വിശപ്പ് കൂടിയാല്‍ വട്ട് മൂക്കും; കൈയിലൊരു തോക്കും പിടിച്ച് വീല്‍ചെയറിലൊരു വരവുണ്ട്... ബാലന്‍ കണ്ടവരുടെ മനസ് നിറച്ച അമ്മാമ്മ
Malayalam Cinema
വിശപ്പ് കൂടിയാല്‍ വട്ട് മൂക്കും; കൈയിലൊരു തോക്കും പിടിച്ച് വീല്‍ചെയറിലൊരു വരവുണ്ട്... ബാലന്‍ കണ്ടവരുടെ മനസ് നിറച്ച അമ്മാമ്മ
അമര്‍നാഥ് എം.
Sunday, 21st June 2026, 8:47 pm

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് കണ്ണുംപൂട്ടി വിശേഷിപ്പിക്കാവുന്ന ഒന്നാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വന്‍ വിജയത്തിന് ശേഷം ചിദംബരം അണിയിച്ചൊരുക്കിയ ചിത്രം പലരുടെയും മനസ് നിറച്ച സിനിമാനുഭവമായി മാറി. പല നാടുകളില്‍ പല പേരുകളില്‍ ജീവിക്കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയാണ് ബാലന്‍ പറയുന്നത്.

ഒരുപിടി പുതുമുഖങ്ങളെ ഈ സിനിമയിലൂടെ ചിദംബരം മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അമ്മയും മകനുമടക്കം പലരും പുതുമുഖങ്ങളാണ്. നാലായിരത്തിലധികം ആളുകളെ ഓഡിഷന്‍ ചെയ്തതിന് ശേഷമാണ് ഇവരെ ലഭിച്ചത്. ആദിശേഷനും ഫര്‍സാന പാലത്തിങ്കലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബാലന്‍ Photo: Screen grab/ Zee Music

ഇമോഷണല്‍ ഡ്രാമയായി കഥപറഞ്ഞ ചിത്രത്തില്‍ അവിടവിടായി കോമഡിയുമുണ്ട്. ആദ്യപകുതിയില്‍ വളരെ കുറച്ച് നേരം മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട അമ്മാമ്മയുടെ കഥാപാത്രം പ്രേക്ഷകരില്‍ ചിരിയും സംതൃപ്തിയും നല്‍കുന്ന ഒന്നാണ്. പുതുമുഖമായ ഡോളി ജൂണാണ് അമ്മാമ്മയായി വേഷമിട്ടത്. ആരോടും പെട്ടെന്ന് അടുക്കാത്ത പരുക്കന്‍ സ്വഭാവത്തിന് ഉടമയാണ് ഈ അമ്മാമ്മ.

അളന്നുമുറിച്ച ഡയലോഗും ചില പ്രത്യേക നോട്ടങ്ങളും കൊണ്ട് കൈയടി നേടാന്‍ ഡോളി ജൂണിന് സാധിച്ചിട്ടുണ്ട്. ആദ്യസീനില്‍ തന്നെ ഈ കഥാപാത്രം എങ്ങനെയുള്ളയാളാണെന്ന് സംവിധായകന്‍ വരച്ചിട്ടിട്ടുണ്ട്. വീട്ടിലേക്ക് കയറിവന്ന ഷെര്‍ളിയെയും മകനെയും ഗണ്‍ പോയിന്റില്‍ നിര്‍ത്തി ‘എനിക്ക് വിശക്കുന്നുണ്ട്, വല്ലതും ഉണ്ടാക്കി താ. വിശപ്പ് കൂടിയാല്‍ വട്ട് മൂക്കും’ എന്നാണ് അമ്മാമ്മ പറയുന്നത്.

ഡോളി ജൂണ്‍ Photo: Movie Street/ Facebook

പറമ്പില്‍ കയറുന്നവരെ കൈയിലുള്ള തോക്ക് പൊട്ടിച്ച് പേടിപ്പിക്കുന്നയാളാണ് അമ്മാമ്മ. ഓട്ടോമാറ്റിക് വീല്‍ ചെയര്‍ സൂപ്പര്‍കാര്‍ പോലെ ഓടിച്ച് നടക്കുന്ന അമ്മാമ്മ കൈയടി നേടുന്നുണ്ട്. തുടക്കത്തില്‍ അമ്മയോടും മകനോടും അത്ര അടുക്കാത്ത അമ്മാമ്മ പിന്നീട് അവരുമായി അടുക്കുന്ന സീനുകളും ആ സമയത്തെ ഡയലോഗുകളും മനസിനെ വല്ലാതെ സ്പര്‍ശിക്കുന്ന ഒന്നാണ്.

സ്വന്തം മകനോട് വര്‍ഷങ്ങളായി സംസാരിക്കാത്ത ആളാണ് ഈ അമ്മാമ്മ. അതിനുള്ള കാരണം പറയുന്നതും മികച്ച സീനായിരുന്നു. ഈയടുത്ത് കണ്ടതില്‍ വെച്ച് മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബാലനിലെ അമ്മാമ്മ എന്ന് സംശയമില്ലാതെ പറയാനാകും. ഇത്രയും ഗംഭീര ആര്‍ട്ടിസ്റ്റിനെ കണ്ടെത്തിയ ഗണപതി എന്ന കാസ്റ്റിങ് ഡയറക്ടര്‍ക്കും പ്രത്യേക കൈയടി.

Content Highlight: Dolly June’s performance in Balan movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം