2018 കരിയറിലെ നാല് വര്‍ഷമാണ് കൊണ്ടുപോയത്; പക്ഷേ അതിന് ശേഷം സംഭവിച്ചത് അവിശ്വസിനീയമായ കാര്യങ്ങള്‍: ജൂഡ് ആന്തണി
Malayalam Cinema
2018 കരിയറിലെ നാല് വര്‍ഷമാണ് കൊണ്ടുപോയത്; പക്ഷേ അതിന് ശേഷം സംഭവിച്ചത് അവിശ്വസിനീയമായ കാര്യങ്ങള്‍: ജൂഡ് ആന്തണി
ആര്യ.പി
Monday, 3rd August 2026, 12:05 pm

2018 എന്ന സിനിമയെ കുറിച്ചും ആ സിനിമയ്ക്ക് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ തുടക്കം എന്ന സിനിമയുടെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് 2018 നെ കുറിച്ചും മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള ഒസ്‌കര്‍ എന്‍ട്രിയായി ചിത്രം തെരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചുമൊക്കെ ജൂഡ് സംസാരിക്കുന്നത്.

2018 എന്ന സിനിമയ്ക്കായി തന്റെ കരിയറിലെ നാല് വര്‍ഷമാണ് മാറ്റിവെക്കേണ്ടി വന്നതെന്നും എന്നാല്‍ അതിന് ശേഷം സംഭവിച്ചതെല്ലാം അവിശ്വസിനീയമായ കാര്യങ്ങളായിരുന്നെന്നും ജൂഡ് പറഞ്ഞു.

‘2018 എന്ന സിനിമ ഞങ്ങള്‍ 2019-ല്‍ തന്നെ പ്ലാന്‍ ചെയ്തിരുന്നു. ടൊവിനോ ഉള്‍പ്പെടുന്ന ചില ഭാഗങ്ങളും ഇന്റര്‍വെല്‍ സീക്വന്‍സും ഉള്‍പ്പെടുത്തി ഏകദേശം 13 ദിവസത്തെ ഷൂട്ടിങ്ങും കഴിഞ്ഞു.

അതിന് ശേഷം 2020 മെയ് മാസത്തില്‍ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് മാര്‍ച്ച് മാസത്തില്‍ ലോക്ക്ഡൗണ്‍ വരുന്നത്. അത് ഒരു തരത്തില്‍ എനിക്ക് ഗുണമായി മാറി. അതിന് ശേഷം ഏകദേശം രണ്ട് വര്‍ഷം ഞാന്‍ തിരക്കഥയില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്തു.

എല്ലാ ദിവസവും പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റ് തിരക്കഥ മാറ്റിയെഴുതുമായിരുന്നു. കൊവിഡ് കാലം കഴിഞ്ഞപ്പോഴേക്കും അതിന്റെ 12-ാമത്തെ ഡ്രാഫ്റ്റില്‍ എത്തിയിരുന്നു. കൊവിഡിന് മുമ്പ് പ്ലാന്‍ ചെയ്ത പല കാര്യങ്ങളും പിന്നീട് പ്രസക്തമല്ലാത്തതിനാല്‍ അതൊക്കെ മാറ്റി എഴുതി.

ഈ സിനിമ പൂര്‍ത്തിയാക്കാന്‍ ജീവിതത്തിലെ 4 വര്‍ഷങ്ങളാണ് എടുത്തത്. എന്നാല്‍ സിനിമ പിന്നീട് മലയാളത്തിലെ വലിയൊരു ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചു. ലോസ് ആഞ്ചലസില്‍ വെച്ച് സിനിമയെക്കുറിച്ച് ഒരുപാട് പേരോട് സംസാരിക്കാന്‍ സാധിച്ചത് ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാനുള്ള ഒരു അനുഭവമായി മാറി.

സിനിമയുടെ വലിയ വിജയത്തിന് ശേഷം രജനികാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി തുടങ്ങിയ ഇന്ത്യയിലെ വലിയ താരങ്ങള്‍ വിളിച്ച് അഭിനന്ദിച്ചു. അവരെയൊക്കെ നേരില്‍ കാണാന്‍ സാധിച്ചു. അതൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളായിരുന്നു. ആ സിനിമയ്ക്ക് ശേഷം സംഭവിച്ചതെല്ലാം അവിശ്വസിനീയമായ കാര്യങ്ങളായിരുന്നെന്ന് വേണമെങ്കില്‍ പറയാം,’ ജൂഡ് പറഞ്ഞു.

‘2018’ കേരളത്തിലെ ജനങ്ങളുമായി അത്രത്തോളം വൈകാരികമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നായതുകൊണ്ട് മലയാളി പ്രേക്ഷകരോടാണ് താന്‍ കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Director Jude Anthany Joseph about 2018 Movie

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.