മോളിവുഡ് ടൈംസ് റിലീസിന് പിന്നാലെ വന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിന്റെ ലാഗ്. പലയിടങ്ങളിലും സിനിമ വലിച്ചുനീട്ടിയെന്നും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു.

സിനിമയ്ക്ക് വന്ന ഇത്തരം വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍നായിക്. സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ലാഗുള്ള കാര്യം താന്‍ മനസിലാക്കിയിരുന്നെന്നും അത് പരിഹരിക്കാന്‍ കുറേ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അഭിനവ് പറയുന്നു.

എഡിറ്റ് ചെയ്ത് ട്രിം ചെയ്യാന്‍ ശ്രമിക്കുംന്തോറും സിനിമ പ്രേക്ഷകര്‍ക്ക് മനസിലാകാത്ത രീതിയിലേക്ക് മാറുകയായിരുന്നെന്നും ലാഗായാലും വേണ്ടില്ല കഥ അവര്‍ക്ക് മനസിലാകട്ടെയെന്ന് കരുതിയാണ് ഈ രീതിയില്‍ തന്നെ ചിത്രം റിലീസ് ചെയ്തതെന്നും അഭിനവ് പറയുന്നു. ഷോസ്‌കേപ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭിനവ്.

‘ലാഗുണ്ടെന്ന കാര്യം റിലീസിന് മുന്‍പേ തന്നെ മനസിലായിരുന്നു. ഒരു പത്ത് മിനുട്ടോളം ഞങ്ങള്‍ ട്രിം ചെയ്യുകയും ചെയ്തു. പക്ഷേ അത് വര്‍ക്കാവുന്നില്ല. അത് വീണ്ടും കണ്‍ഫ്യൂസിങ് ആയി തുടങ്ങി.

അഭിനവ് സുന്ദര്‍ നായിക് Photo: The Showscape Journal

നമ്മള്‍ കാണിച്ച ആള്‍ക്കാര്‍ക്കൊന്നും സിനിമയുടെ കഥ മനസിലാകുന്നില്ല. ട്രിം ചെയ്യുമ്പോള്‍ കണക്ഷന്‍ വിട്ടുപോകുകയാണ്. ഇപ്പോള്‍ അറ്റ് ലീസ്റ്റ് ആള്‍ക്കാര്‍ക്ക് കഥ മനസിലാകുന്നുണ്ടല്ലോ.

ട്രിം ചെയ്യുമ്പോള്‍ കണക്ഷന്‍ കിട്ടാതെ ജമ്പ് അടിക്കുകയാണ്. നമ്മള്‍ കുറേ നോക്കിയിരുന്നു എഡിറ്റിലുള്ള ഇഷ്യു അല്ല. കുറേ എഡിറ്റ് ചെയ്ത് നോക്കിയിരുന്നു. അപ്പോഴൊക്കെ പടം വീണ്ടും പ്രശനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് നമ്മള്‍ക്ക് ഈയൊരു വേര്‍ഷന്‍ തന്നെ ഓഡിയന്‍സിന് കൊടുക്കുന്നതാവും നല്ലത് എന്ന് തോന്നി. ലാഗുണ്ടെങ്കിലും മനസിലാകുമല്ലോ എന്ന് തോന്നി. അങ്ങനെയാണ് ഈ രീതിയില്‍ ഇറക്കിയത്,’ അഭിനവ് പറഞ്ഞു.

മോളിവുഡ് ടൈംസ് Photo: x.com

ഇങ്ങനെയാരു ലാഗ് റൈറ്റിങ് പ്രോസസില്‍ മനസിലായിരുന്നോ എന്ന ചോദ്യത്തിന് അത് ആ സമയത്ത് തന്നെ സോള്‍വ് ചെയ്യേണ്ടതായിരുന്നു എന്നായിരുന്നു അഭിനവ് നല്‍കിയ മറുപടി.

എഴുത്തിന്റെ സമയത്ത് ഞാന്‍ ഒന്നുകൂടി ഇരുന്നിരുന്നെങ്കില്‍ അത് സോള്‍വ് ആകുമായിരുന്നു. പൂര്‍ണമായും അത് എന്റെ തെറ്റ് തന്നെയായിരുന്നു. ചെറിയ ഒരു ഇരുത്തത്തില്‍ തന്നെ ശരിയാകുമായിരുന്നു. പോസ്റ്റ് പ്രൊഡക്ഷനില്‍ നമുക്ക് ഒന്നും ചെയ്യാനാവില്ല. റൈറ്റിങ്ങില്‍ തന്നെ ചെയ്യേണ്ടിയിരുന്നു, അഭിനവ് പറഞ്ഞു.

Content Highlight: Director Abhinav Sundar Naik about Mollyood Times Movie Lag