മുംബൈ: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ശിവസേന. അമേരിക്കന്‍ പ്രസിഡണ്ടിന്റെ 36 മണിക്കൂര്‍ സന്ദര്‍ശനം സാധാരണക്കാരന്റെയോ ദരിദ്രരുടെയോ ജീവിതത്തില്‍ ഒരണ പോലും വ്യത്യാസമുണ്ടാക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടി പ്രതികരണം. ശിവസേന മുഖപത്രമായ സാമ്‌നയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് ട്രംപിന്റെ വിശദീകരണം പ്രധാനമന്ത്രിയുമായി ചില ബിസിനസ് ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ അമേരിക്കല്‍ വ്യവസായം മെച്ചപ്പെടുത്താന്‍ വേണ്ടിയായിരിക്കുമെന്നും ശിവ സേന പറഞ്ഞു.
ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഇടത്തരക്കാരുടെയോ പാവപ്പെട്ടവരുടെയോ ജീവിതത്തില്‍ ഒരണ പോലും മാറ്റമുണ്ടാക്കാന്‍ പോകുന്നില്ല. പിന്നെയെവിടെയാണ് ജനങ്ങള്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ അഭിനന്ദിക്കുകയോ അതില്‍ ഉത്സാഹം കാണിക്കുകയോ ചെയ്യാത്തതിന്റെ ചോദ്യം ഉയരുന്നത്.’ ശിവസേന ചോദിച്ചു.
ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഏതെങ്കിലും തരത്തില്‍ ആകാംക്ഷയുണ്ടെങ്കില്‍ അത് അഹമ്മദാബാദിലാണെന്നും അവിടെയാണ് ട്രംപ് ആദ്യം എത്തുന്നത് എന്നും സാംമ്‌നയില്‍ പറയുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തേക്കാള്‍ അവിടെ ചര്‍ച്ചയാവുന്നത് അദ്ദേഹം യാത്ര ചെയ്യുന്ന സ്ഥലങ്ങളില്‍ ചേരികള്‍ മറക്കുന്നതിനായി മതില്‍ പണിതതാണ്. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ട്രംപ് ചര്‍ച്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് നമ്മുടെ ആഭ്യന്തര വിഷയമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളാണ് ഇന്ത്യ ഭരിക്കുന്നത് അതില്‍ പുറത്തുള്ള ഒരാളുടെ കൈകടത്തല്‍ ആവശ്യമില്ല.’ എഡിറ്റോറിയലില്‍ വിശദീകരിക്കുന്നു.
ഇന്നാണ് ട്രംപ് ഇന്ത്യ സന്ദര്‍ശനത്തിന് എത്തുന്നത്. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത്. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പരിപാടിയ്ക്കായി 85 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്നും എടുത്തത്.
ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം ആഗ്രയിലേക്ക് തിരിക്കും. യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ കൂടെയാണ് ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കുക.
മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഞായറാഴ്ച്ച മുതല്‍ യു.എസ് സംഘം ഏറ്റെടുത്തു. ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
