മുഖ്യമന്ത്രീ.., ഇതിനൊക്കെ താങ്കള്‍ എണ്ണിയെണ്ണി മറുപടി പറയണം
F.B Notification
മുഖ്യമന്ത്രീ.., ഇതിനൊക്കെ താങ്കള്‍ എണ്ണിയെണ്ണി മറുപടി പറയണം
ഡോ. ആസാദ്
Sunday, 9th August 2020, 11:31 am

എന്നെക്കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കേണ്ട എന്നു മുഖ്യമന്ത്രി. പറയണം സാര്‍, എന്തെങ്കിലുമുണ്ടെങ്കില്‍ എണ്ണിയെണ്ണി പറയണം. പഴയ മുഖ്യമന്ത്രിയുടെ കഥകളാണെങ്കില്‍ താങ്കള്‍ എത്രയോ തവണ പറഞ്ഞുകഴിഞ്ഞു.

അതിലിനി എന്താണ് പറയാനുള്ളത്? ചെയ്യാനല്ലേയുള്ളൂ? അതാണെങ്കില്‍ ചെയ്യുന്നുമില്ല. ഇപ്പോള്‍ കാണിച്ചു തരാമെന്ന ഭീഷണിയേയുള്ളു നാലു വര്‍ഷമായി.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരോടും ജനങ്ങളോടും താങ്കള്‍ എന്തിനിങ്ങനെ ക്ഷോഭിക്കണം? ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണത്തിന്റെ കേന്ദ്രത്തില്‍ കള്ളക്കടത്തു ലോബികളുടെ ഇടനിലക്കാര്‍ എത്തി എന്നതു നേരല്ലേ? താങ്കളുടെ വകുപ്പില്‍ ലക്ഷത്തിലേറെ രൂപ പ്രതിഫലം വാങ്ങുന്ന ജോലിയില്‍ അവര്‍ പിന്‍വാതില്‍ നിയമനം നേടിയില്ലേ? താങ്കളുടെ വിശ്വസ്ത സെക്രട്ടറിയുടെ വിശ്വസ്ത സുഹൃത്തുക്കളായില്ലേ?

അപ്പോള്‍ താങ്കള്‍ ഉത്തരം പറയേണ്ട ചോദ്യമേ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുള്ളു. ഇ എം എസ്സിനോടും നെഹ്‌റുവിനോടും അഴിമതിയുടെ വേരുകള്‍ ചോദിച്ച പത്രപ്രവര്‍ത്തകരുടെ പിന്മുറക്കാരാണവര്‍. വിരട്ടലില്‍ വീഴരുതാത്ത പാരമ്പര്യമാണത്.

താങ്കളുടെ ഓഫീസ് താങ്കളെന്ന വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസാണത്. അവിടത്തെ ഓരോ ഫയലിലും താങ്കളുടെ സമ്മതമോ വിസമ്മതമോ കാണണം. അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുതന്നെയാണ് മുഖ്യമന്ത്രി. താങ്കളെ പൂരിപ്പിക്കുന്നവ. അഥവാ പൂരിപ്പിക്കേണ്ടവ.

അതിനാല്‍ പറയണം സാര്‍. താങ്കളുടെ സെക്രട്ടറി നടത്തിയ യാത്രകള്‍, അവിഹിത നിയമനങ്ങള്‍ കരാര്‍ ഒപ്പു വെയ്ക്കലുകള്‍. പിന്‍വാതിലിലൂടെ എത്ര നിയമനങ്ങള്‍ നടന്നിട്ടുണ്ടാവും സാര്‍ സെക്രട്ടറിയേറ്റില്‍? എണ്ണമൊന്നു പറയാമോ? മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തെക്കുറിച്ചു ചോദിക്കുന്നില്ല. മറ്റു തസ്തികകളുടെ കാര്യം പറയൂ. പി എസ് സിയെ നോക്കുകുത്തിയാക്കി കണ്‍സള്‍ട്ടന്‍സികള്‍ മുഖേന വെച്ചവ എത്ര കാണും? അത് ആരുടെയെല്ലാം താല്‍പ്പര്യമായിരുന്നു? നിയമനത്തിന്റെ പേരില്‍ കണ്‍സള്‍ട്ടന്‍സികള്‍ക്കു മാത്രം എത്ര കോടി കൊടുത്തു കാണും?

എന്താണ് കണ്‍സള്‍ട്ടന്‍സികളോട് ഇത്ര സ്‌നേഹം തോന്നാന്‍? നമ്മുടെ വിവിധ വകുപ്പുകളിലെ വിദഗ്ദ്ധരെയും കേരളത്തില്‍ ലഭ്യമായ സാദ്ധ്യതകളും വിട്ട് വിദേശ കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സികളെ പഠനത്തിനു നിയോഗിക്കുമ്പോള്‍ എന്തുതരം ആനന്ദമാണ് കിട്ടുന്നത് സാര്‍? ജനങ്ങളുടെ പണമാണല്ലോ ധൂര്‍ത്തടിക്കുന്നത്! വലിയ പദ്ധതികളോടുള്ള ഭ്രമത്തിനു കാരണം അതിലെ ഇത്തരം വലിയ സാദ്ധ്യതകളാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അതു തെറ്റാകുമോ?

കള്ളക്കടത്തു പ്രതികളില്‍ പലരെയും അറിയാത്ത മന്ത്രിമാരും ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും കുറവാണ് എന്നത് എന്തിന്റെ ലക്ഷണമാണ് സാര്‍? മന്ത്രിമാരുടെ വീട്ടിലും ഓഫീസിലും അവരെത്തി എന്നതിനെക്കാള്‍ ദയനീയമല്ലേ തിരിച്ചും സംഭവിച്ചു എന്നത്? യു എ ഇ കോണ്‍സലേറ്റുമായി മന്ത്രിമാരുടെ ബന്ധം എങ്ങനെ വിശദീകരിക്കുന്നു സാര്‍? ഉന്നത വിദ്യാഭ്യാസ മന്ത്രി സക്കാത്തു വാങ്ങി പാര്‍ട്ടി ഓഫീസിലാണ് ശേഖരിച്ചതും വിതരണം ചെയ്തതും. അതൊരു കടപ്പാടുണ്ടാക്കലല്ലേ? ഖുറാന്‍ എന്നു പറഞ്ഞു വന്ന പാര്‍സലുകള്‍ ഏതു വിധേയത്വത്തിന്റെ പേരിലാണ് സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത്? അതില്‍ സ്വര്‍ണമുണ്ടായിരുന്നില്ല എന്ന് എങ്ങനെ ഉറപ്പിക്കും? ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെ സംശയിക്കാതിരിക്കാന്‍ സാധ്യമല്ല.

കോണ്‍സലേറ്റുമായുള്ള മന്ത്രി ജലീലിന്റെ ബന്ധം പ്രോട്ടോകോള്‍ ലംഘനമാണ്. ആ ബന്ധത്തിന്റെ പേരില്‍ ചെയ്ത കാര്യങ്ങള്‍ കടുത്ത നിയമ ലംഘനങ്ങളാണെന്നു വ്യക്തം. വിശദീകരണം ചോദിച്ചുവോ മുഖ്യമന്ത്രി? കള്ളക്കടത്തു കേസിലെ രണ്ടാം പ്രതിയുമായി അടുത്ത ബന്ധമുള്ള മന്ത്രിമാര്‍ വേറെയും ഉണ്ടെന്നു കേള്‍ക്കുന്നു. അന്വേഷിച്ചുവോ സാര്‍? ഇതൊക്കെ എന്‍ ഐ എ അന്വേഷിച്ചുകൊള്ളും എന്നു ജനങ്ങളോടു പറയരുത്. സ്വന്തം അന്വേഷണ സംവിധാനമുള്ള താങ്കളുടെ പാര്‍ട്ടിപോലും അതു സമ്മതിച്ചു തരാനിടയില്ല.

കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കീഴ്‌പ്പെടുത്തിയ വൈറസ് മറ്റു മന്ത്രിമാരിലേക്കു പകരുന്നത് എളുപ്പമാണ്. ആ റൂട്ട് മാപ്പാണ് മറ്റുള്ളവരുടെ രക്ഷാകവചം. അതുകൊണ്ടല്ലേ സാര്‍, താങ്കള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാത്തത്? താങ്കളുടെ ഓഫീസിനെ കുറിച്ചുള്ള ഏതു ചോദ്യത്തിനു മുന്നിലും കലി തുള്ളുന്നത്? പഴയ മുഖ്യമന്ത്രിയാണ് താങ്കളുടെ രക്ഷാ കവചമെന്നത് എന്തൊരു നാണക്കേടാണ് സാര്‍? കേരളത്തിലെ ജനങ്ങള്‍ നാലു വര്‍ഷം മുമ്പ് തിരസ്‌കരിച്ചതാണ് താങ്കള്‍ ഇപ്പോഴും രക്ഷയ്ക്കു കൊണ്ടു നടക്കുന്നത്!

അതുകൊണ്ട് പഴയ വൃത്തികെട്ട കഥകള്‍കൊണ്ട് പുതിയ കൊള്ളരുതായ്മകള്‍ ഒളിപ്പിക്കാമെന്നു കരുതരുത്. മാധ്യമ പ്രവര്‍ത്തകര്‍ വിരണ്ടുകാണും എന്നു ധരിക്കരുത്. ജനങ്ങളെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് എതിരാക്കി ഭരണകൂടത്തിനു രക്ഷപ്പെടാം എന്നത് മൗഢ്യമാണ്. മാധ്യമ മുതലാളിമാര്‍ക്കും കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സികള്‍ക്കും കള്ളക്കടത്തു ലോബികള്‍ക്കും ഇവര്‍ക്കെല്ലാം വഴങ്ങുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ജനങ്ങളോടാണ് ശത്രുതയെന്ന് ആര്‍ക്കാണ് അറിയാത്തത്? അതുകൊണ്ട് താങ്കള്‍ ഒഴിഞ്ഞു മാറേണ്ടതില്ല. താങ്കളുടെ ഓഫീസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വൃത്തികെട്ട കഥകളല്ല ശരിയായ ഉത്തരമാണ് വേണ്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pinaray Vijayan Gold Smuggling