ജാന്‍.എ.മന്‍, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ചെടുത്ത സംവിധായകനാണ് ചിദംബരം. 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സിലൂടെ മലയാളത്തിന് പുറത്തും ചിദംബരത്തിന് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ 240 കോടിയിലധികമായിരുന്നു സ്വന്തമാക്കിയത്.
ചിത്രത്തിനെക്കാള്‍ വലിയ ഹിറ്റായ ഗാനമായിരുന്നു വേടന്‍ എന്ന ആര്‍ട്ടിസ്റ്റ് നെയിമില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി വരികളെഴുതി ആലപിച്ച കുതന്ത്രം. തമിഴ്‌നാട്ടിലടക്കം വലിയ ഹിറ്റായ ഗാനം ചിത്രത്തിലേക്കെത്തിയതിനെ കുറിച്ച് സംവിധായകന്‍ ചിദംബരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പുതിയ ചിത്രം ബാലന്‍ ദി ബോയ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘വേടനെ കൊണ്ട് ഒരു പാട്ട് എഴുതിക്കണമെന്ന് എനിക്ക് ആദ്യമേ ആഗ്രഹമുണ്ടായിരുന്നു. വേടന്‍ തിരുവനന്തപുരത്ത് എന്റെ വീട്ടില്‍ വന്ന് താമസിക്കുകയെല്ലാം ചെയ്തിരുന്നു. കമ്മട്ടിപ്പാടത്തിന്റെ സമയത്താണ് ഞങ്ങള്‍ പരസ്പരം കാണുന്നത്. വേടന്റെ വോയിസ്‌ലെസെല്ലാം ഓഫ് ദി വോയിസെല്ലാം കേട്ടപ്പോള്‍ അവന്റെ വാക്കുകളുടെ പവര്‍ മനസിലായിരുന്നു. അങ്ങനെ ഞാന്‍ സുഷിനോട് ചിത്രത്തിലെ ആദ്യത്തെ പാട്ട് വേടനെ കൊണ്ട് ചെയ്യിച്ചാലോ എന്ന് ചോദിച്ചു. അവനും ഓക്കെയായപ്പോള്‍ വേടനെ വിളിച്ചു.
അവനോട് ആദ്യം പറഞ്ഞത് ഇത് നിന്നെ പറ്റിയല്ല, ഇത് മഞ്ഞുമ്മലിലെ കുറച്ച് പിള്ളേരെ പറ്റിയാണ് എന്നാണ്. ഇതാണ് സംഭവമെന്ന് പറയേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാട് വിശദീകരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം ഞങ്ങള്‍ രണ്ടാളും ആ ഒരു സ്‌പെയിസില്‍ നിന്നാണ് വരുന്നത്. അവര്‍ പെരിയാറില്‍ നീന്തി വളര്‍ന്നവരാണ് ഫ്രണ്ട്ഷിപ്പാണ് അവരുടെ ബോണ്ട്, ഇതെല്ലാം പറഞ്ഞ് കൊടുത്തു. ഇതെല്ലാം കേട്ട് മാറിയിരുന്ന് രണ്ട് ഡ്രാഫ്റ്റ് വേടന്‍ എഴുതി. അന്ന് വൈകുന്നേരം തന്നെ ട്യൂണും ചെയ്ത് ഒറ്റ ദിവസം കൊണ്ടാണ് കുതന്ത്രം ഉണ്ടായത്,’ ചിദംബരം പറഞ്ഞു.
Content Highlight: Director Chidambaram talks about vedan’s entry to manjummel boys to create kuthanthram song
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.