കൊച്ചി: ഓണ്‍ലൈന്‍ മാധ്യമരംഗത്ത് 10 വര്‍ഷമായി നിലകൊള്ളുന്ന ഡൂള്‍ന്യൂസിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഉദ്ഘാടനം സംവിധായകന്‍ ആഷിക് അബു കൊച്ചിയില്‍ നിര്‍വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍, ഡൂള്‍ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മുഹമ്മദ് സുഹൈല്‍, ന്യൂസ് എഡിറ്റര്‍ അജ്മല്‍ ആരാമം, ചീഫ് കറസ്‌പോണ്ടന്റ് ഷഫീക് താമരശ്ശേരി, സബ് എഡിറ്റര്‍ നിമിഷ ടോം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ പത്തു വര്‍ഷമായി ഡൂള്‍ന്യൂസ് നടത്തിവരുന്ന മാധ്യമ ഇടപെടലുകള്‍ക്ക് വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പിന്തുണ നല്‍കാന്‍ സാധിക്കുന്നതിന് വേണ്ടിയാണ് ഡൂള്‍ന്യൂസ് സബ്‌സ്‌ക്രിപ്ഷന്‍ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഡൂള്‍ന്യൂസിന്റെ വെബ്‌സൈറ്റിലുള്ള Support DoolNews ബട്ടണിലൂടെ വായനക്കാര്‍ക്ക് സാമ്പത്തിക പിന്തുണകള്‍ നല്‍കാം.

100 രൂപ മുതല്‍ 4990 വരെയുള്ള അഞ്ച് വ്യത്യസ്ത പെയ്‌മെന്റ് സ്‌കീമുകളിലൂടെ ഡൂള്‍ന്യൂസിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കാം.

ജനങ്ങളുടെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ ധീരവും മികവാര്‍ന്നതുമായ മാധ്യമപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വായനക്കാരുടെ സാമ്പത്തിക പിന്തുണ കൂടി അനിവാര്യമാണ്.

അത് ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കും. വായനക്കാര്‍ നല്‍കുന്ന ചെറുതും വലുതുമായ തുകകള്‍ ഡൂള്‍ന്യൂസിന്റെ ഭാവിയെ മാത്രമല്ല ഈ ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിനെയും ശക്തിപ്പെടുത്തുമെന്ന് ഡൂള്‍ന്യൂസ് ടീം വിശ്വസിക്കുന്നു.