ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ 47 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇത് ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണ്. ഇതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമതായി എത്താനും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചിരിക്കുകയാണ്.

ചിന്നസ്വാമിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് ആണ് ടീം സ്‌കോര്‍ ചെയ്തത്. വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ക്യാപിറ്റല്‍സ് 19.1 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് രജത് പാടിദാര്‍ ആണ്. 32 പന്തില്‍ നിന്ന് 3 സിക്‌സറും ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം ടീമിന് വേണ്ടി കാഴ്ചവച്ചത്. ഐ.പി.എല്ലില്‍ 250 മത്സരം തികക്കാന്‍ എത്തിയ വിരാട് കോഹ്‌ലിക്ക് 13 പന്തില്‍ നിന്ന് മൂന്ന് അടക്കം 27 റണ്‍സ് നേടാന്‍ സാധിച്ചു.

എന്നാല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ആര്‍.സി.ബി താരം ദിനേശ് കാര്‍ത്തിക് ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ കുല്‍ദീപ്‌ന് ക്യാച്ച് കൊടുത്ത് മടങ്ങുകയായിരുന്നു. രണ്ട് പന്ത് കളിച്ച് പൂജ്യം റണ്‍സിനാണ് ദിനേശ് പുറത്തായത്. ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡക്ക് ആവുന്ന മോശം റെക്കോഡാണ് താരം സ്വന്തമാക്കിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡക്ക് ആവുന്ന താരം, എണ്ണം

 

ദിനേശ് കാര്‍ത്തിക് – 18*

രോഹിത് ശര്‍മ – 17

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 17

സുനില്‍ നരെയ്ന്‍ – 16

പിയൂഷ് ചൗള – 16

ശേഷം മികച്ച പ്രകടനം കാഴ്ചവെച്ചത് വില്‍ ജാക്‌സ് ആണ്. 29 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയാണ് ജാക്‌സ് പുറത്തായത്. കാമറൂണ്‍ ഗ്രീന്‍ 24ല്‍ നിന്ന് 32 റണ്‍സ് നേടി. മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ദല്‍ഹിക്ക് വേണ്ടി ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദ് റാസിഖ് സലാം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി യാഷ് ദയാല്‍ മൂന്ന് വിക്കറ്റുകളും ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

 

Content Highlight: Dinesh Kartik In Unwanted Record Achievement