ഗസസിറ്റി: വീട് നഷ്ടപ്പെട്ടവര്‍..വെള്ളത്തിനും ഭക്ഷണത്തിനും വൈദ്യുതിക്കും വേണ്ടി കാത്തിരിക്കുന്നവര്‍… പഠിക്കാനുള്ള പോലും അവകാശം നഷ്ടപ്പെട്ട കുട്ടികള്‍… ചികിത്സ ലഭിക്കാതെ കഴിയുന്ന രോഗികള്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗസയിലെ മനുഷ്യര്‍ അതിജീവനത്തിനായുള്ള നിരന്തര പോരാട്ടത്തിലാണ്.
ഒരു യുദ്ധം ഒരു പ്രദേശത്തിന്റെ ഭൂപടം മാത്രമല്ല മാറ്റുന്നത്. മനുഷ്യരുടെ ജീവിതവും അവരുടെ വീടുകളും ഉപജീവനവും വിദ്യാഭ്യാസവും ആരോഗ്യവും സാമൂഹിക സംവിധാനങ്ങളുമെല്ലാം അതിനൊപ്പം തകര്‍ന്നുവീഴും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇസ്രഈല്‍ ആക്രമണങ്ങള്‍ ഗസയെ മാറ്റിയതും ഈ വിധമാണ്.
2023 ഒക്ടോബര്‍ 7 ന് ഇസ്രഈല്‍ ആരംഭിച്ച യുദ്ധം ഗസയെ തിരിച്ചറിയാനാകാത്ത വിധം മാറ്റിയിരിക്കുന്നു. തുടര്‍ച്ചയായ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും വീടുകളും റോഡുകളും ആശുപത്രികളും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും എന്നുവേണ്ട സകലതും തകര്‍ത്തു.
ഏകദേശം 20 ലക്ഷം പേര്‍ താമസിക്കുന്ന ഗസയില്‍ 74,245-ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം പറയുന്നു. 2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആക്രമണങ്ങളും സൈനിക നടപടികളും പൂര്‍ണമായി അവസാനിച്ചില്ല. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം മാത്രം 1,462 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
മൂന്ന് വര്‍ഷത്തെ യുദ്ധത്തിന്റെ ഏറ്റവും വലിയ ആഘാതം കെട്ടിടങ്ങളുടെ നാശമല്ല. മറിച്ച് ഒരു സാധാരണ ജീവിതം എന്ന ആശയം തന്നെ അവിടെ തകര്‍ക്കപ്പെട്ടു എന്നതാണ്. മൂന്ന് വര്‍ഷത്തെ യുദ്ധം ഗസയെ എങ്ങനെയെല്ലാം മാറ്റിമറിച്ചുവെന്ന് പരിശോധിക്കാം..

വീട്, വെള്ളം, വൈദ്യുതി
ഒരു വീടിന്റെ വാതില്‍ തുറന്ന് അകത്തേക്ക് കയറുക, ടാപ്പ് തുറന്ന് വെള്ളമെടുക്കുക, വൈദ്യുതി ഉപയോഗിക്കുക, വാഹനത്തില്‍ യാത്ര ചെയ്യുക, ഒരിക്കല്‍ സാധാരണമായിരുന്ന കാര്യങ്ങളാണ് ഇന്ന് ഗസയിലെ അനേകം കുടുംബങ്ങള്‍ക്ക് അന്യമായിരിക്കുന്നത്.
സെപ്റ്റംബറില്‍ യു.എന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഗസയിലെ 94 ശതമാനം ജനങ്ങള്‍ക്കും അടിയന്തരമായി താമസസൗകര്യവും അടിസ്ഥാന വീട്ടുപകരണങ്ങളും ആവശ്യമാണ്. 65 ശതമാനം കുടുംബങ്ങളും ടെന്റുകളിലോ താത്ക്കാലിക ഷെല്‍ട്ടറുകളിലോ ആണ് കഴിയുന്നത്. കിടക്ക, വെളിച്ചം, ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള ഉപകരണങ്ങള്‍, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ പോലും പല കുടുംബങ്ങള്‍ക്കും ലഭ്യമല്ല.
വെള്ളത്തിനായി കാത്തിരിക്കുന്നവര്‍
ഗസയില്‍ വെള്ളം കണ്ടെത്തുക എന്നത് തന്നെ മനുഷ്യരുടെ ദിവസേനയുള്ള ഒരു ജോലിയായി മാറി. ഓഗസ്റ്റ് ആദ്യം നടന്ന പരിശോധനയില്‍ ഗസയിലെ 91 ശതമാനവും മിതമായതോ ഉയര്‍ന്നതോ ആയ ജലക്ഷാമം നേരിട്ടതായി യു.എന്‍ പറയുന്നു. ജൂണില്‍ ഇത് 84 ശതമാനമായിരുന്നു.
വൈദ്യുതിയുടെ കാര്യവും വ്യത്യസ്തമല്ല. ഗസയിലെ വൈദ്യുതി ഗ്രിഡ് പ്രവര്‍ത്തനരഹിതമായതോടെ വീടുകളും ആശുപത്രികളും മറ്റ് അവശ്യ സേവനങ്ങളും ജനറേറ്ററുകളെയാണ് ആശ്രയിക്കുന്നത്. ഇന്ധനം, എന്‍ജിന്‍ ഓയില്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ ലഭ്യതയും പരിമിതമാണ്.

തകര്‍ന്ന റോഡുകളും ആശയവിനിമയ സംവിധാനങ്ങളും ആളുകളുടെ യാത്രയെയും ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ലഭ്യതയേയും കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.
വെള്ളം ശേഖരിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും കുളിക്കുന്നതും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്നതുമെല്ലാം ഇന്ന് ഗസയിലെ മനുഷ്യര്‍ക്ക് കൃത്യമായി ആസൂത്രണം ചെയ്യേണ്ട കാര്യങ്ങളായി മാറിയിരിക്കുന്നു.
സമ്പദ്‌വ്യവസ്ഥ തകര്‍ന്നപ്പോള്‍ തൊഴിലും ഇല്ലാതായി
വ്യാപാര സ്ഥാപനങ്ങളും പ്രാദേശിക വ്യവസായങ്ങളും നശിച്ചതോടെ കുടുംബങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. സെപ്റ്റംബറിലെ യു.എന്‍ വ്യാപാര-വികസന സമ്മേളനത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബറിന് ശേഷം ഗസയിലെ 92 ശതമാനം സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണമായി നശിക്കുകയോ ചെയ്തു.
ഗസയിലെ തൊഴിലില്ലായ്മ 78 ശതമാനത്തിലെത്തി. 2025-ല്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ശരാശരി 212 ഡോളര്‍ മാത്രമായിരുന്നു ഗസയുടെ പ്രതിശീര്‍ഷ ജി.ഡിപി. അതായത്, 2022-ല്‍ ഉണ്ടായിരുന്ന നിലയുടെ 17 ശതമാനം മാത്രമായി സമ്പദ്‌വ്യവസ്ഥ ചുരുങ്ങി.
കൃഷിയും വ്യവസായവും 2022-ല്‍ ഉണ്ടായിരുന്ന ഉത്പ്പാദനത്തിന്റെ വെറും 6 ശതമാനം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. നിര്‍മാണ മേഖലയുടെ സ്ഥിതി അതിലും ഗുരുതരമാണ്. 2022ല്‍ ഉണ്ടായിരുന്ന ഉത്പാദനത്തിന്റെ 1 ശതമാനം മാത്രമാണ് ഈ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത്.
സമ്പദ്‌വ്യവസ്ഥ തകര്‍ന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നു. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍, 2026 സെപ്റ്റംബറില്‍ ഗസയിലെ സാധനങ്ങളുടെ വില ഏകദേശം മൂന്നിരട്ടിയായി ഉയര്‍ന്നു.
തൊഴിലും വരുമാനവും നഷ്ടപ്പെട്ടതോടെ പല കുടുംബങ്ങള്‍ക്കും സ്വന്തം വരുമാനത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയായി. ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റാന്‍ പലരും പാടുപെടുകയാണ്. കടം വാങ്ങിയും ചെറിയ തോതിലുള്ള താത്ക്കാലിക ജോലികള്‍ ചെയ്തുമാണ് പലരും മുന്നോട്ടുപോകുന്നത്.
ഗവേഷകനായ റാമി അല്‍-സായ്ഗിന്റെ വിലയിരുത്തലില്‍, യുദ്ധം ഗസയിലെ സമൂഹത്തെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് തള്ളിയിരിക്കുകയാണ്.
യുദ്ധം തൊഴില്‍രംഗത്തെയും വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടുപോയി. പഴയകാല തൊഴിലുകള്‍ വീണ്ടും തിരിച്ചുവരികയും, ലഭ്യമായ ലളിതമായ ഉപകരണങ്ങളും പരിമിതമായ വിഭവങ്ങളും ഉപയോഗിച്ച് പുതിയ ജോലികള്‍ കണ്ടെത്താന്‍ ആളുകള്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍ ജീവിക്കാന്‍ മാനുഷിക സംഘടനകളുടെ സഹായമാണ് ആശ്രയം.
അതേസമയം, പണം എന്നത് തന്നെ അപൂര്‍വമായി. ഉപയോഗിക്കുന്നവര്‍ തന്നെ ഡിജിറ്റല്‍ പേയ്‌മെന്റുകളും ഇ-വാലറ്റുകളെയുമാണ് കൂടുതലായി ആശ്രയിക്കുന്നത്.
ക്ലാസ് മുറികളില്ലാതെ വളരുന്ന ഒരു തലമുറ
ഗസയിലെ കുട്ടികള്‍ക്ക് യുദ്ധം നഷ്ടപ്പെടുത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. ഏകദേശം മൂന്ന് വര്‍ഷമായി ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സാധാരണ രീതിയിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. സ്‌കൂളുകള്‍ തകര്‍ന്നതും നശിച്ചതും മാത്രമല്ല, നിലനില്‍ക്കുന്ന പല സ്‌കൂളുകളും അഭയകേന്ദ്രങ്ങളായി മാറിയതും വലിയ വെല്ലുവിളിയാണ്.
യൂണിസെഫിന്റെ കണക്കനുസരിച്ച് ഗസയിലെ ഏകദേശം 98 ശതമാനം സ്‌കൂളുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കുകയോ ചെയ്തിട്ടുണ്ട്.
2026 ഏപ്രിലോടെ നാല് മുതല്‍ 17 വയസുവരെയുള്ള ഏകദേശം ഏഴ് ലക്ഷം കുട്ടികള്‍ക്ക് തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തോളം നേരിട്ടുള്ള സ്‌കൂള്‍ വിദ്യാഭ്യാസം നഷ്ടമായി. ക്ലാസ് മുറികള്‍ക്ക് പകരം ടെന്റുകളിലും താല്‍ക്കാലിക പഠനകേന്ദ്രങ്ങളിലുമാണ് ചില കുട്ടികള്‍ പഠിക്കുന്നത്.
എന്നാല്‍ ഏകദേശം രണ്ട് ലക്ഷം കുട്ടികള്‍ക്ക് സ്‌കൂളിലോ മറ്റ് താല്‍ക്കാലിക പഠനകേന്ദ്രങ്ങളിലോ പഠനം തുടരാനുള്ള അവസരം പോലും ലഭിക്കുന്നില്ല.

കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത് മൂന്ന് വര്‍ഷത്തെ ക്ലാസുകള്‍ മാത്രമല്ല. മറിച്ച് വായന, എഴുത്ത്, അടിസ്ഥാന പഠനശേഷികള്‍ എന്നിവയില്‍ വലിയ വിടവ് രൂപപ്പെടുകയാണ്. ഫലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നതുപോലെ, വര്‍ഷങ്ങളായുള്ള പഠനതടസം ഒരു തലമുറയുടെ ദീര്‍ഘകാല വിദ്യാഭ്യാസ സാധ്യതകളെ തന്നെ ബാധിച്ചേക്കാം. ഗസയിലെ കുട്ടികളെ സംബന്ധിച്ച് യുദ്ധം അവരുടെ ബാല്യത്തെ മാത്രമല്ല, അവരുടെ ഭാവിയുടെ ഒരു കൂടിയാണ് ഒരു ഭാഗം കവര്‍ന്നെടുക്കുന്നത്.
ആശുപത്രികള്‍ ബാക്കിയുണ്ടെങ്കിലും ചികിത്സ എവിടെ?
ഗസയിലെ ആരോഗ്യസംവിധാനത്തിന്റെ അവസ്ഥ അതിലും ഗുരുതരമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഗസയിലെ 36 ആശുപത്രികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിലവില്‍ 19 ആശുപത്രികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതും പൂര്‍ണ ശേഷിയില്‍ അല്ല.
പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ പോലും മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, രോഗനിര്‍ണയ സാമഗ്രികള്‍, ഇന്ധനം തുടങ്ങിയവയുടെ കടുത്ത ക്ഷാമം നേരിടുന്നു.
മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമം കാന്‍സര്‍ ചികിത്സ, ഡയാലിസിസ്, ദീര്‍ഘകാല രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നിവയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്
ഗസയ്ക്ക് പുറത്തേക്ക് ചികിത്സയ്ക്കായി മാറ്റേണ്ട രോഗികളുടെ കാര്യത്തിലും സ്ഥിതി ആശങ്കാജനകമാണ്. 2023 ഒക്ടോബറിന് ശേഷം ഏകദേശം 12,400 രോഗികളെ മാത്രമാണ് മെഡിക്കല്‍ ഇവാക്വേഷനിലൂടെ പുറത്തേക്ക് മാറ്റാനായത്. എന്നാല്‍ ഗസയ്ക്കുള്ളില്‍ ലഭ്യമല്ലാത്ത പ്രത്യേക ചികിത്സ ആവശ്യമായ പതിനായിരക്കണക്കിന് രോഗികള്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ആശുപത്രികളുടെ തകര്‍ച്ചയ്ക്കൊപ്പം ജനങ്ങളുടെ താമസ സാഹചര്യങ്ങളും മോശമായതോടെ രോഗവ്യാപനത്തിന്റെ സാധ്യതയും ഉയര്‍ന്നു.
തിരക്ക്, സുരക്ഷിതമായ താമസസ്ഥലങ്ങളുടെ അഭാവം, ശുദ്ധജലത്തിന്റെയും ശുചിത്വ സംവിധാനങ്ങളുടെയും കുറവ് ഇവയെല്ലാം പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഗസ; യുദ്ധം മാറ്റിയ ഗസയുടെ ഭൂപടം
ഇസ്രഈന്റെ സൈനിക നിയന്ത്രണങ്ങളും കടുത്ത പ്രവേശന വിലക്കുകളും ഗസയിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും താമസമേഖലകളെയും കൂടുതല്‍ ചുരുക്കിയിരിക്കുകയാണ്. സ്വന്തം വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവന കേന്ദ്രങ്ങളിലേക്കും പോലും പലര്‍ക്കും ഇപ്പോള്‍ എത്തിച്ചേരാനാകുന്നില്ല.
2025 ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ഗസയ്ക്കുള്ളിലെ ഇസ്രഈല്‍ സൈനിക നിയന്ത്രണ മേഖലകള്‍ അടയാളപ്പെടുത്തുന്ന ‘യെല്ലോ ലൈന്‍’ നിലവില്‍ വന്നത്. എന്നാല്‍ പിന്നീട് ഈ നിയന്ത്രിത മേഖലകള്‍ കൂടുതല്‍ ജനവാസ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകളിലേക്കും ഭൂമിയിലേക്കും തിരിച്ചെത്താനുള്ള സാധ്യതയും ഇല്ലാതായി.

സെപ്റ്റംബര്‍ 29-ന് യൂറോ-മെഡ് ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഗസയുടെ ഏകദേശം 70 ശതമാനം പ്രദേശവും ഇസ്രഈല്‍ സൈനിക നിയന്ത്രണത്തിലോ പ്രവേശന നിയന്ത്രണത്തിലോ ആണ്. അതായത്, 20 ലക്ഷത്തിലധികം വരുന്ന ഗസയിലെ ജനങ്ങള്‍ക്ക് താമസിക്കാനും കഴിയാനുമുള്ളത് പ്രദേശത്തിന്റെ 30 ശതമാനത്തില്‍ താഴെ വരുന്ന ഭാഗത്ത് മാത്രമാണ്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് റഫാ.
ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ ഗസയിലെ റഫാ, യുദ്ധത്തിനിടെ ഗസയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്ത 10 ലക്ഷത്തിലധികം ആളുകളുടെ അഭയകേന്ദ്രമായി മാറിയിരുന്നു.
2024 മേയില്‍ ഇസ്രഈല്‍ സൈനിക നടപടി ആരംഭിച്ചതോടെ യു.എന്നിന്റെ കണക്കനുസരിച്ച് എട്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് റഫായില്‍ നിന്ന് വീണ്ടും പലായനം ചെയ്യേണ്ടിവന്നു.
ഇന്ന് റഫയുടെ ഭൂരിഭാഗവും, പടിഞ്ഞാറന്‍ ഭാഗമായ മവാസി റഫാ ഒഴികെ, ഇസ്രഈല്‍ നിയന്ത്രണത്തിലാണ്. സ്വന്തം വീടുകളില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് അവിടേക്ക് തിരിച്ചെത്താനും കഴിയാത്ത അവസ്ഥ.
അതായത്, ഗസയില്‍ വീട് നഷ്ടപ്പെടുന്നത് ഒരു താല്‍ക്കാലിക ദുരന്തം മാത്രമല്ല, സ്വന്തം ഭൂമിയിലേക്ക് മടങ്ങാനുള്ള അവകാശം തന്നെ അനിശ്ചിതമാകുന്ന അവസ്ഥയാണ്.
ഭരണസംവിധാനം തകര്‍ന്നപ്പോള്‍ സുരക്ഷയും തകര്‍ന്നു
2007 മുതല്‍ ഗസയുടെ ഭരണവും സിവിലിയന്‍ സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഹമാസിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ യുദ്ധം ഈ സംവിധാനങ്ങളെയും ഗുരുതരമായി തകര്‍ത്തു.
2026 ജൂലൈയില്‍ ഗസയുടെ ഭരണപരമായ അധികാരങ്ങള്‍ സാങ്കേതിക വിദഗ്ധരടങ്ങുന്ന ഫലസ്തീന്‍ സമിതിയായ National Committee for the Administration of Gaza (NCAG)യ്ക്ക് കൈമാറുമെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ അധികാര കൈമാറ്റം ഇതുവരെ പൂര്‍ണമായി നടപ്പായിട്ടില്ല. അതേസമയം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട സംവിധാനങ്ങളും കൂടുതല്‍ ദുര്‍ബലമായതോടെ ഗസയില്‍ ഭരണപരമായ അനിശ്ചിതത്വവും രൂക്ഷമായി.
2026 ജനുവരി മുതല്‍ മേയ് വരെ ഗസയിലെ പൊലീസ് സംവിധാനങ്ങള്‍ക്കെതിരെ കുറഞ്ഞത് 12 ആക്രമണങ്ങള്‍ നടന്നതായി യുഎന്‍ മനുഷ്യാവകാശ ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 53 പേര്‍ കൊല്ലപ്പെട്ട ഈ ആക്രമണങ്ങളില്‍ 35 പേര്‍ പൊലീസുകാരായിരുന്നു.
പൊതുഭരണ സംവിധാനങ്ങളെയും പൊലീസ് സംവിധാനങ്ങളെയും ലക്ഷ്യമിടുന്നത് ഗസയിലെ സാധാരണക്കാരുടെ സംരക്ഷണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും അരാജകത്വം വര്‍ധിപ്പിക്കുകയും ചെയ്തതായി യു.എന്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും സമാനമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ തകര്‍ച്ച തട്ടിക്കൊണ്ടുപോകല്‍, സ്വത്തിനെതിരായ ആക്രമണം, കൊള്ള, മാനുഷിക സഹായങ്ങളുടെ മോഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍.
മൂന്ന് വര്‍ഷം കൊണ്ട് ഗസയില്‍ എന്താണ് ബാക്കിയായത്?
തകര്‍ന്ന വീടുകള്‍,
വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങള്‍.
ക്ലാസ് മുറി നഷ്ടപ്പെട്ട കുട്ടികള്‍.
ചികിത്സ നഷ്ടപ്പെട്ട രോഗികള്‍.
വെള്ളത്തിനായി കാത്തിരിക്കുന്ന മനുഷ്യര്‍.
വൈദ്യുതിയില്ലാത്ത വീടുകള്‍.
തിരിച്ചുപോകാനാകാത്ത നഗരങ്ങള്‍.
ചുരുങ്ങിക്കൊണ്ടിരിക്കുന്ന താമസസ്ഥലങ്ങള്‍.
ദുര്‍ബലമായ ഭരണസംവിധാനം.
യുദ്ധത്തിന്റെ കണക്കുകള്‍ മരണസംഖ്യയിലും തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണത്തിലും മാത്രം ഒതുങ്ങുന്നില്ല. ഒരു സമൂഹത്തിന്റെ സാധാരണ ജീവിതത്തെ താങ്ങിനിര്‍ത്തിയിരുന്ന ഓരോ സംവിധാനവും ഒന്നിന് പിന്നാലെ ഒന്നായി തകരുന്നതാണ് ഗസയിലെ മൂന്ന് വര്‍ഷങ്ങളുടെ യഥാര്‍ഥ ചിത്രം.
യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും തള്ളിനീക്കുന്ന ഒരു ജനതയ്ക്ക്, നാളെ എവിടെയായിരിക്കും വീട്, എവിടെ നിന്ന് വെള്ളം കിട്ടും, കുട്ടികള്‍ക്ക് എവിടെ പഠിക്കാനാകും, രോഗിയായാല്‍ എവിടെ ചികിത്സ തേടും എന്ന ചോദ്യങ്ങള്‍ക്ക് പോലും ഉറപ്പുള്ള ഉത്തരമില്ല.
മൂന്ന് വര്‍ഷത്തെ യുദ്ധം ഗസയുടെ ഭൂപ്രകൃതിയെ മാറ്റിയതുപോലെ തന്നെ, അവിടെ ജീവിക്കുന്ന മനുഷ്യരുടെ ‘സാധാരണ ജീവിതം’ എന്ന സങ്കല്‍പ്പത്തെയും അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു.
Content Highlight: Dool In-Depth: Three Years of Israeli Genocide; What Is Left in Gaza?
