ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്‍ നരകം കാണും; അല്ലാഹുവിന് സ്തുതിക്കൊപ്പം അസഭ്യവും തെറിവിളിയുമായി വീണ്ടും ട്രംപിന്റെ ഭീഷണി
World News
ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്‍ നരകം കാണും; അല്ലാഹുവിന് സ്തുതിക്കൊപ്പം അസഭ്യവും തെറിവിളിയുമായി വീണ്ടും ട്രംപിന്റെ ഭീഷണി
ആദര്‍ശ് എം.കെ.
Sunday, 5th April 2026, 8:42 pm

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ അതിശക്തമായ സൈനിക നടപടികള്‍ നേരിടേണ്ടി വരുമെന്നും അത് നരകതുല്യമായിരിക്കുമെന്നുമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലെഴുതിയത്.

ഇറാനിലെ പവര്‍ പ്ലാന്റുകളെയും പാലങ്ങളെയും ലക്ഷ്യമിട്ടായിരിക്കും തന്റെ അടുത്ത നീക്കമെന്ന സൂചനയും ട്രംപ് പോസറ്റില്‍ നല്‍കി.

‘ചൊവ്വാഴ്ച ഇറാനിലെ പവര്‍ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും. അതുപോലൊന്ന് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല! ആ വൃത്തികെട്ട കടലിടുക്ക് തുറക്കുക, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ കഴിയേണ്ടി വരും. കണ്ടോളൂ! അള്ളാഹുവിന് സ്തുതി’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.

കഴിഞ്ഞ ദിവസം 48 മണിക്കൂറിനകം ഹോര്‍മുസ് തുറക്കണമെന്ന് ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു.

‘സമയം അതിക്രമിച്ചിരിക്കുന്നു ഇറാനുമേല്‍ നരകം വര്‍ഷിക്കാന്‍ ഇനി 48 മണിക്കൂര്‍ മാത്രം’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി.

ഇറാനിയന്‍ മലനിരകള്‍ക്കുള്ളില്‍ കുടുങ്ങിയ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തിയ വിവരവും ട്രംപ് പങ്കുവെച്ചു. ഈ ആഴ്ച ആദ്യം ഇറാന്റെ വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ട എഫ്-15 (എ15) യുദ്ധവിമാനത്തിലെ പൈലറ്റിനെയാണ് അമേരിക്കന്‍ സൈന്യം കണ്ടെത്തിയത്

‘ഇറാനിയന്‍ സൈന്യം വലിയ തോതില്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഞങ്ങള്‍ ആ കേണലിനെ മലനിരകള്‍ക്കുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇത്തരമൊരു ദൗത്യം അപകടസാധ്യതകള്‍ കാരണം അപൂര്‍വമായി മാത്രമേ സംഭവിക്കാറുള്ളൂ,’ ട്രംപ് പറഞ്ഞു.

വിഷയത്തില്‍ തിങ്കളാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍ ട്രംപിന്റെ ഭീഷണികളെ പൂര്‍ണമായും തള്ളുന്നതായിരുന്നു ഇറാന്റെ പ്രതികരണം. ട്രംപിന്റെ വാക്കുകള്‍ ‘സഹായമില്ലാത്ത, പരിഭ്രാന്തനായ, തീര്‍ത്തും സന്തുലനം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ വിഡ്ഢിത്തം’ ആണെന്ന് ഇറാന്‍ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡിലെ ജനറല്‍ അലി അബ്ദുള്ളാഹി അലിയാബാദി വിശേഷിപ്പിച്ചു

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് ശേഷം തങ്ങള്‍ പറഞ്ഞ ഓരോ വാക്കും പാലിച്ചിട്ടുണ്ടെന്നും നരകവാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘ശത്രുക്കളുടെ ഭാഗത്ത് നിന്നുള്ള ഏത് ആക്രണവും ഭീകരവാദിയായ അമേരിക്കന്‍ ഭരണകൂടവും സയണിസ്റ്റ് ഭരണകൂടവും ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുളള വിനാശകരവും സുസ്ഥിരവുമായ ആക്രമണങ്ങള്‍ക്ക് കാരണമാവും,’ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ദേശീയ ആസ്തികള്‍ കാത്തിസൂക്ഷിക്കുന്നതിലും സായുധ സേന ഒരു നിമിഷം പോലും മടിക്കില്ലെന്നും ഓരോ അക്രമിയേയും അവരുടെ സ്ഥാനത്തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content highlight: Donald Trump threatens to open the Strait of Hormuz again

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.