'ധര്‍മേന്ദ്ര പ്രധാന്റെ രാജി അവസാനത്തേതല്ല ആദ്യപടിയാണ്'; യു.ജി.സി-നെറ്റ് പുനപരീക്ഷയില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
India
'ധര്‍മേന്ദ്ര പ്രധാന്റെ രാജി അവസാനത്തേതല്ല ആദ്യപടിയാണ്'; യു.ജി.സി-നെറ്റ് പുനപരീക്ഷയില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
അഞ്ജു ചന്ദ്രന്‍
Monday, 17th August 2026, 1:21 pm

ന്യൂദല്‍ഹി: നീറ്റ് പുനപരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ യു.ജി.സി-നെറ്റ് പരീക്ഷകള്‍ വീണ്ടും നടത്താനുള്ള നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സിയുടെ (എന്‍.ടി.എ) തീരുമാനത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിങ്ങളുടെ എന്‍.ടി.എ എന്താണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി തന്റെ എകസ് പോസ്റ്റിലൂടെ ചോദിച്ചു.

‘മോദി ജി… നിങ്ങളുടെ എന്‍.ടി.എ ഇപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ… ഏജന്‍സി തെറ്റായ ചോദ്യപേപ്പര്‍ നല്‍കിയതിനാല്‍ സെപ്തംബറില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വീണ്ടും പരീക്ഷയെഴുതാന്‍ നിര്‍ബന്ധിതരാക്കി,’ രാഹുല്‍ പറഞ്ഞു.

എന്‍.ടി.എ ചെയ്യുന്ന തെറ്റുകാരണം വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലാകുന്നത് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘വര്‍ഷങ്ങളായി തയ്യാറെടുക്കുകയും, ഫോമുകള്‍ പൂരിപ്പിക്കുകയും, ഫീസ് അടയ്ക്കുകയും, വിദൂര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഇപ്പോള്‍ സെപ്റ്റംബറില്‍ എല്ലാം വീണ്ടും ചെയ്യണം. എന്‍.ടി.എ തെറ്റ് ചെയ്യുന്നു, പക്ഷേ വിദ്യാര്‍ത്ഥികള്‍ ശിക്ഷ അനുഭവിക്കുന്നു,’ ഗാന്ധി പറഞ്ഞു.

‘എന്‍.ടി.എ ഇപ്പോഴും യഥാര്‍ത്ഥ ചോദ്യത്തിന് ഉത്തരം നല്‍കുന്നില്ല. പരീക്ഷയ്ക്ക് മുമ്പ് ഈ ചോദ്യപേപ്പറുകള്‍ ചോര്‍ന്നോ? മോദി സര്‍ക്കാരിന്റെ മറ്റ് എല്ലാ വിഭാഗങ്ങളെയും പോലെ എന്‍.ടി.എ ഒരിക്കലും അത് അവരുടെ തെറ്റാണെന്ന് പറയുന്നില്ല,’ അദ്ദേഹം എക്‌സില്‍ കുറിച്ചു.

എന്‍.ടി.എ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

‘ഒരു പരീക്ഷപോലും നടത്താന്‍ കഴിയാത്ത ഒരു സംവിധാനം മോദി സൃഷ്ടിച്ചു. എന്നിട്ട് കുറ്റം മുഴുവന്‍ ആ സംവിധാനത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമാണ്. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആദ്യ പടിയായിരുന്നു അവസാനത്തേതല്ല… എന്‍.ടി.എ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം,’ രാഹുല്‍ പറഞ്ഞു.

ചോദ്യക്കടലാസുകളില്‍ വ്യാപകമായ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.ജി.സി-നെറ്റ് പരീക്ഷയിലെ മൂന്ന് വിഷയങ്ങളില്‍ പുനപരീക്ഷ നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി തീരുമാനിച്ചത്. ജൂണില്‍ നടന്ന 87 വിഷയങ്ങളിലെ പരീക്ഷകളില്‍ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുക.

മൂന്ന് വിഷയങ്ങളിലെയും ചോദ്യക്കടലാസുകളില്‍ പിഴവുകളുണ്ടെന്ന പരാതികളെ തുടര്‍ന്ന് എന്‍.ടി.എ. പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പരിശോധനയില്‍ ചോദ്യക്കടലാസുകളില്‍ വ്യാപകമായ പിശകുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനപരീക്ഷയ്ക്ക് ശുപാര്‍ശ നല്‍കിയത്.

ചോദ്യങ്ങളുടെ ആവര്‍ത്തനം, പേരുകളിലെ തെറ്റുകള്‍, വ്യാകരണ പിശകുകള്‍, ചിഹ്നങ്ങളിലെ തെറ്റുകള്‍, ആശയങ്ങള്‍ക്ക് വിപരീദമായ പദപ്രയോഗങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. പ്രമുഖ സോഷ്യോളജിസ്റ്റ് റിറ്റ്സറിന്റെ പേര് പുറ്റ്സര്‍ എന്നും ഇന്ത്യന്‍ സോഷ്യോളജിസ്റ്റ് എ.ആര്‍. ദേശായിയുടെ പേര് എ.കെ. ദേശായി എന്നും തെറ്റായി നല്‍കിയിരുന്നു. പുസ്തകങ്ങളുടെയും രചയിതാക്കളുടെയും പേരുകളിലും ഗുരുതരമായ പിശകുകള്‍ സമിതി കണ്ടെത്തിയിരുന്നു.

പിഴവുകളുള്ള ചോദ്യങ്ങള്‍ മാത്രം ഒഴിവാക്കി പ്രശ്നം പരിഹരിക്കാനാകില്ലെന്ന് സമിതി തീരുമാനിച്ചതോടെയാണ് മൂന്ന് വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്തുന്നത്. പരീക്ഷകള്‍ നീതിയുക്തവും കൃത്യവും സുതാര്യവുമായി നടത്താന്‍ എന്‍.ടി.എയ്ക്ക് ഉത്താരവാദിത്വമുണ്ടെന്നും ടി.ഒ.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. റദ്ദാക്കിയ മൂന്ന് വിഷയങ്ങളിലെ പുനപരീക്ഷ മറ്റ് 84 വിഷയങ്ങളുടെ ഫലപ്രഖ്യാപനത്തെ ബാധിക്കില്ലെന്ന് എന്‍.ടി.എ. വ്യക്തമാക്കി.

Content Highlights: Dharmendra Pradhan’s resignation is not the end, but the first step”; Rahul Gandhi targets the Centre over the UGC-NET re-examination.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.