപവും ശ്രിയക്കെതിരെ ക്രോം മെന്റല്‍ ഫാന്‍സ് നടത്തുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങളും ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

Content Highlight: Dr.Chrome Mental and other toxic Malayalee social media influencers and the danger Explained