വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയെ പ്രശംസിച്ച് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ദിനേശ് കാര്‍ത്തിക്. വേഗത്തില്‍ റണ്‍സ് നേടുന്നതിനൊപ്പം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതാണ് അഭിഷേക് ശര്‍മയെ മറ്റ് ചില താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് കാര്‍ത്തിക് പറഞ്ഞു. മാത്രമല്ല ലോക ക്രിക്കറ്റിലെ വന്‍ശക്തിയായി അഭിഷേക് വളര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വേഗത്തില്‍ റണ്‍സ് നേടുന്നതിനൊപ്പം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നു എന്നതാണ് അഭിഷേക് ശര്‍മയെ മറ്റ് ചില താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിലും എതിര്‍ ടീമുകളുടെ ബൗളിങ് നിരയെ നിരന്തരം സമ്മര്‍ദത്തിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അഭിഷേക് ശര്‍മ ബാറ്റിങ്ങിനായി ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ എതിര്‍ ടീമിന് പോലും ഭയമാണ്. തുടക്കത്തില്‍ തന്നെ വീഴ്‌ത്തേണ്ട നിര്‍ണായക വിക്കറ്റ് അദ്ദേഹത്തിന്റേതാണെന്ന് ടീമിന് അറിയാം. ഒരു ഓപ്പണര്‍ എന്ന നിലയില്‍ ലോക ക്രിക്കറ്റിലെ വന്‍ശക്തിയായി അഭിഷേക് ശര്‍മ വളര്‍ന്നുകഴിഞ്ഞു,’ ദിനേശ് കാര്‍ത്തിക് മത്സര ശേഷം പറഞ്ഞു.

അതേസമയം ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത് അഭിഷേക് ശര്‍മയാണ്. 30 പന്തില്‍ അഞ്ച് സിക്‌സറും ആറ് ഫോറും അടക്കം 69 റണ്‍സാണ് താരം നേടിയത്. 230.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അഭിഷേക്.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് അര്‍ഷ്ദീപ് സിങ്ങാണ്. മൂന്ന് വിക്കറ്റുകളാണ് ഇടംകയ്യന്‍ പേസര്‍ നേടിയത്. മത്സരത്തിലെ താരവും അര്‍ഷ്ദീപായിരുന്നു. നമന്‍ ധിര്‍ നിര്‍ണായകമായ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. ഒക്ടോബര്‍ 14നാണ് പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.

 

Content Highlight: Dinesh Karthik Praises Indian Star Batter Abhishek Sharma