ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കാളികളായി ഡി.എം.കെ അടക്കമുള്ള പാര്‍ട്ടികള്‍. 150ഓളം വരുന്ന പ്രതിപക്ഷ എം.പിമാരുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് ഗ്യാനേഷിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. കോണ്‍ഗ്രസ്, സി.പി.ഐ.എം, എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യ മുന്നണി പാര്‍ട്ടികളുടെ എം.പിമാര്‍ക്കൊപ്പം ഡി.എം.കെ എം.പിമാരും പ്രതിഷേധത്തില്‍ പങ്കാളികളായി.

ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്ന് (ഒക്ടോബര്‍ ആറ്, ചൊവ്വ) മാര്‍ച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഡി.എം.കെ അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ എം.പിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. കനി മൊഴി അടക്കമുള്ള ഡി.എം.കെ എം.പിമാരാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്.

ഈ വര്‍ഷം നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ഡി.എം.കെയും തമ്മില്‍ ഭിന്നതകളുണ്ടാവുകയും ഡി.എം.കെ ഇന്ത്യ മുന്നണി വിടുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ടി.വി.കെ സര്‍ക്കാരില്‍ കോണ്‍ഗ്രസ് പങ്കാളികളായതിനെ തുടര്‍ന്നായിരുന്നു ഡി.എം.കെ മുന്നണി വിട്ടത്. പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലാതെ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാനും ഡി.എം.കെ തീരുമാനിച്ചിരുന്നു.

ഡി.എം.കെ എന്‍.ഡി.എയുടെ ഭാഗമാകും എന്നതടക്കമുള്ള അഭ്യൂഹങ്ങളും സമീപ കാലത്ത് പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഡി.എം.കെയും പങ്കാളികളായിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്ന് (ഒക്ടോബര്‍ ആറ്, ചൊവ്വ) നടന്ന പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും എസ്.പിക്കും ഇടയില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് രാഹുലും അഖിലേഷും ഒരുമിച്ച് ഈ പ്രതിഷേധത്തിന്റെ മുന്‍ നിരയിലെത്തുന്നത്.

പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വസതിയുടെ അടുത്ത് എത്തിയപ്പോള്‍ പൊലീസ് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് എം.പിമാരുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ എസ്.ഐ.ആര്‍ നടപടി പിന്‍വലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത്.
പ്രതിപക്ഷ മാര്‍ച്ചിന് മുന്നോടിയായി ന്യൂദല്‍ഹിയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിരുന്നു

പാര്‍ലമെന്റിലെ ‘മകര്‍ ദ്വാര്‍’ മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് വരെയുള്ള പാതയില്‍ പ്രാദേശിക പൊലീസിനൊപ്പം അര്‍ദ്ധസൈനിക വിഭാഗത്തിന്റെ അഞ്ച് കമ്പനികളിലധികം സേനയെ വിന്യസിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന കവാടത്തിന് പുറത്തും ജന്തര്‍ മന്തറിന് ചുറ്റും പല തലങ്ങളിലുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയില്‍ സെക്ഷന്‍ 163 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ടെന്നും കൂട്ടംകൂടാന്‍ അനുവാദമില്ലെന്നും പൊലീസ് പ്രഖ്യാപിച്ചിരുന്നു.

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച്. ഒക്ടോബര്‍ രണ്ട് മുതല്‍ ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ന്യൂദല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികയാണ്.ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടിയായ എ.എ.പിയും ഐസ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തില്‍ സജീവമാണ്.

കോക്രോച്ച് ജനത പാര്‍ട്ടിയും ഗ്യാനേഷിന്റെ രാജിക്കായി ദല്‍ഹിയിലടക്കം പ്രതിഷേധം ശക്തമാക്കുകയാണ്. ഈ മാസം 10ന് ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. മുംബൈ ശിവാജി പാര്‍ക്കില്‍ ഈ മാസം രണ്ടിന് സി.ജെ.പി ഈ വിഷയത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ നാല് ദിവസമായി ജന്തര്‍ മന്തറില്‍ ഐസ, എ.ഐ.എസ്.എഫ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടരുന്നുണ്ട്. ഗ്യാനേഷിന്റെ രാജി അടക്കമുള്ള ആവശ്യങ്ങള്‍ക്കായി രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് ദല്‍ഹിയില്‍ വമ്പന്‍ റാലിയും മുന്നണി പ്രഖ്യാപിച്ചിരുന്നു. എസ്.ഐ.ആര്‍ വിഷയത്തില്‍ ഇന്ത്യ സഖ്യനേതാക്കള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlight: DMK MP’s at Opposition March Demanding Resignation of Gyanesh and Freezing of SIR