[]ലഖ്‌നൗ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനില്‍ക്കേ ക്രിക്കറ്റില്‍ നിന്നും മറ്റൊരു രാഷ്ട്രീയ പ്രവേശനം കൂടി വാര്‍ത്തകളില്‍ നിറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജ്യേഷ്ഠ സഹോദരന്‍ നരേന്ദ്രസിങ് ധോണിയുടെ രാഷ്ട്രീയ പ്രവേശനമാണ് വാര്‍ത്തയായിരിക്കുന്നത്. നരേന്ദ്രസിങ് ധോണി  മുലായം സിങിന്റെ സമാജ്‌വാദി പാര്‍ട്ടിയിലാണ് ചേര്‍ന്നത്.

നരേന്ദ്രസിങിന്റെ താല്‍പര്യപ്രകാരമാണ് പാര്‍ട്ടി പ്രവേശനം. പാര്‍ട്ടി മേധാവി മുലായം സിങ് യാദവിനെ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍  നരേന്ദ്രസിങ് അനുവാദം ചോദിക്കുകയായിരുന്നുവെന്ന് എസ്.പി. വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.

നരേന്ദ്ര സിംഗിനെ മുലായം സിംഗ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. സമാജ് വാദ് പാര്‍ട്ടിയുടെ നയത്തിലും കര്‍മ്മപരിപാടികളിലും വിശ്വാസം പ്രകടിപ്പിച്ച നരേന്ദ്രസിങ് ജാര്‍ഖണ്ഡില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി കഴിഞ്ഞു.